പുതിയ ആർ.ആർ.ടി.എസ് അതിവേഗ പാതയുമായി സർക്കാർ; ദുരിതംപേറി സിൽവർലൈൻ പ്രദേശത്തെ ഭൂവുടമകൾ
തിരുവനന്തപുരം: പുതിയ ആർ.ആർ.ടി.എസ് അതിവേഗ പാത പ്രഖ്യാപിച്ച് സർക്കാർ മുന്നോട്ടുപോകുമ്പോൾ മുമ്പ് സിൽവർലൈൻ പദ്ധതിക്കായി കല്ലിട്ട പ്രദേശത്തെ ഭൂവുടമകൾ ഇപ്പോഴും ദുരിതത്തിൽ. പുതിയ ബദൽ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകിയപ്പോഴും പഴയ പദ്ധതി മരവിപ്പാക്കാത്തതാണ് പ്രശ്‌നത്തിന് കാരണം.
ഉത്തരവ് നിലനിൽക്കുന്നതിനാൽ പാതയ്ക്കായി സർവേ നടത്തിയ ഈ വസ്തു വാങ്ങാൻ ആരും തയാറാകുന്നില്ല. ബാങ്കിൽ വായ്പയ്ക്കായി ചെല്ലുമ്പോഴും തടസങ്ങളുണ്ടെന്ന് കെ റെയിൽ വിരുദ്ധ സമരസമിതി നേതാവ് രാജീവൻ പറഞ്ഞു.
121 ഹെക്ടറോളം ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികളായിരുന്നു സർക്കാർ നടത്തിയത്. ജീവിതംകാലം മുഴുൻ സമ്പാദിച്ചും കടംവാങ്ങിയും ഉണ്ടാക്കിയ പാർപ്പിടങ്ങളുടെ സമീപത്തടക്കം സംസ്ഥാനത്താകെ 6,744 സർവേക്കല്ലുകൾ സ്ഥാപിച്ചിരുന്നു. ഈ കല്ല് നാട്ടിയ ഭൂമിയുടെ ഉടമകളെല്ലാം ഇന്നും ആശങ്കയോടെ കഴിയുകയാണ്. കേരളത്തിന്റെ വികസന ചരിത്രത്തിൽ ഏറ്റവും വലിയ നാഴികക്കല്ലാവാൻ പോകുന്നുവെന്ന നിലയിൽ സംസ്ഥാന സർക്കാർ മുന്നോട്ടുവച്ച പദ്ധതിയായിരുന്നു സിൽവർലൈൻ. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള 529 കിലോമീറ്ററിൽ പുതിയ ഒരു സ്റ്റാൻഡേർഡ് ഗേജ്ലൈൻ നിർമിച്ച് അതിലൂടെ ശരാശരി 200 കിലോമീറ്റർ വേഗതയിൽ സെമി ഹൈസ്പീഡ് ട്രെയിൻ ഓടിക്കാനുള്ള സംവിധാനമൊരുക്കുകയിരുന്നു ലക്ഷ്യം.
പദ്ധതി യാഥാർഥ്യമാകുന്നതോടെ തിരുവനന്തപുരത്തുനിന്ന് കാസർകോട്ടേക്ക് മൂന്നര മണിക്കൂറുകൊണ്ട് എത്താൻ കഴിയുമെന്നാണ് സർക്കാർ അവകാശപ്പെട്ടിരുന്നത്. എന്നാൽ, പദ്ധതിക്കായി സർവേക്കല്ല് സ്ഥാപിക്കാനെത്തിയതോടെ വലിയ പ്രതിഷേധമാണ് സംസ്ഥാനം മുഴുവൻ ഉയർന്നത്. ബലപ്രയോഗത്തിലൂടെയാണ് സാമൂഹികാഘാത പഠനം നടന്നത്. പദ്ധതി കടന്നുപോകുന്ന 11 ജില്ലകളിലും സിൽവർലൈൻ വിരുദ്ധ സമരസമിതി പ്രവർത്തകർക്കെതിരേ നൂറുകണക്കിന് കേസുകളുണ്ട്. ഇതിൽ ചെറിയ പിഴയുള്ള കേസുകൾ അവസാനിപ്പിച്ചു. ഇനിയും വിവിധ കോടതികളിലായി 30ഓളം കേസുകൾ നിലനിൽക്കുന്നുണ്ട്.
കടലാസിൽ മാത്രമൊതുങ്ങിയ പദ്ധതിക്കായി സർക്കാർ ഖജനാവിൽനിന്ന് ചെലവിട്ടത് 51.26 കോടി രൂപയാണ്.
2020 ജൂണിലാണ് പദ്ധതിയുടെ ഡി.പി.ആർ കേരളം കേന്ദ്രത്തിന് സമർപ്പിച്ചത്. മൂന്ന് വർഷത്തിന് ശേഷം മാത്രമാണ് ഇതിനൊരു മറുപടി പോലും ലഭിച്ചത്. ബ്രോഡ്‌ഗേജ് പാത വേണമെന്നായിരുന്നു കേന്ദ്ര നിലപാട്. അതിവേഗ ട്രെയിനുകൾക്ക് സ്റ്റാൻഡേർഡ് ഗേജ് തന്നെ വേണമെന്നായിരുന്നു സംസ്ഥാന നിലപാട്.
അതിവേഗ ട്രെയിനിന് എതിരല്ലെന്ന് വി.ഡി സതീശൻ
തിരുവനന്തപുരം: കേരളത്തിൽ അതിവേഗ ട്രെയിൻ വരണമെന്നും അതിന് എതിരല്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. പാരിസ്ഥിതികമായ പരിശോധനകൾ നടത്തി കേരളത്തിന് താങ്ങാൻ പറ്റുന്ന പദ്ധതികളാണ് വരേണ്ടത്. ഡി.പി.ആർ കണ്ടതുകൊണ്ടും കേരളത്തിൽ പാരിസ്ഥിതിക ദുരന്തം ഉണ്ടാകുമെന്നും മനസിലാക്കിയാണ് കെ റെയിലിനെ യു.ഡി.എഫ് എതിർത്തതെന്നും സതീശൻ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."