'ശരീരത്തിന് ഉന്മേഷം നൽകും, ക്ഷീണം മാറ്റും' തുടങ്ങിയ പരസ്യങ്ങളെല്ലാം വ്യാജം; പ്രമുഖ എനർജി ഡ്രിങ്കുകൾക്കെതിരെ കർശന നടപടിയുമായി എഫ്.എസ്.എസ്.എ.ഐ
ന്യൂഡൽഹി: വിപണിയിൽ തരംഗമായ റെഡ്ബുൾ, സ്റ്റിങ്, മോൺസ്റ്റർ തുടങ്ങിയ പ്രമുഖ എനർജി ഡ്രിങ്കുകൾക്കെതിരെ കർശന നടപടിയുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI). തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമായ അവകാശവാദങ്ങൾ ഉന്നയിച്ച് ഉപഭോക്താക്കളെ കബളിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്യത്തെ ആറ് പ്രമുഖ എനർജി ഡ്രിങ്ക് ബ്രാൻഡുകൾക്ക് അതോറിറ്റി നോട്ടീസ് അയച്ചിരിക്കുന്നത്.
പെപ്‌സികോയുടെ അഡ്രിനാലിൻ റഷ്, റിലയൻസിൻ്റെ കാംപ എനർജി ഡ്രിങ്ക്, ഹെൽ എനർജി എന്നിവയാണ് നോട്ടീസ് ലഭിച്ച മറ്റ് പാനീയങ്ങൾ. വിപണിയിൽ എനർജി ഡ്രിങ്ക് എന്ന പേരിൽ വിറ്റഴിക്കുന്ന ഈ പാനീയങ്ങളൊന്നും തന്നെ യഥാർത്ഥത്തിൽ ആ ഗണത്തിൽപ്പെടുന്നവയല്ലെന്നും, ഇത്തരം പ്രൊമോഷനുകൾ ഉപഭോക്താക്കളെ പൂർണ്ണമായും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും എഫ്.എസ്.എസ്.എ.ഐ വ്യക്തമാക്കുന്നു.
റെഡ് ബുൾ, സ്റ്റിങ്, മോൺസ്റ്റർ എനർജി, അഡ്രിനാലിൻ റഷ്, കാംപ എനർജി, ഹെൽ എനർജി, എന്നീ എനർജി ഡ്രിങ്കുകൾക്കെതിരെയാണ് നോട്ടീസ് അയച്ചത്.
എന്താണ് നിയമലംഘനം?
'ശരീരത്തിനും മനസ്സിനും ഉന്മേഷം നൽകും', 'ഏകാഗ്രത വർധിപ്പിക്കും', 'ക്ഷീണം കുറയ്ക്കും' തുടങ്ങിയ പരസ്യ വാചകങ്ങൾ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ ലേബലിൽ ഉപയോഗിക്കുന്നത് ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കുറ്റകരമാണ്. ബ്രാൻഡിങ്ങിലും പരസ്യങ്ങളിലും വരുത്തിയ ഇത്തരം നിയമലംഘനങ്ങൾക്കാണ് ഇപ്പോൾ നോട്ടീസ് അയച്ചിരിക്കുന്നത്.
അമിത അളവിൽ പഞ്ചസാരയും കഫീനും അടങ്ങിയ ഈ പാനീയങ്ങൾ ആരോഗ്യത്തിന് ഗുണകരമാണെന്ന രീതിയിലാണ് വിപണിയിലെത്തുന്നത്. ഇവയുടെ ഗുണനിലവാരത്തിൽ നിലവിൽ പ്രശ്നങ്ങൾ കണ്ടെത്തിയിട്ടില്ലെങ്കിലും, ലേബലുകളിലെ അവകാശവാദങ്ങൾ തെറ്റാണെന്നാണ് അതോറിറ്റിയുടെ കണ്ടെത്തൽ.
എനർജി ഡ്രിങ്കുകൾക്ക് പുറമെ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ആരോഗ്യ അവകാശവാദങ്ങൾ ഉന്നയിച്ച മറ്റ് പ്രമുഖ ബ്രാൻഡുകൾക്കെതിരെയും കഴിഞ്ഞയാഴ്ച എഫ്.എസ്.എസ്.എ.ഐ നടപടിയെടുത്തിട്ടുണ്ട്.
കുട്ടികൾക്ക് വാങ്ങിച്ചു കൊടുക്കുന്ന കിൻഡർ ജോയ് പാക്കറ്റിന് പുറത്ത് 'മിൽക്ക് സോളിഡുകളാൽ സമ്പന്നം' എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ശാസ്ത്രീയ പരിശോധനയിൽ ഇതിൽ ആവശ്യത്തിന് മിൽക്ക് സോളിഡുകൾ ഇല്ലെന്ന് കണ്ടെത്തി.
സഫോല ടോട്ടൽ ഓയിൽ കവറിലെ 'ഹാർട്ട് പ്രൊ' എന്ന വാചകവും ചിത്രവും ഇത് ഹൃദയാരോഗ്യത്തിന് ഉത്തമമാണെന്ന തെറ്റിദ്ധാരണ ഉണ്ടാക്കുന്നു. 'ഗുഡ് ഫാറ്റ് ബാലൻസ്' എന്ന വാദം ശാസ്ത്രീയമായി തെളിയിക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടില്ല.
അസ്-ഇറ്റ്-ഈസ് ആറ്റം വേ പ്രോട്ടീൻ പാക്കറ്റിലെ 'ശുദ്ധവും ആരോഗ്യകരവും', 'ലീൻ മസിൽ ഗെയിൻ', 'റാപ്പിഡ് റിക്കവറി' എന്നീ വാദങ്ങൾക്ക് ശാസ്ത്രീയമായ യാതൊരു അടിത്തറയുമില്ലെന്നും അതോറിറ്റി വ്യക്തമാക്കി.
മറ്റ് ബ്രാൻഡുകൾ
പ്ലക്ക് മാംഗോ ഫ്രൂട്ട് ജ്യൂസിൻ്റെ 'നോ ആഡഡ് ഷുഗർ' എന്ന വാദവും, 'നേച്വറൽ പനീർ' എന്ന ബ്രാൻഡിന്റെ പേരും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. ഗൗർ ഹെൽത്തി ഫുഡിന്റെ 'സിൽക്കൻ ടോഫു', മാസ്റ്റർ ചോ ഫുഡ്‌സിന്റെ 'റാമെൻ നൂഡിൽസ്' എന്നിവയും നോട്ടീസ് ലഭിച്ചവയിൽ ഉൾപ്പെടുന്നു.
നോട്ടീസ് ലഭിച്ച എല്ലാ കമ്പനികളും തങ്ങളുടെ ഉൽപ്പന്നങ്ങളുടെ ലേബലുകളിലെ അവകാശവാദങ്ങളെക്കുറിച്ച് കൃത്യമായ വിശദീകരണവും അനുബന്ധ രേഖകളും നിശ്ചിത സമയത്തിനകം അതോറിറ്റിക്ക് സമർപ്പിക്കേണ്ടതുണ്ട്. വീഴ്ച വരുത്തുന്ന കമ്പനികൾക്കെതിരെ തുടർനടപടികൾ സ്വീകരിക്കുമെന്നും എഫ്.എസ്.എസ്.എ.ഐ അറിയിച്ചു.
The Food Safety and Standards Authority of India (FSSAI) has initiated strict action against major energy drink brands for misleading advertisements. The regulator stated that popular marketing claims, such as "energizes the body" and "relieves fatigue," are entirely false and deceptive to consumers.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."