ഡിജിറ്റൽ സുരക്ഷയിൽ ചരിത്രനേട്ടം; ടെലികോം അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആക്രമണങ്ങളെ അപലപിച്ച് യുഎഇ അവതരിപ്പിച്ച പ്രമേയം പാസാക്കി ഐക്യരാഷ്ട്രസഭ
ജനീവ: ആഗോള ഡിജിറ്റൽ മേഖലയെ ഞെട്ടിക്കുന്ന സൈബർ ആക്രമണങ്ങൾക്കും ടെലികോം ഇൻഫ്രാസ്ട്രക്ചറുകൾക്ക് നേരെയുള്ള അക്രമങ്ങൾക്കും എതിരെ യുഎഇയുടെ നേതൃത്വത്തിൽ ചരിത്രപ്രധാനമായ നീക്കം. സമുദ്രത്തിനടിയിലെ കേബിളുകൾ ഉൾപ്പെടെയുള്ള സിവിലിയൻ ടെലികമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്ന പ്രമേയം അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ (ITU) കൗൺസിൽ ഐകകണ്ഠേന പാസാക്കി. ജനീവയിൽ നടന്ന ഐക്യരാഷ്ട്രസഭാ ഫോറത്തിലാണ് യുഎഇയുടെ നേതൃത്വത്തിലുള്ള സുപ്രധാന ചുവടുവെപ്പ് നടന്നത്.
ഗൾഫ് രാജ്യങ്ങൾക്കും ജോർദാനുമായാണ് യുഎഇ ഈ കരട് പ്രമേയം അവതരിപ്പിച്ചത്. ഏഷ്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ്, ആഫ്രിക്ക എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന ആഗോള കണക്റ്റിവിറ്റിയുടെ നാഡിയായ ഗൾഫ് ഇടനാഴിയിലെ അന്തർവാഹിനി കേബിളുകൾക്ക് നേരെയുണ്ടായ നാശനഷ്ടങ്ങൾ പ്രമേയത്തിൽ ഗൗരവത്തോടെ പ്രതിപാദിക്കുന്നുണ്ട്. ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിനെതിരായ ആക്രമണങ്ങളെ ഒരു അന്താരാഷ്ട്ര സംഘടന ഔദ്യോഗികമായി അപലപിക്കുന്നത് ചരിത്രത്തിൽ ഇതാദ്യമായാണ്. ഇറാൻ സമർപ്പിച്ച മറ്റൊരു പ്രമേയം അംഗരാജ്യങ്ങൾക്കിടയിൽ സമവായത്തിലെത്താത്ത സാഹചര്യത്തിലാണ് യുഎഇയുടെ നീക്കം വലിയ വിജയമായത്.
ബഹ്‌റൈൻ, കുവൈത്ത്, യുഎഇ, ജോർദാൻ തുടങ്ങിയ രാജ്യങ്ങളിലെ ടെലികമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾക്കെതിരെ അന്താരാഷ്ട്ര തലത്തിൽ പ്രതിരോധം തീർക്കാൻ പ്രമേയം വഴിതുറക്കും. ഇത്തരം അക്രമ സംഭവങ്ങൾ നിരീക്ഷിക്കാനും അവയുടെ ആഗോള പ്രത്യാഘാതങ്ങളെക്കുറിച്ച് റിപ്പോർട്ട് നൽകാനും ഐടിയു നേതൃത്വത്തിന് പ്രമേയം നിർദ്ദേശം നൽകുന്നുണ്ട്. കൂടാതെ, ആക്രമണങ്ങൾക്ക് ഇരയാകുന്ന രാജ്യങ്ങൾക്ക് ആവശ്യമായ അന്താരാഷ്ട്ര പിന്തുണ ഉറപ്പാക്കാനും ഇതിലൂടെ സാധിക്കും.
ഡിജിറ്റൽ സംവിധാനങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ കേവലം സാങ്കേതിക തകരാറല്ല, മറിച്ച് അടിയന്തര സേവനങ്ങൾ, മാനുഷിക സഹായ ഏകോപനം, സാമ്പത്തിക പ്രവർത്തനങ്ങൾ എന്നിവയെ നേരിട്ട് ബാധിക്കുന്ന വലിയ ഭീഷണിയാണെന്ന് യുഎന്നിലെ യുഎഇ പ്രതിനിധി ജമാൽ അൽ മുഷാറഖ് വ്യക്തമാക്കി. ഇത്തരം ആക്രമണങ്ങളുടെ ആഘാതം ദേശീയ അതിർത്തികൾക്ക് അപ്പുറത്തേക്ക് വ്യാപിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
നമ്മുടെ ഡിജിറ്റൽ ഭാവിയുടെ നട്ടെല്ലാണ് ടെലികമ്മ്യൂണിക്കേഷൻ ഇൻഫ്രാസ്ട്രക്ചർ എന്ന് യുഎഇ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി ഡയറക്ടർ ജനറൽ മജീദ് അൽ മെസ്മർ പറഞ്ഞു. ആഗോള കണക്റ്റിവിറ്റി തടസ്സമില്ലാതെ നിലനിർത്തുന്നത് ഒരു കൂട്ടായ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലും മനുഷ്യാവകാശ കൗൺസിലും അടുത്തിടെ സ്വീകരിച്ച നിലപാടുകൾക്ക് കരുത്ത് പകരുന്നതാണ് യുഎഇയുടെ ഈ നയതന്ത്ര വിജയം.
uae resolution on telecom infrastructure attacks gains approval at the united nations, marking a milestone in digital security. the measure condemns cyber threats targeting telecommunications networks and supports stronger global protection of critical digital infrastructure.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."