എസ്.എം.എഫ് ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢമായ തുടക്കം
ചെമ്മാട്: ഇസ് ലാമിന്റെ പ്രത്യയശാസ്ത്രപരമായ ബോധം കാത്തുസൂക്ഷിക്കാൻ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പണ്ഡിതന്മാരിലൂടെ സാധിച്ചുവെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. ചെമ്മാട് ദാറുൽ ഹുദാ യൂനിവേഴ്സിറ്റി കാംപസിലെ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നഗരിയിൽ നടന്ന സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.എം.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി അധ്യക്ഷനായി.
സമസ്ത സെക്രട്ടറി എം.ടി അബ്ദുല്ല മുസ് ലിയാർ മുഖ്യപ്രഭാഷണം നടത്തി. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, പാണക്കാട് റശീദലി ശിഹാബ് തങ്ങൾ, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സൈനുൽ ആബിദീൻ തങ്ങൾ കുന്നകൈ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, അബ്ദുറഹ്‌മാൻ കല്ലായി, കെ.പി നൗഷാദലി, പി.എം.എ സമീർ, നാസർ ഫൈസി കൂടത്തായി, ശറഫുദ്ദീൻ ഹുദവി ആനമങ്ങാട് പ്രഭാഷണം നിർവഹിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂർ, ഓണമ്പിള്ളി മുഹമ്മദ് ഫൈസി എന്നിവർ വിഷയാവതരണം നടത്തി. എസ്.എം.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി യു. ശാഫി ഹാജി ചെമ്മാട് സ്വാഗതവും സി.ടി അബ്ദുൽ ഖാദർ ഹാജി നന്ദിയും പറഞ്ഞു.
വൈകീട്ട് നടന്ന ഖബർ സിയാറത്തിന് സമസ്ത കേന്ദ്ര മുശാവറാംഗം കെ.ടി ഹംസ മുസ് ലിയാർ നേതൃത്വം നൽകി.
ഗോൾഡൻ ജൂബിലിയുടെ ഭാഗമായി ബംഗളൂരുവിലും മംഗലാപുരത്തും ദേശീയ സെമിനാറുകൾ സംഘടിപ്പിക്കും. കൊടുങ്ങല്ലൂർ, പൊന്നാനി, മമ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട്, ആലപ്പുഴ എന്നിവിടങ്ങളിൽ ഹിസ്റ്ററി കോൺഫറൻസുകളും നടക്കും. സമ്പൂർണ ഫാമിലി ഡയരക്ടറി പുറത്തിറക്കും. നാട്ടുനന്മ ലഹരിമുക്ത കാംപയിൻ, 500 മഹല്ലുകളിൽ ഹിമായ കോഴ്സ്, 500 ക്ലസ്റ്റർ മീറ്റുകൾ, 5,000 പള്ളികളിൽ ഭിന്നശേഷി സൗഹൃദ സംവിധാനങ്ങൾ, 500 ഇ-മഹല്ലുകൾ തുടങ്ങിയ പദ്ധതികൾ നടപ്പാക്കും. മികച്ച മഹല്ലുകൾക്കും ജില്ല, മേഖല, പഞ്ചായത്ത് തലങ്ങളിലെ മികച്ച പ്രവർത്തനങ്ങൾക്കും അവാർഡുകൾ നൽകുകയും നാൾവഴിയെ ആസ്പദമാക്കി ഡോക്യുമെന്ററി പുറത്തിറക്കുകയും ചെയ്യും. ആഘോഷ പരിപാടികൾ 2027 ജനുവരി 17ന് കോഴിക്കോട് കടപ്പുറത്ത് സമ്മേളനത്തോടെ സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."