ശ്രീനാരായണഗുരു ജയന്തി കുമരകം മത്സരവള്ളംകളി; മൂന്നുതൈക്കലിന് കിരീടം
കോട്ടയം: വീറുംവാശിയുമേറിയ മത്സരത്തിനൊടുവില്‍ വള്ളംകളി പ്രേമികളെ സാക്ഷിയാക്കി മൂന്നുതൈക്കല്‍ ജലരാജാക്കന്മാരായി.കോട്ടത്തോട്ടില്‍ നടന്ന 113ാമത് ശ്രീനാരായണഗുരു ജയന്തി കുമരകം മത്സരവള്ളംകളിയിലാണ് കുമരകം ടൗണ്‍ ബോട്ട്ക്ലബ്ബിന്റെ മൂന്നുതൈക്കല്‍ വള്ളത്തിന് ജേതാക്കളായത്. ഇരുട്ടുകുത്തി ഒന്നാം തരത്തില്‍ വെണ്ടത്തുശേരി ജിമ്മി തോമസ് ക്യാപ്റ്റനായുള്ള മൂന്നുതൈക്കല്‍ വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ കരീത്ര പൊന്നപ്പന്‍ ക്യാപ്ടനായ ദൃശ്യാ ബോട്ട് ക്ലബ്ബിന്റെ മാമ്മൂടനെയാണ് തോല്‍പ്പിച്ചത്. വ്യാഴാഴ്ച നടന്ന കവണാര്‍ ടൂറിസം ജലമേളയിലും മൂന്നുതൈക്കലിനായിരുന്നു കിരീടം.
ജലോത്സവത്തിലെ ബദ്ധവൈരികളായ വേലങ്ങാടനും കോടിമതയും തമ്മിലുള്ള അതിവാശിയേറിയ പോരാട്ടം കാണികളെ ത്രസിപ്പിച്ചു. ഇഞ്ചോടിഞ്ച് മത്സരത്തിനൊടുവില്‍ കോടിമതയെ വിജയിയായി പ്രഖ്യാപിച്ചു. സമുദ്രബോട്ട്ക്ലബ്ബ് തുഴഞ്ഞ കോടിമതയെ വിഷ്ണു വെളുത്തേടുത്തുപറമ്പില്‍ നയിച്ചു. ചാക്കോ പുളിമൂട്ടില്‍ ക്യാപ്ടനായ കവണാര്‍ കെവിബിസിയാണ് വേലങ്ങാടന്‍ തുഴഞ്ഞത്. ഇരുട്ടുകുത്തി രണ്ടാംതരത്തില്‍ ശ്രീരാജ് കെ പൊന്നപ്പന്‍ ക്യാപ്ടനായ കൈരളി ബോട്ട്ക്ലബ്ബിന്റെ സെന്റ്‌ജോസഫിനാണ് ഒന്നാംസ്ഥാനം. കുമ്മനം ബോട്ട്ക്ലബ്ബിന്റെ ശശികല ബാബുക്യാപ്ടനായ ദാനിയേല്‍ രണ്ടാംസ്ഥാനവും നേടി.
ചുരുളന്‍ രണ്ടാംതരത്തില്‍ കണ്ണാടിച്ചാല്‍ യുണൈറ്റഡ് ബോട്ട്ക്ലബ്ബിന്റെ അമല്‍ബാബു നയിച്ച ഡായി നമ്പര്‍ 2 വിജയിച്ചു. കെ കെ രാരിച്ചന്‍ ക്യാപ്ടനായ ബ്രദേഴ്‌സ് ബോട്ട്ക്ലബ്ബിന്റെ പുന്നത്രപുരയ്ക്കലിനാണ് വെപ്പ് ഗ്രേഡ് രണ്ടിലെ ഒന്നാംസ്ഥാനം. കുമരകം ടൗണ്‍ബോട്ട്ക്ലബ്ബിന്റെ ജവഹര്‍ തായങ്കരി ചുണ്ടന്‍ പ്രദര്‍ശന തുഴച്ചില്‍ നടത്തി.
ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കുമരകം പഞ്ചായത്ത്, ശ്രീകുമാരമംഗലം ദേവസ്വം, ജില്ലാടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവര്‍ സഹകരിച്ച് നടത്തുന്ന വള്ളംകളി ശ്രീനാരായണഗുരു കുമരകം സന്ദര്‍ശിച്ചതിന്റെ സ്മരണപുതുക്കിയാണ് ചതയംനാളില്‍ സംഘടിപ്പിക്കുന്നത്. ശ്രീകുമാരമംഗലം ക്ഷേത്രക്കടവില്‍ നിന്ന് ആരംഭിച്ച വര്‍ണശബളമായ ജലഘോഷയാത്രയോടെയായിരുന്നു വള്ളംകളിക്ക് തുടക്കം. ജോസ് കെ മാണി എംപി സമ്മേളനവും സുരേഷ്‌കുറുപ്പ് എം.എല്‍.എ വള്ളംകളിയും ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് വി.എസ് സുഗേഷ് അധ്യക്ഷനായി. 2016ലെ നെഹ്‌റുട്രോഫി നേടിയ കാരിച്ചാല്‍ ചുണ്ടന്റെ ഒന്നാം തുഴച്ചില്‍ക്കാരനായ അജീഷ് മാവിലശേരി, ഒന്നാം അമരക്കാരന്‍ ശിവന്‍ കാളത്ര എന്നിവരെ സുരേഷ്‌കുറുപ്പ് ആദരിച്ചു. ജില്ലാപഞ്ചായത്തംഗം ജയേഷ് മോഹന്‍, കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ പി സലിമോന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ എം ബാബു, കെ.വി ബിന്ദു, പഞ്ചായത്ത് വൈസ്പ്രസിഡന്റ് സിന്ധു രവികുമാര്‍, ദേവസ്വം പ്രസിഡന്റ് അഡ്വ. വി പി അശോകന്‍, രജിത കൊച്ചുമോന്‍, കെ ആര്‍ അരവിന്ദാക്ഷന്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി പി എസ് രഘു സ്വാഗതവും ട്രഷറര്‍ കെ പി സജീവ് നന്ദിയും പറഞ്ഞു. വിജയികള്‍ക്ക് കോട്ടയം ഡി.വൈ.എസ്.പി ഗിരീഷ് പി സാരഥി സമ്മാനങ്ങള്‍ നല്‍കി. പുഷ്‌കരന്‍ കുന്നത്തുചിറ അധ്യക്ഷനായി. സാല്‍വിന്‍ കൊടിയന്തറ സ്വാഗതവും കെ ജി ബിനു നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."