ലബനാന്റെ മൂന്ന് ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥരെ കൊലപ്പെടുത്തി ഇസ്‌റാഈല്‍
ബെയ്റൂത്ത്: ലബനാനില്‍ ഇസ്റാഈല്‍ ആക്രമണത്തില്‍ മൂന്നു ലബനാന്‍ സൈനികര്‍ കൊല്ലപ്പെട്ടു. കാറിനു നേരെയാണ് ആക്രമണം നടന്നത്. കാര്‍ പൂര്‍ണമായി അഗ്‌നിക്കിരയായി. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്ന് ഇസ്റാഈല്‍ സൈന്യം പ്രതികരിച്ചു.
രണ്ട് ഓഫിസര്‍മാരും ഒരു സൈനികനുമാണ് കൊല്ലപ്പെട്ടതെന്ന് ലബനാന്‍ സേന പറഞ്ഞു. ശനിയാഴ്ച രാവിലെയായിരുന്നു ആക്രമണം. കിരാതമായ ആക്രമണമാണ് നടന്നതെന്ന് ലബനാന്‍ സൈന്യം പറഞ്ഞു. സൈന്യത്തിനു നേരെ സംശയകരമായ രീതിയില്‍ പോയ കാറിനെയാണ് ആക്രമിച്ചതെന്ന് ഇസ്റാഈല്‍ സൈന്യം പറഞ്ഞു. ആക്രമണം നടന്ന മേഖലയില്‍ വെടിവയ്പും നടന്നിരുന്നു.
തെക്കന്‍ ലബനാനില്‍ ഹിസ്ബുല്ലയുമായാണ് ഇസ്റാഈല്‍ സൈന്യം കഴിഞ്ഞ മാര്‍ച്ച് മുതല്‍ യുദ്ധം ചെയ്യുന്നത്. ലബനാന്‍ സര്‍ക്കാരുമായോ സൈന്യവുമായോ ഏറ്റുമുട്ടുന്നില്ല. എന്നിരുന്നാലും ഇസ്റാഈല്‍ സൈന്യം പലപ്പോഴായി ലബനാന്‍ സൈന്യത്തെ ആക്രമിക്കുകയും ലബനാന്‍ സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.
ഇസ്റാഈലിനെതിരേ യുദ്ധക്കുറ്റം ചുമത്തി ഫ്രാന്‍സ്
പാരിസ്: കഴിഞ്ഞ മാസം ഗസ്സയിലേക്ക് പുറപ്പെട്ട അന്താരാഷ്ട്ര സഹായക്കപ്പല്‍ ഫ്രീഡം ഫ്ളോട്ടില്ല തടഞ്ഞ് ആക്ടിവിസ്റ്റുകളെ ക്രൂരമായി പീഡിപ്പിച്ച പരാതിയില്‍ ഇസ്റാഈലിനെതിരേ ഫ്രാന്‍സ് ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചു. ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയത്തിന്റെ ശുപാര്‍ശയെ തുടര്‍ന്ന് ഫ്രാന്‍സിലെ ഭീകരവിരുദ്ധ പ്രൊസിക്യൂട്ടര്‍മാരാണ് ഇസ്റാഈല്‍ നടപടിക്കെതിരേ പീഡനം, യുദ്ധക്കുറ്റം എന്നീ കുറ്റങ്ങള്‍ ചുമത്തി പ്രാഥമിക അന്വേഷണം തുടങ്ങിയത്.
'ഗ്ലോബല്‍ സുമൂദ് ഫ്‌ളോട്ടില്ല' എന്ന പേരില്‍ ഗസ്സയിലേക്ക് പോയ സഹായക്കപ്പലിലെ സമാധാന പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തപ്പോള്‍ ഇസ്റാഈല്‍ സൈന്യം അതിക്രൂരമായ പീഡനങ്ങള്‍ക്കും ലൈംഗികാതിക്രമങ്ങള്‍ക്കും ഇരയാക്കിയെന്നാണ് ഫ്രഞ്ച് നയതന്ത്ര കാര്യാലയത്തിന് ലഭിച്ച പരാതി. 1984 ഡിസംബര്‍ 10ലെ ന്യൂയോര്‍ക്ക് കണ്‍വന്‍ഷന്‍ പ്രകാരം ഇത് യുദ്ധക്കുറ്റമായി കണക്കാക്കാം എന്നാണ് പാരിസ് പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."