പൊലിസിനെ കാറിടിച്ച് വീഴ്ത്തി പാഞ്ഞു; ചാത്തന്നൂരിൽ കാപ്പ പ്രതിയെ പിടികൂടിയത് അതിസാഹസികമായി; 9 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു
കൊല്ലം: സിനിമ സ്റ്റൈൽ പോരാട്ടത്തിനൊടുവിൽ കൊല്ലം ചാത്തന്നൂരിൽ കാപ്പ കേസ് പ്രതിയെ പൊലിസ് വലയിലാക്കി. എംഡിഎംഎയുമായി എത്തിയ സനൂജ് എന്ന പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലിസ് സംഘത്തെ കാറിടിച്ച് വീഴ്ത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു പ്രതി. ആക്രമണത്തിൽ സിവിൽ പൊലിസ് ഓഫീസർ ഷെഫീക്കിന് പരിക്കേറ്റു.
ബൈക്കും പൊലിസുകാരനെയും വലിച്ചിഴച്ച് കാർ
സനൂജ് കാറിൽ മയക്കുമരുന്നുമായി എത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് സിറ്റി ഡാൻസഫ് സംഘം ചാത്തന്നൂരിൽ പരിശോധനയ്ക്കായി എത്തിയതായിരുന്നു. പ്രതി സഞ്ചരിച്ച കാർ തടഞ്ഞതോടെ സനൂജ് വാഹനം വേഗത്തിൽ ഓടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. ഈ ശ്രമത്തിനിടെ ഷെഫീക്ക് സഞ്ചരിച്ചിരുന്ന ബൈക്കിനെയും ഒപ്പമുണ്ടായിരുന്ന പൊലിസ് ഉദ്യോഗസ്ഥരെയും കാറിടിച്ച് തെറിപ്പിച്ചു.
കാറിന്റെ അടിയിൽ പൊലിസ് ഉദ്യോഗസ്ഥന്റെ ബൈക്ക് കുരുങ്ങിയിട്ടും പ്രതി വാഹനം നിർത്തിയില്ല. ഷെഫീക്കിനെയും ബൈക്കിനെയും മീറ്ററുകളോളം വലിച്ചിഴച്ചുകൊണ്ട് മുന്നോട്ട് പോയി. ഒടുവിൽ മറ്റ് ഉദ്യോഗസ്ഥർ സാഹസികമായി കാർ തടഞ്ഞു നിർത്തിയാണ് സനൂജിനെ കീഴടക്കിയത്.
ലഹരിവേട്ടയും കുറ്റകൃത്യങ്ങളും
പിടിയിലായ സനൂജിൽ നിന്ന് 9 ഗ്രാം എംഡിഎംഎ പൊലിസ് കണ്ടെടുത്തു. ഇയാൾ നേരത്തെയും പൊലിസിനെ ആക്രമിച്ച കേസിലെ പ്രതിയാണ്. ഒരു വർഷം മുമ്പ് വാഹന പരിശോധനയ്ക്കിടയിൽ ഒരു പൊലിസ് ഉദ്യോഗസ്ഥന്റെ കാലിലൂടെ കാർ കയറ്റി വിട്ട കേസിലും ഇയാൾ പ്രതിയായിരുന്നു. ക്രിമിനൽ പശ്ചാത്തലം പരിഗണിച്ച് ഇയാൾക്കെതിരെ കാപ്പ ചുമത്തിയിട്ടുള്ളതാണ്. പരിക്കേറ്റ സിവിൽ പൊലിസ് ഓഫീസർ ഷെഫീക്കിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."