ജർമൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസ് സഊദിയിൽ; കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തി
റിയാദ്: ജർമൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസ് സഊദി അറേബ്യയിൽ. സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. വ്യവസായ രംഗത്ത് പുത്തൻ പദ്ധതികളുമായി ജർമനിയിലെ പ്രമുഖ വ്യവസായ പ്രമുഖരും ചാൻസലർക്കൊപ്പം സഊദിയിലെത്തിയിരുന്നു. സഊദി അറേബ്യയിലേക്കുള്ള ആയുധ കയറ്റുമതിയിൽ ജർമനി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കിയ സാഹചര്യത്തിൽ ഈ കൂടിക്കാഴ്ചയെ പ്രതീക്ഷയോടെയാണ് വിദഗ്ദർ നോക്കി കാണുന്നത്.
ഇറാൻ വിഷയം, പ്രാദേശിക സംഘർഷങ്ങൾ ലഘൂകരിക്കൽ എന്നിവയിൽ ജർമനിയുടെ സഹായത്തോടെയാവും സഊദിയുടെ നീക്കം. ഉക്രെയ്ൻ യുദ്ധത്തെത്തുടർന്ന് റഷ്യൻ വാതക ഇറക്കുമതി നിർത്തിയ ജർമനി, തങ്ങളുടെ ഊർജ സ്രോതസ്സുകൾ കൂടുതൽ ആധുനികവത്ക്കരിക്കാനുള്ള ശ്രമത്തിലാണ്. അതിനാൽ സഊദിയുമായി നിരവധി കരാറുകളിൽ ജർമനി ഒപ്പുവച്ചേക്കാം. 'ഗ്രീൻ ഹൈഡ്രജൻ' ഉൽപ്പാദനത്തിൽ ജർമനി സഊദിയുമായി സഹകരിക്കും. സഊദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരനും ജർമൻ സാമ്പത്തിക-ഊർജ മന്ത്രി കാതറിന റെയ്ഷും നേരത്തെ നിരവധി കരാറുകളിൽ ഒപ്പിട്ടിരുന്നു.
കരാറിന്റെ അടിസ്ഥാനത്തിൽ സഊദിയിലെ യൻബു തുറമുഖത്ത് നിന്ന് ജർമനിയിലെ റോസ്റ്റോക്ക് തുറമുഖത്തേക്ക് അമോണിയ ഷിപ്പിങ് ആരംഭിക്കും. ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജൻ ഇലക്ട്രോലൈസർ സഊദിയിൽ നിർമിക്കുന്നതിൽ ജർമൻ കമ്പനിയായ 'തിസ്സൻക്രുപ്പ് നുസെറ' പ്രധാന പങ്കുവഹിക്കുന്നുണ്ട്. പൊതു-സ്വകാര്യ മേഖലകളിലെ സഊദി-ജർമൻ രാജ്യങ്ങളിലെ വിവിധ സ്ഥാപനങ്ങൾ തമ്മിൽ നിരവധി ധാരണാപത്രങ്ങളും ഇതിനോടകം ഒപ്പിട്ടുകഴിഞ്ഞു.
German Chancellor Friedrich Merz meets Saudi Crown Prince Mohammed bin Salman in Riyadh to discuss defense cooperation, green hydrogen, and regional stability.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."