ദുബൈയുടെ ഗതാഗത ഭൂപടം മാറ്റിവരയ്ക്കാൻ 'ഗോൾഡ് ലൈൻ'; വാടക കുറഞ്ഞ ഇടങ്ങളിലേക്ക് ചേക്കേറാൻ താമസക്കാർ
ദുബൈ: ദുബൈയിൽ താമസസ്ഥലം തിരഞ്ഞെടുക്കുന്ന കാര്യത്തിൽ പ്രവാസികൾ ഉൾപ്പെടെയുള്ള താമസക്കാരുടെ പരമ്പരാഗത കാഴ്ചപ്പാടുകൾ മാറിക്കൊണ്ടിരിക്കുകയാണ്. നഗരമധ്യത്തിലെ തിരക്കേറിയതും വാടക കൂടിയതുമായ പ്രദേശങ്ങൾക്ക് പകരം, മെട്രോ കണക്റ്റിവിറ്റിയുള്ള ദൂരസ്ഥലങ്ങളിലേക്ക് മാറാനാണ് ഇപ്പോൾ പലരും താൽപ്പര്യപ്പെടുന്നത്. ദുബൈ മെട്രോ 'ഗോൾഡ് ലൈൻ' പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഈ പ്രവണത കൂടുതൽ ശക്തമാകുമെന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്.
ദീർഘദൂര യാത്രകൾ ഒഴിവാക്കാനായി നഗരമധ്യത്തിൽ ഉയർന്ന വാടക നൽകി താമസിച്ചിരുന്നവർ, മെട്രോ ശൃംഖലയുടെ വികാസത്തോടെ തന്ത്രപരമായ മാറ്റങ്ങൾ ആലോചിക്കുകയാണിപ്പോൾ. കുറഞ്ഞ വാടകയിൽ വലിയ വീടുകൾ ലഭിക്കുമെന്നതും മെട്രോ വഴി കൃത്യസമയത്ത് ജോലിസ്ഥലത്ത് എത്താമെന്നതുമാണ് താമസക്കാരെ ആകർഷിക്കുന്നത്. 15 ഓളം പുതിയ മേഖലകളെ ബന്ധിപ്പിക്കുന്ന ഗോൾഡ് ലൈൻ പദ്ധതി ഏകദേശം 1.5 കോടി ജനങ്ങൾക്ക് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്ഥലത്തിന്റെ പകിട്ടിനേക്കാൾ ഉപരിയായി നഗരത്തിന്റെ മറ്റ് ഭാഗങ്ങളുമായി ആ പ്രദേശം എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നു എന്നതിനാണ് ഇപ്പോൾ മുൻഗണനയെന്ന് ആൽഫബെറ്റ പ്രോപ്പർട്ടീസിലെ അബ്ദുല്ല അൽ ഷൈബാനി ചൂണ്ടിക്കാട്ടുന്നു. യുവാക്കളും പ്രൊഫഷണലുകളും മെട്രോ സ്റ്റേഷനുകൾക്ക് സമീപമുള്ള താമസസ്ഥലങ്ങൾക്കായി സജീവമായി തിരയുകയാണ്. പണ്ട് റെഡ്, ഗ്രീൻ ലൈനുകൾ വന്നപ്പോൾ ജെഎൽടി, ദുബൈ മറീന തുടങ്ങിയ ഇടങ്ങളിൽ ഉണ്ടായ കുതിച്ചുചാട്ടം ഇതിന് ഉദാഹരണമാണ്.
മെട്രോ ശൃംഖലയുടെ വിപുലീകരണം കാറുകളെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കുമെന്ന് നഗര ആസൂത്രണ വിദഗ്ധനായ മുസ്തഫ അൽദ പറയുന്നു. ഗതാഗതക്കുരുക്കിൽപ്പെടാതെയും ഇന്ധനച്ചെലവ് ലാഭിച്ചും യാത്ര ചെയ്യാമെന്നത് 'കാർ രഹിത' ജീവിതശൈലി ആഗ്രഹിക്കുന്നവർക്ക് വലിയ അനുഗ്രഹമാകും.
2032-ൽ ഗോൾഡ് ലൈൻ പൂർണ്ണമായി പ്രവർത്തനസജ്ജമാകുന്നതോടെ, ദുബൈയിലെ ഉൾപ്രദേശങ്ങൾ പോലും പ്രധാന വാണിജ്യ കേന്ദ്രങ്ങളായി മാറുകയും നഗരത്തിലെ വാടക വിപണിയിൽ കൂടുതൽ സന്തുലിതാവസ്ഥ കൈവരുകയും ചെയ്യും.
dubai’s proposed gold line metro is expected to transform the city’s transport network and residential patterns. the project may encourage residents to shift toward more affordable rental areas while improving connectivity across key parts of the emirate.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."