സ്പോർട്സ് അസോസിയേഷനുകളുടെ കണക്കെടുക്കാൻ കായിക വകുപ്പ്
തിരുവനന്തപുരം: കായികരംഗത്ത് സമഗ്ര അഴിച്ചുപണി ലക്ഷ്യമിട്ട് കേരള സ്പോർട്സ് കൗൺസിൽ അംഗീകരിച്ചതും അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്നതുമായ സ്പോർട്സ് അസോസിയേഷനുകളുടെ കണക്കെടുക്കാൻ നിർദേശം നൽകി കായിക മന്ത്രി ഒ.ജെ ജനീഷ്.
മന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സ്പോർട്സ് അസോസിയേഷനുകളിൽ നിന്നുള്ള വിവരശേഖരണത്തിനുള്ള ചോദ്യാവലി വകുപ്പ് സ്പെഷൽ സെക്രട്ടറി സംസ്ഥാന സ്പോർട്സ് കൗൺസിൽ സെക്രട്ടറിക്ക് കൈമാറി. കായിക മേഖലയിൽ പ്രവർത്തിക്കുന്ന അസോസിയേഷനുകളെക്കുറിച്ച് പരാതികൾ വ്യാപകമായ സാഹചര്യത്തിലാണ് സമഗ്ര അഴിച്ചുപണി ലക്ഷ്യമാക്കി സർക്കാർ ഇടപെടൽ. സ്പോർട്സ് കൗൺസിലിൽ നിന്ന് നിർദേശം ലഭിച്ച് ഏഴ് ദിവസത്തിനകം അസോസിയേഷനുകൾ മറുപടി നൽകണമെന്ന കർശന നിർദേശവുമുണ്ട്. നൽകുന്ന വിവരങ്ങളുമായി ബന്ധപ്പെട്ടുള്ള രേഖകളും സമർപ്പിക്കണം.
മറുപടികൾ ക്രോഡീകരിച്ച് ഉത്തരങ്ങൾ സൂക്ഷ്മപരിശോധന നടത്തി ഇവ ഏകോപിപ്പിച്ചുള്ള സ്ഥിതിവിവര റിപ്പോർട്ട് കേരള സ്പോർട്സ് കൗൺസിൽ സർക്കാരിന് സമർപ്പിക്കണം. റിപ്പോർട്ടിൽ പൂർണമായും മറുപടി നൽകിയ അസോസിയേഷനുകൾ, അപൂർണമായി മറുപടി നൽകിയ അസോസിയേഷനുകൾ, മറുപടി നൽകാത്തവർ, തെരഞ്ഞെടുപ്പും ഓഡിറ്റും അംഗീകാരവും മുടങ്ങിയ അസോസിയേഷനുകൾ, വിവാദങ്ങൾ ഉള്ളവ, ശ്രദ്ധേയമായ അത്‌ലറ്റ് ബേസും മികച്ച പ്രകടനവും ഉള്ളവ, ഭൗതിക സാഹചര്യങ്ങളുടെ അഭാവവും പരിശീലന സൗകര്യങ്ങളുടെ അപര്യാപ്തതയും ഉള്ളവ എന്നിങ്ങനെ തരം തിരിച്ച റിപ്പോർട്ടായിരിക്കണം സർക്കാരിന് സ്പോർട്സ് കൗൺസിലിൽ സമർപ്പിക്കേണ്ടത്.
നിലവിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന അസോസിയേഷനുകൾ സംബന്ധിച്ച് അപൂർണമായ വിവരങ്ങളാണ് സർക്കാരിൽ ലഭ്യമായിട്ടുള്ളത്. ഇത് കായിക താരങ്ങൾക്ക് മതിയായ പ്രോത്സാഹനം ലഭിക്കാത്ത സാഹചര്യം സൃഷ്ടിക്കുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് നിലവിലെ സംഘടനകൾ കായിക മേഖലയുടെ വളർച്ചയ്ക്ക് നൽകുന്ന സംഭാവനകളെക്കുറിച്ച് സമഗ്ര ഓഡിറ്റിന് സർക്കാർ തയാറെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."