കേരളം വളർച്ചയുടെ പാതയിലെന്ന് സാമ്പത്തിക സർവേ റിപ്പോർട്ട്; ജി.എസ്.ഡി.പിയിൽ 6.19 ശതമാനം വളർച്ച
തിരുവനന്തപുരം: കേരളം വളർച്ചയുടെ പാതയിലാണെന്നും 2024-25 സാമ്പത്തിക വർഷം മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ (ജി.എസ്.ഡി.പി) 6.19 ശതമാനം വളർച്ച നേടിയെന്നും വ്യക്തമാക്കി സാമ്പത്തിക സർവേ റിപ്പോർട്ട്. 6.45 ലക്ഷം കോടി രൂപയിൽ നിന്ന് 6.85 ലക്ഷം കോടി രൂപയായാണ് വർധന. ഉയർന്ന പ്രതിശീർഷ ജി.എസ്.ഡി.പിയുള്ള മികച്ച പത്തു സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നും ബജറ്റിന് മുന്നോടിയായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ വച്ച സാമ്പത്തിക സർവേ റിപ്പോർട്ടിൽ പറയുന്നു.
പ്രതിശീർഷ ജി.എസ്.ഡി.പി സ്ഥിരവിലയിൽ 2023-24 ലെ 1.79 ലക്ഷം രൂപയിൽനിന്ന് 1.90 ലക്ഷം രൂപയായി ഉയർന്നു. ഇതില്‍ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 5.67 ശതമാനം വളർച്ച രേഖപ്പെടുത്തി. കേരളത്തിലെ ഒരു വ്യക്തിയുടെ ശരാശരി വരുമാനം ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്. ജി.എസ്.ഡി.പിയുടെ മേഖലതിരിച്ചുള്ള കണക്കുകളില്‍ സേവനമേഖലയാണ് മുന്നിൽ നിൽക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
സംസ്ഥാനത്തിന്റെ തനതു വരുമാനം കൂടുന്നതായും പൊതുകടം കുറയുന്നതായും റിപ്പോർട്ടിലുണ്ട്. 2020-21ൽ കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ജി.എസ്.ഡി.പി പൊതുകടം 38.87 ശതമാനമായിരുന്നു. എന്നാൽ, പിന്നീടത് കുറഞ്ഞു. 2024-25ൽ 34.87 ശതമാനമാണ്. തനതുവരുമാനം 2021-22 മുതൽ 2024-25 വരെയുള്ള കാലയളവിൽ തൊട്ടുമുമ്പത്തെ സമാന കാലയളുമായി താരതമ്യം ചെയ്യുമ്പോൾ 42.93 ശതമാനമാണ് വളർന്നത്.
2016-17ൽ നോട്ട് നിരോധനം, 2017-18ലെ ജി..എസ്.ടി ഏർപ്പെടുത്തൽ, 2019-20ലെ പ്രകൃതിദുരന്തം, 2020-21ലെ കൊവിഡ്, 2022-23ൽ കേന്ദ്രസർക്കാർ കടമെടുപ്പിൽ ഏർപ്പെടുത്തിയ നിയന്ത്രണം, റഷ്യ-ഉക്രൈൻ യുദ്ധം, മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ, 2024-25ലെ മുണ്ടക്കൈ-ചൂരൽമല ദുരന്തം, കഴിഞ്ഞവർഷം പ്രഖ്യാപിച്ച ജി.എസ്.ടി സ്ലാബ് പരിഷ്കരണം എന്നിവ സംസ്ഥാനത്തിന്റെ സാമ്പത്തികഞെരുക്കം കൂടുതൽ കടുപ്പിച്ചുവെന്നും കേന്ദ്രസർക്കാരിന്റെ ഗ്രാന്റ് 42.33 ശതമാനം കുറഞ്ഞത് തിരിച്ചടിയായെന്നും റിപ്പോർട്ടിൽ പറയുന്നു.
economic survey report stated that kerala is on a path of growth and achieved a 6.19 percent growth in gross state domestic product (gsdp) in the 2024–25 financial year
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."