ടൂറിസത്തിന്റെ മറവിൽ ലക്ഷദ്വീപുകാരെ കുടിയിറക്കുന്നു; ഭൂമി ഏറ്റെടുക്കലിനെതിരേ ഉയരുന്നത് ശക്തമായ പ്രതിഷേധം
കൊച്ചി: ലക്ഷദ്വീപിലെ വൻകിട ഭൂമി ഏറ്റെടുക്കലിനെതിരേ ഉയരുന്നത് ശക്തമായ പ്രതിഷേധം. ടൂറിസം വികസനത്തിന്റെ മറവിലാണ് സ്വന്തം ഭൂമിയിൽ നിന്ന് ദ്വീപ് നിവാസികളെ പുറത്താക്കാനുള്ള ശ്രമങ്ങൾ ഭരണകൂടം നടത്തുന്നതെന്ന് ലക്ഷദ്വീപ് ഷെഡ്യൂൾഡ് ട്രൈബ് വെൽഫെയർ അസോസിയേഷൻ ആരോപിക്കുന്നു. അഗത്തി, കടമത്ത്, കവരത്തി, ബിത്ര, മിനിക്കോയ് എന്നീ ദ്വീപുകളിലായി ആയിരക്കണക്കിന് ദ്വീപുകാരുടെ ഭൂമിയും വീടുകളും തൊഴിലും നഷ്ടമാകുന്ന തരത്തിലുള്ള ഭൂമി ഏറ്റെടുക്കൽ നടപടികളാണ് പുരോഗമിക്കുന്നത്.
ജനുവരി അഞ്ചിനും 17നും ഇടയിൽ അഗത്തി–കടമത്ത് ദ്വീപുകളിൽ നിന്ന് നൂറ് ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനായി പരിസ്ഥിതി ആഘാതപഠന നോട്ടിഫിക്കേഷൻ പുറത്തിറക്കിയിരുന്നു. അഗത്തി വിമാനത്താവളത്തിന്റെ വടക്കുഭാഗത്തുള്ള, പ്രദേശത്തെ സംരംഭകർ വർഷങ്ങളായി ആരംഭിച്ചതും നിർമാണത്തിലുള്ളതുമായ ടൂറിസ്റ്റ് ഹോമുകൾ ഉൾപ്പെടെയുള്ള 70 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇതു നടപ്പായാൽ, ദ്വീപിലെ ടൂറിസം മേഖലയിലെ 75 ശതമാനത്തോളം സ്ഥാപനങ്ങളും, മുന്നൂറിലധികം തൊഴിലും ആയിരക്കണക്കിന് തെങ്ങുകളും നഷ്ടമായേക്കും.
2.7ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണമുള്ള അഗത്തിയിൽ, ഇതിനകം 15 ശതമാനം ഭൂമി സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. വീണ്ടും 100 ഏക്കറോളം ഭൂമി നഷ്ടപ്പെടുന്നതോടെ 8500-ലധികം വരുന്ന ജനസംഖ്യ ഗുരുതരമായ ഭവന–ജൈവിക പ്രതിസന്ധിയിലേക്കാണ് തള്ളപ്പെടുക. നൂറിലധികം വീടുകൾ നിലകൊള്ളുന്ന പ്രദേശങ്ങളാണ് ഇപ്പോൾ ഏറ്റെടുക്കൽ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
2024 ജൂണിൽ നൂറ്റാണ്ടുകളായി കൈവശം വെച്ചുവന്ന 2500 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവും ഭരണകൂടം പുറപ്പെടുവിച്ചിരുന്നു. ഇതിൽ 3112 വീടുകളും 900-ലധികം കെട്ടിടങ്ങളും മൂന്ന് ലക്ഷത്തോളം തെങ്ങുകളും ഉൾപ്പെടുന്നു. എന്നാൽ, പട്ടയമുള്ള ഭൂമി ഏറ്റെടുക്കാൻ അഡ്മിനിസ്ട്രേറ്റർക്കോ കലക്ടർക്കോ അധികാരമില്ലെന്നിരിക്കെ, ഷെഡ്യൂൾഡ് ട്രൈബുകാരായ ദ്വീപുകാരുടെ സ്വത്തുക്കൾ പുറംകമ്പനികൾക്ക് കൈമാറാനുള്ള നീക്കമാണിതെന്നും ആരോപണമുണ്ട്.
ബംഗാരത്തിലും തിണ്ണക്കരയിലും സ്വകാര്യടൂറിസം കമ്പനിക്ക് 42,000 ചതുരശ്ര മീറ്റർ ഭൂമി നൽകിയത് നിയമവിരുദ്ധവും പരിസ്ഥിതി ചട്ടങ്ങൾ ലംഘിച്ചുമാണെന്നും ആരോപണമുണ്ട്. കവരത്തിയിൽ മത്സ്യതൊഴിലാളികളുടെ ഷെഡുകളും അനുബന്ധ കെട്ടിടങ്ങളും പൊളിച്ചിട്ടുണ്ട്. സി.ആർ.ഇസഡ്-എൻ.ഡി.ഇസഡ് ചട്ടങ്ങൾ ലംഘിച്ച് ‘സ്മാർട്ട് സിറ്റി’യുടെ പേരിൽ ടൂറിസ്റ്റ് റിസോർട്ട് നിർമാണം ആരംഭിച്ചതും പ്രതിഷേധങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്.
അഗത്തി വിമാനത്താവളം വടക്കോട്ട് ഒരു മീറ്റർ പോലും നീട്ടരുതെന്ന ജസ്റ്റിസ് രവീന്ദ്രൻ കമ്മിറ്റി ശുപാർശ സുപ്രിംകോടതി അംഗീകരിച്ചിട്ടുണ്ടെങ്കിലും, അതിനെ മറികടന്ന് ഭൂമി പിടിച്ചെടുക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ലക്ഷദ്വീപ് ഷെഡ്യൂൾഡ് ട്രൈബ് വെൽഫെയർ അസോസിയേഷൻ എ. മിസ്ബാഹ് സുപ്രഭാതത്തോട് പറഞ്ഞു.
strong protests are rising against large-scale land acquisition in lakshadweep. the lakshadweep scheduled tribe welfare association alleges that under the guise of tourism development, the administration is attempting to evict island residents from their own land.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."