നൂറ്റാണ്ടിന്റെ പ്രയാണ പഥത്തില്‍ സൂര്യശോഭയോടെ; ചരിത്ര സംഗമത്തിന് കാതോര്‍ത്ത് കുണിയ
കുണിയ: അറേബ്യന്‍ വാസ്തുശില്‍പ ചാതുരിയില്‍ മകുടം ചാര്‍ത്തി കുണിയുടെ നീലാകാശത്തിനു താഴെ ഉയര്‍ന്നു നില്‍ക്കുന്ന മിനാരങ്ങളുടെ സ്നേഹ വിശാലയതിലേക്ക് തുറന്നിട്ട കവാടം ചരിത്രസംഗമത്തിന് സാക്ഷിയാകാന്‍ ഇനി മൂന്നു നാള്‍ കൂടി. ഇത് കേവലം ഒരു മത സംഘടനയുടെ വാര്‍ഷികാഘോഷമല്ല, മറിച്ച് വര്‍ത്തമാനകാലത്തെ കലുഷിത സാഹചര്യങ്ങളില്‍ മുസ്ലിം സമൂഹത്തിന് ദിശാബോധം നല്‍കിവരുന്ന സമസ്ത എന്ന ഇന്ത്യയിലെ ഏറ്റവും വലിയ മഹാ പ്രസ്ഥാനത്തിന്റെ കരുത്തുറ്റ സാന്നിധ്യം കൂടിയാണ്. ഒരു നൂറ്റാണ്ടിന്റെ പ്രയാണപഥത്തില്‍ സൂര്യശോഭയോടെ സമസ്ത നൂറാം വാര്‍ഷികാഘോഷത്തിന് കുണിയില്‍ തുടക്കമാകുന്നു.
ആത്മീയതയുടെയും അറിവിന്റെയും തൂലിക കൊണ്ട് കേരളീയ മുസ്ലിം ചരിത്രത്തില്‍ സുവര്‍ണാധ്യായം രചിച്ച സമസ്തയുടെ ഒരു നൂറ്റാണ്ടിന്റെ ഗാഥകള്‍ പറയാനൊരുങ്ങിയ കാസര്‍കോട് കുണിയ ഗ്രാമവും ഇനി ചരിത്രത്തില്‍ രേഖപ്പെടുത്തും.
കാഴ്ചയുടെ വിസ്മയം തീര്‍ക്കുന്ന ഗ്ലോബല്‍ എക്സ്പോ പവലിയനുകളാണ് ഇന്നലെ മുതല്‍ തുറന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ വനിതകളുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഗ്ലോബല്‍ എക്സ്പോയിലേക്ക് ആദ്യദിനംതന്നെ അഷ്ടദിക്കില്‍നിന്നും ഒഴുകിയെത്തിയ ആയരങ്ങളാല്‍ ജനനിബിഡമായി. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ നിന്നും കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നുമായി പുലര്‍ച്ചെ മുതല്‍ എത്തിയ സ്ത്രീകളും കുട്ടികളുമായി ആയിരങ്ങളാണ് മണിക്കൂറുകള്‍ കൊണ്ട് പവലിയനിലെത്തിയത്. ഓരോരുത്തര്‍ക്കും പ്രത്യേക സ്ലോട്ട് അനുവദിച്ച് നല്‍കിയിരുന്നുവെങ്കിലും പ്രദേശത്തേക്ക് ഒഴുകിയെത്തിയവരെ നിയന്ത്രിക്കാനും ഏറെ പാടുപെടേണ്ടി വന്നു. തിങ്കളാഴ്ച മുതല്‍ സമാപന ദിവസം വരെ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത പുരുഷന്മാര്‍ക്ക് മാത്രമായി ഗ്ലോബല്‍ എക്സ്പോ പരിമിതിപ്പെടുത്തും.
ബുധനാഴ്ച വൈകിട്ട് നാലിന് സമസ്തയുടെ നൂറ് കൊടി വാനിലേക്ക് ഉയരുന്നതോടെയാണ് നൂറാം വാര്‍ഷിക സമ്മേളനത്തിന് തുടക്കമാവുക. തുടര്‍ന്ന് 10,000 പ്രബോധകര്‍ പങ്കെടുക്കുന്ന പഠന ക്യാംപ് ആരംഭിക്കും. ഗ്ലോബല്‍ എക്സ്‌പോയില്‍ നിന്ന് വിളിപ്പാടകലെയാണ് പഠന ക്യാംപ് സജ്ജീകരിച്ചിരിക്കുന്നത്. അറഫയിലെ മിനാ ടെന്റുകളെ ഓര്‍മപ്പെടുത്തുന്ന ഈ ശുഭ്രകൂടാരം സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
വെള്ളിയാഴ്ച വൈകിട്ട് 4ന് ജനറല്‍ ക്യാംപ് ആരംഭിക്കും. 33,313 അംഗങ്ങളാണ് ക്യാംപില്‍ സംബന്ധിക്കുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് ക്യാംപ് പൂര്‍ത്തിയാകും. വൈകിട്ട് നൂറാം വാര്‍ഷിക മഹാ സമ്മേളനം നടക്കും. കുണിയ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷനിലെ വിശാലമായ അങ്കണത്തിലാണ് സമാപന വേദി ഒരുക്കുന്നത്. ഒരേസമയം 1200 പേര്‍ക്ക് ഇരിക്കാവുന്ന വേദിയാണിത്. സമ്മേളനത്തിന്റെ മുന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സ്വാഗതസംഘം കോഡിനേറ്റര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍, ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ പാണക്കാട് സാബിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ പറഞ്ഞു.
ഫോട്ടോ പി.പി അഫ്താബ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."