ഒരാഴ്ചക്കിടെ കേരളത്തിൽ ഹെൽമറ്റില്ലാ യാത്രയ്ക്ക് പിഴ ചുമത്തിയത് 2.5 കോടിയിലേറെ രൂപ; പ്രത്യേക പൊലിസ് ഡ്രൈവിന്റെ ഞെട്ടിക്കുന്ന കണക്കുകൾ
തിരുവനന്തപുരം: ഹെൽമറ്റ് ധരിക്കാത്തതു മൂലം ഉണ്ടായ അപകടങ്ങളിൽ നിരവധിപേർ മരിച്ച സംഭവത്തിന് പിന്നാലെ നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ കണ്ടെത്തിയത് 50,969 നിയമലംഘനങ്ങൾ. ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിക്കുന്നത് കണ്ടെത്താൻ കേരള പൊലിസ് നടത്തിയ കർശന പരിശോധനയിലാണ് ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നത്. ഇക്കാലയളവിൽ 2,55,97,600 രൂപ പിഴയായി ചുമത്തി.
ഒരാഴ്ച നീണ്ടുനിന്ന ഹെൽമെറ്റ് ഓൺ- സേഫ് റൈഡ് എന്ന സ്പെഷ്യൽ ഡ്രൈവായാണ് ട്രാഫിക് ആൻ്റ് റോഡ് സേഫ്റ്റി മാനേജ്മെൻ്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായാണ് പരിശോധന നടന്നത്. 1,19,414 ഇരുചക്ര വാഹനങ്ങളാണ് ഒരാഴ്ചയ്ക്കുള്ളിൽ പരിശോധിച്ചത്. ഇതിൽ 50,969 നിയമലംഘനങ്ങൾ കണ്ടെത്തി.
ഹെൽമറ്റ് ധരിക്കാത്തതു മൂലം ഉണ്ടായ അപകടങ്ങളിൽ 2026 ജനുവരി 11, 12 തീയതികളിൽ മാത്രം 11 പേരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. ഈ സാഹചര്യം കണക്കിലെടുത്താണ് സ്പെഷ്യൽ ഡ്രൈവ് നടത്തിയത്. റോഡപകടങ്ങൾ കുറയ്ക്കുന്നതിനും ഹെൽമറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനുമാണ് സ്പെഷ്യൽ ഡ്രൈവ് സംഘടിപ്പിച്ചത്
എന്നാൽ, വ്യാപക നിയമലംഘനങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ വരും ദിവസങ്ങളിലും നിരന്തര പരിശോധന തുടരാൻ ഐ.ജി നിർദ്ദേശം നൽകിയിട്ടുണ്ട്. ഹൈവേ പട്രോളിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിലാകും പരിശോധന. നിയമലംഘനം ആവർത്തിക്കുന്നവർക്കെതിരെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ ഉണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."