HOME
DETAILS

വെറുപ്പിനെതിരേ ജനാധിപത്യ പ്രതിരോധം സാധ്യമാണ് | In-depth

  
യു.എം മുഖ്താർ
March 15, 2026 | 4:04 PM

democratic resistance against hatred is possible

'ഇത്തവണ ഈദ് ആഘോഷിക്കില്ല, മൃഗങ്ങളെ അറുക്കില്ല, പകരം മുസ്ലിംകളെ കശാപ്പ് ചെയ്യും. ഹിന്ദുക്കൾ എല്ലാവരും വെള്ളം നിറച്ച ബലൂണുകളുമായി നിൽക്കും. ഈദ് ദിനത്തിൽ പന്നിയിറച്ചി എറിയും. ഏതെങ്കിലും മുല്ലയെ കണ്ടാൽ അപ്പോൾത്തന്നെ വെട്ടും...' ഡൽഹിയിലെ ഉത്തംനഗറിൽ ഒരാളുടെ കൊലപാതകത്തിനിടയാക്കിയ വർഗീയ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ 12 വയസ്സുള്ള ഹിന്ദു ബാലൻ മുതിർന്നവരുടെ സാന്നിധ്യത്തിൽ പ്രാദേശിക ചാനലിനോട് പറയുന്നതാണിത്. പ്രായത്തിന് ചേർന്ന വാക്കുകളാണോ ഇതെന്ന ചോദ്യത്തിന്, 'ഞാനൊരു ഹിന്ദുവാണ്, എനിക്ക് കഴിയുന്നത്ര ആളുകളെ ഞാൻ കൊല്ലും' എന്നാണ് കുട്ടിയുടെ ധിക്കാരം നിറഞ്ഞ മറുപടി. ഇന്ത്യയിൽ ഇസ്ലാമോഫോബിയാ (ഇസ്ലാംഭീതി) ദിനം ആചരിക്കുന്ന ഘട്ടത്തിൽ വൈറലാകുകയും ഏറ്റവും ചർച്ചചെയ്യപ്പെടുകയും ചെയ്ത ഒരു വിഡിയോയാണിത്.

മനുഷ്യനെ മതത്തിന്റെയും വിശ്വാസത്തിന്റെയും വേഷത്തിന്റെയും പേരിൽ വിഭജിക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിനെതിരെയുള്ള ലോകത്തിന്റെ കൂട്ടായ പ്രതിരോധമാണ് മാർച്ച് 15ന് ആചരിക്കുന്ന 'അന്താരാഷ്ട്ര ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനം'.  പ്രത്യേക മതവിഭാഗത്തോടുള്ള അകാരണമായ ഭയവും വിദ്വേഷവും എങ്ങനെയാണ് നിരപരാധികളുടെ ജീവനെടുക്കുന്ന ഭീകരവാദമായി മാറുന്നത് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു 2019ൽ ഇതേ ദിവസം ന്യൂസിലൻഡിലെ ക്രൈസ്റ്റ്ചർച്ചിൽ നടന്ന ഭീകരാക്രമണം. മസ്ജിദിൽ നിസ്‌കരിക്കുകയായിരുന്ന 51 പേരെയാണ് വെള്ള വംശീയവാദിയായ യുവാവ് വെടിവച്ചുകൊന്നത്. ആ നടുക്കുന്ന ദുരന്തത്തിന്റെ സ്മരണാർത്ഥം, മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയുടെ ആവശ്യപ്രകാരം 2022ലാണ് ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി ഈ ദിനം പ്രഖ്യാപിച്ചത്.

ഇന്ത്യനവസ്ഥയിലെ ഇസ്ലാംപേടി 

ആഗോളതലത്തിൽ ഇസ്‌ലാമോഫോബിയ ചർച്ച ചെയ്യപ്പെടുമ്പോൾ, ഇന്ത്യയിലെ സമകാലിക യാഥാർത്ഥ്യങ്ങൾ അത്യന്തം ആശങ്കാജനകമാണ്. വെറുപ്പിന്റെ പ്രത്യയശാസ്ത്രം കേവലം സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളിൽ മാത്രം ഒതുങ്ങാതെ, നിരപരാധികളുടെ ജീവനെടുക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങളിലേക്കും (മോബ് ലിഞ്ചിങ്), സാമ്പത്തിക ബഹിഷ്‌കരണങ്ങളിലേക്കും കൂടി അതു വളർന്നിരിക്കുന്നു.

ഈ വിശുദ്ധ റമദാൻ മാസത്തിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ മുസ്ലിംകൾക്ക് നേരെ ലക്ഷ്യംവച്ചുള്ള വിദ്വേഷ കുറ്റകൃത്യങ്ങൾ, സമീപകാലത്തെ ഏറ്റവും ഉയർന്ന തോതിലെത്തിനിൽക്കെയാണ് ഒരിക്കൽക്കൂടി ഇസ്ലാമോഫോബിയാദിനം വരുന്നത്. ബിഹാറിലെ മധുബാനിയിൽ ഒരു തർക്കത്തിൽ സഹായം തേടി ഗ്രാമത്തലവനെ സമീപിച്ച റോഷൻ ഖാത്തൂൻ എന്ന സ്ത്രീയെ ആൾക്കൂട്ടം തൂണിൽ കെട്ടിയിട്ട് മർദ്ദിച്ചു കൊലപ്പെടുത്തിയത് രണ്ടാഴ്ച മുമ്പാണ്. ഇവരെക്കൊണ്ട് പശുവിൻ മൂത്രവും മദ്യവും കുടിപ്പിക്കുകയും ചെയ്തു. രാജസ്ഥാനിലെ ഭീവാഡിയിൽ പുലർച്ചെ ഡൽഹിയിലേക്ക് പഴങ്ങളുമായി പോവുകയായിരുന്ന ആമിർ ഖാൻ (28) എന്ന ട്രക്ക് ഡ്രൈവറെ ഗോരക്ഷാ ഗുണ്ടകൾ വെടിവച്ചുകൊലപ്പെടുത്തിയതും ഈ മാസം തന്നെ. ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ റമദാൻ വ്രതമെടുത്തിരുന്ന ഉനൈസ് ഖാൻ (13) എന്ന ബാലനെ ബി.ജെ.പി നേതാവ് ബ്രജേഷ് പഥക്കിന്റെ അനന്തരവൻ ഉൾപ്പെടെയുള്ള കൗമാരക്കാർ കഴിഞ്ഞയാഴ്ച വെടിവച്ചുകൊലപ്പെടുത്തുകയുണ്ടായി. ബിഹാറിലെ ദർഭംഗയിൽ വർഗ്ഗീയ അധിക്ഷേപങ്ങൾ തടയാൻ ശ്രമിച്ച അബ്ദുൽ സലാമിനെ (65) ജനക്കൂട്ടം അടിച്ചുകൊന്നതും ഇതേ മാസം തന്നെ. കഴിഞ്ഞ ഒന്ന് രണ്ട് ആഴ്ചകൾക്കുള്ളിൽ മാത്രം ഇന്ത്യയിൽ റിപ്പോർട്ട്‌ചെയ്യപ്പെട്ട വിദ്വേഷ കൊലപാതകങ്ങളാണിത്. പ്രാദേശിക തർക്കങ്ങൾ പോലും പെട്ടെന്ന് മുസ്ലിം വിരുദ്ധ അതിക്രമങ്ങളായി മാറുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറി.
 
വാഷിങ്ടൺ ആസ്ഥാനമായ 'ഇന്ത്യ ഹേറ്റ് ലാബ്' പുറത്തുവിട്ട 2025ലെ റിപ്പോർട്ട് പ്രകാരം, 2023നെ അപേക്ഷിച്ച് ഇന്ത്യയിൽ മുസ്‌ലിംകൾക്കും ക്രിസ്ത്യാനികൾക്കും എതിരായ വിദ്വേഷ പ്രസംഗങ്ങളിൽ 97% വർദ്ധനവ് ഉണ്ടായിട്ടുണ്ട് (ആകെ 1,318 സംഭവങ്ങൾ). ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്താനും അവരെ രാജ്യത്തിന്റെ ഭാഗമല്ലെന്ന് തോന്നിപ്പിക്കാനും ലക്ഷ്യമിട്ട് മതപരമായ ഉത്സവങ്ങളെയും ആഘോഷങ്ങളെയും വർഗീയവാദികൾ ആയുധമാക്കുകയാണെന്ന് സാമൂഹിക നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഭരണകൂടത്തിന്റെ മൗനവും ബുൾഡോസർ നീതിയും

ഭരണകൂട പിന്തുണകൂടി ലഭിക്കുന്ന വിധം വിദ്വേഷ കുറ്റൃത്യങ്ങൾ സ്ഥാപനവൽകരിക്കപ്പെട്ടു കഴിഞ്ഞതാണ് ഈയടുത്തുണ്ടായ ഏറ്റവും വലിയ അപകടകരമായ മാറ്റം. ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളിൽ കുറ്റവാളികൾക്ക് ലഭിക്കുന്ന രാഷ്ട്രീയ പരിരക്ഷയും ഭരണകൂടത്തിന്റെ മൗനവുമാണ് ഏറ്റവും വലിയ വെല്ലുവിളി. കുറ്റാരോപിതരാകുന്ന ന്യൂനപക്ഷ വിഭാഗക്കാരുടെ വീടുകളും വ്യാപാര സ്ഥാപനങ്ങളും യാതൊരു നിയമനടപടികളുമില്ലാതെ പൊളിച്ചുമാറ്റുന്ന 'ബുൾഡോസർ നീതി' ഉത്തർപ്രദേശ്, മധ്യപ്രദേശ്, അസം, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ വ്യാപകമായിരിക്കുന്നു. എ.എ.പി പോയി പകരം ബി.ജെ.പി അധികാരത്തിലേറിയതോടെ ഡൽഹിയിലും ബുൾഡോസർ രാജുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട് തുടങ്ങി.

വർദ്ധിച്ചുവരുന്ന വിദ്വേഷ പ്രസംഗങ്ങൾക്കും അതിക്രമങ്ങൾക്കും ബുൾഡോസർ രാജിനുമെതിരായ സുപ്രിംകോടതിയുടെ ശക്തമായ ഇടപെടലുകളും മാർഗനിർദേശങ്ങളും നിലനിൽക്കെയാണ് ഈ അനീതിയെല്ലാം നടക്കുന്നത്. ശക്തമായ നിലപാടുകളാണ് വിഷയത്തിൽ സുപ്രിംകോടതി പലപ്പോഴായി സ്വീകരിച്ചത്. വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നവർക്കെതിരേ ആരെങ്കിലും പരാതി നൽകാൻ കാത്തുനിൽക്കാതെ പൊലിസും സർക്കാരും സ്വമേധയാ കേസെടുക്കണമെന്ന് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കോടതിയുടെ കർശന നിർദേശമുണ്ട്. സർക്കാരുകൾ നടപ്പാക്കുന്ന ബുൾഡോസർ നടപടികൾ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, വീടുകൾ പൊളിക്കുന്നതിന് കർശനമായ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും, ഈ കോടതി ഉത്തരവുകൾ താഴെത്തട്ടിൽ പ്രായോഗികമായി നടപ്പാക്കപ്പെടുന്നില്ലെന്നതാണ് വാസ്തവം. 

മുസ്ലിം ആരാധനകളെ ഭീകരവൽകരിക്കൽ

സമീപകാലത്ത് ഇന്ത്യയിൽ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കണ്ടുവരുന്ന ഒരു പ്രവണതയാണ്, മുസ്ലിം ആരാധനാ കർമങ്ങളെ ഭീകരവൽകരിക്കുന്നതും അതൊരു കുറ്റകൃത്യമായി കണ്ട് കടുത്ത വകുപ്പുകൾ ചേർത്ത് കേസെടുക്കുന്നതും. സ്വകാര്യ വീട്ടിൽ സംഘം ചേർന്ന് നിസ്‌കരിച്ചതിന്റെ പേരിൽ, ഒഴിഞ്ഞ ഭൂമിയിൽ നിസ്‌കരിച്ചതിന്റെ പേരിലുമെല്ലാം കേസെടുക്കുന്ന അവസ്ഥയുണ്ടായി. റമദാനിൽ നോമ്പുതുറക്കുന്നതിനായി നേരത്തെ ഭക്ഷണം ലഭ്യമാക്കാൻ ആവശ്യപ്പെട്ട കശ്മീരി വിദ്യാർഥികളെ സർവകലാശാലാ വൈസ് ചാൻസലർ അസഭ്യം പറയുകയും കാംപസിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതും കഴിഞ്ഞദിവസങ്ങളിൽ വന്ന വാർത്തയാണ്. ഭക്ഷണവും വെള്ളവുമില്ലാതെ വിദ്യാർഥികൾക്ക് തണുപ്പിൽ പുറത്തിരിക്കേണ്ടി വന്നു. മലേഗാവ് മുനിസിപ്പൽ കോർപ്പറേഷനിലെ ഒഴിഞ്ഞ മുറിയിൽ ഏതാനും ജീവനക്കാർ നിസ്‌കരിച്ചതിന്റെ പേരിൽ പൊലിസ് കേസെടുത്തു. വെള്ളിയാഴ്ചകളിൽ പൊതുവെ നഗരങ്ങളിലെ പള്ളികളുടെ ഉൾവശം നിറഞ്ഞുകവിയുന്നതിനാൽ പള്ളിക്ക് പുറത്തേക്ക് കൂടി വിശ്വാസികൾ പായയോ പത്രങ്ങളോ വിരിച്ച് നിസ്‌കരിക്കുന്നത് ലോകത്തെവിടെയും പതിവ് കാഴ്ചയാണ്. എന്നാൽ അത്തരത്തിൽ നിസ്‌കരിക്കുന്നവരെ പിന്നിൽ വന്ന് പൊലിസുകാർ ചവിട്ടി തള്ളിയിട്ട് അടിച്ചോടിക്കുന്ന കാഴ്ച ഒരു പക്ഷേ ഇന്ത്യയിലെ ഉണ്ടാകൂ. എന്നാൽ ഇതേ പൊലിസ് തന്നെ മുഖത്ത് കുങ്കുമം പുരട്ടി ഹോളി ആഘോഷിക്കുന്നതും ഔദ്യോഗിക യൂണിഫോമിൽ ഹെലികോപ്ടറിൽ പറന്ന് കാവട് യാത്രക്കാർക്ക് മേൽ പൂ വിതറുന്നതും പൊതുസ്ഥലത്ത് സർക്കാർ പദ്ധതികളുടെ ഉദ്ഘാടനത്തിന് പൂജ നടത്താൻ കാവൽകനിൽക്കുകയും ചെയ്‌തെന്ന വൈരുധ്യവും നമ്മൾ കണ്ടു.

ദീപക് കുമാറും ലഖ്‌നൗവിലെ വിദ്യാർഥികളും നൽകുന്ന പ്രതീക്ഷ

ഇസ്ലാംഭീതിയും അതിന്റെ ഉപോൽപ്പന്നമായ വിദ്വേഷ കുറ്റകൃത്യങ്ങളും രാജ്യത്ത് പെരുകിവരികയാണെന്ന ആശങ്കാജനകമായ റിപ്പോർട്ടുകൾക്കിടയിലും, പ്രതീക്ഷയ്ക്കു വകനൽകുന്ന മുന്നേറ്റങ്ങളും ഇക്കഴിഞ്ഞ രണ്ട് മൂന്ന് മാസങ്ങൾക്കിടെ ഇന്ത്യയിലുണ്ടായി. ഉത്തരാഖണ്ഡിൽ ബജ്‌റംഗ്ദൾ അക്രമിക്കൂട്ടം വയോധികനായ മുസ്ലിം വ്യാപാരിയെ ആക്രമിക്കുന്നത് കണ്ട് ഓടിയെത്തി തടഞ്ഞ ദീപക് കുമാർ എന്ന ജംനേഷ്യം ട്രെയിനറും, ലഖ്‌നൗ സർവകലാശാല കാംപസിനുള്ളിലെ മസ്ജിദ് അടച്ചുപൂട്ടിയതിനെത്തുടർന്ന് പള്ളിക്ക് പുറത്തുവച്ച് നിസ്‌കരിച്ച മുസ്ലിം വിദ്യാർഥികൾക്ക് മനുഷ്യ മതിൽ തീർത്ത ഇതര മതസ്ഥരായ സഹപാഠികളും ഉൾപ്പെടെയുള്ളവരാണ് പ്രതീക്ഷയ്ക്ക് വകനൽകുന്നത്. തന്റെ കടയുടെ പേരിൽനിന്ന് 'ബാബ' എന്ന് മാറ്റണമെന്നാവശ്യപ്പെട്ടാണ് മുസ്ലിം വ്യാപാരിയെ ബജ്‌റംഗ്ദളുകാർ ആക്രമിച്ചത്. ഇതു തടഞ്ഞ ദീപകിനോട് അക്രമികൾ പേര് ചോദിച്ചപ്പോൾ 'ഞാൻ മുഹമ്മദ് ദീപക്' എന്ന അദ്ദേഹത്തിന്റെ മറുപടി, സമീപകാലത്ത് ഇന്ത്യയിലെ അക്രമാസക്ത ഹിന്ദുത്വക്കേറ്റ ഏറ്റവും കനത്ത പ്രഹരങ്ങളിലൊന്നുമായി. ദീപകിന് പിന്നീട് രാജ്യത്തുടനീളം വലിയ പിന്തുണയും ലഭിച്ചു.  സമാനമാണ്, ചരിത്രപ്രസിദ്ധമായ 'ലാൽ ബരാദരി' പള്ളി അടച്ചുപൂട്ടിയതിൽ പ്രതിഷേധിച്ച് പള്ളിക്ക് തൊട്ടുമുമ്പിൽ നിസ്‌കരിച്ച വിദ്യാർഥികൾക്ക് കൈകോർത്ത് പിടിച്ച് സുരക്ഷാമതിൽ തീർത്ത ലഖ്‌നൗ സർവകലാശാലാ വിദ്യാർഥികളും ചെയ്തത്. റമാദാൻ മാസമായതിനാൽ ഈ വിദ്യാർഥികളെല്ലാം ഒന്നിച്ച് കാംപസിൽ ഇഫ്താർ സംഗമവും നടത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിലെ ഫൽത്ത മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കി; മെയ് 21-ന് റീപോളിംഗ്

National
  •  2 days ago
No Image

സംസ്ഥാനത്തെ ആരാധനാലയങ്ങളിലെ ആഘോഷങ്ങൾ: തിരക്ക് നിയന്ത്രണത്തിന് കർശന മാർഗനിർദേശങ്ങളുമായി ഹൈക്കോടതി

Kerala
  •  2 days ago
No Image

അനുവാദമില്ലാതെ തണ്ണിമത്തൻ പറിച്ചതിനെച്ചൊല്ലി തർക്കം; ആഗ്രയിൽ 13-കാരനെ കുത്തിക്കൊലപ്പെടുത്തി

National
  •  2 days ago
No Image

കന്നുകാലികളെ കടത്തിയെന്ന് ആരോപിച്ച് ക്രൂരമർദനം; രക്ഷപ്പെടാൻ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം 20 ദിവസത്തിന് ശേഷം കണ്ടെത്തി

National
  •  3 days ago
No Image

റോഡ് മുറിച്ചുകടക്കാൻ അന്ധനെ സഹായിച്ചു; ബസ് ഡ്രൈവറെ ആദരിച്ച് ദുബൈ ആർടിഎ

uae
  •  3 days ago
No Image

ദുബൈ-ഷാർജ യാത്ര വീണ്ടും ദുരിതത്തിൽ; റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷം

uae
  •  3 days ago
No Image

ദുബൈ ഇനി ഓറഞ്ച് അഴകിൽ; നഗരമാകെ വാക മരങ്ങൾ വെച്ചുപിടിപ്പിക്കാൻ നിർദ്ദേശിച്ച് ശൈഖ് ഹംദാൻ 

uae
  •  3 days ago
No Image

ബീഫ് കറിക്കൊപ്പം ചത്ത പാറ്റ; ആഡംബര ഹോട്ടലിനെതിരെ പരാതിയുമായി കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ

Kerala
  •  3 days ago
No Image

ഡൽഹിയിൽ യുവ ജഡ്ജിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

National
  •  3 days ago
No Image

വിവാഹത്തിന് മുമ്പ് ഒരുകോടി സ്ത്രീധനം നൽകി, ശേഷം 50 ലക്ഷം; ഭർത്താവിന് താൽപര്യം പുരുഷന്മാരോട്; പരാതിയുമായി യുവതി പൊലിസ് സ്റ്റേഷനിൽ

National
  •  3 days ago