തോൽവി തന്ന തിരിച്ചറിവ്; ‘വെള്ളാപ്പള്ളി നടേശന്റേത് ഒരേസമയം രണ്ടു തോണിയിൽ കാൽവെച്ചുള്ള നിലപാട് ‘; ബഹുമുഖവേഷം തിരിച്ചറിയണമെന്ന് പി. ജയരാജൻ
തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കടുത്ത രാഷ്ട്രീയ ആക്രമണവുമായി സി.പി.എം സംസ്ഥാന സമിതി അംഗം പി. ജയരാജൻ. വെള്ളാപ്പള്ളി നടേശൻ ഒരേസമയം രണ്ടു തോണിയിൽ കാൽവെച്ചുള്ള നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹത്തിന്റെ ഈ ബഹുമുഖവേഷം കേരളീയ സമൂഹം തിരിച്ചറിയണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.
തിരുവനന്തപുരത്ത് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ സാംസ്‌കാരിക വിഭാഗമായ ‘രചന’ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയരാജൻ രചിച്ച ‘സനാതനികളുടെ ഹിന്ദുത്വ വഴികൾ’ എന്ന പുസ്തകത്തെ ആസ്പദമാക്കിയായിരുന്നു പരിപാടി.
ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇന്ന് ഗുരുദേവ ദർശനങ്ങൾക്ക് പൂർണ്ണമായും വിരുദ്ധമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ജയരാജൻ കുറ്റപ്പെടുത്തി.
"വെള്ളാപ്പള്ളി ഒരേസമയം എസ്എൻഡിപി ജനറൽ സെക്രട്ടറിയും ഇടതു സർക്കാർ രൂപീകരിച്ച നവോത്ഥാന സമിതിയുടെ നായകനുമായി നിന്നു. തൊട്ടുപിന്നാലെ മകനെ ബി.ഡി.ജെ.എസിന്റെ ജനറൽ സെക്രട്ടറിയാക്കി സംഘപരിവാർ ശക്തികളുടെ കൂടെയയച്ചു. ഇപ്പോൾ ഭാര്യ പ്രീതി നടേശൻ ബി.ജെ.പി സ്ഥാനാർഥികളെ വെള്ളപൂശാൻ വേണ്ടി നടക്കുകയാണ്." എന്നും പി. ജയരാജൻ കുറ്റപ്പെടുത്തി.
സി.പി.എം നിലപാടിലെ മാറ്റം; വഴിത്തിരിവായത് തെരഞ്ഞെടുപ്പ് തോൽവി
സമീപകാല ചരിത്രത്തിൽ ഇതാദ്യമായാണ് വെള്ളാപ്പള്ളിക്കും കുടുംബത്തിനുമെതിരെ ഒരു മുതിർന്ന സി.പി.എം നേതാവ് ഇത്രയും കടുത്ത ഭാഷയിൽ രംഗത്തുവരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ വെള്ളാപ്പള്ളിയോടുള്ള സമീപനത്തിൽ പാർട്ടി മാറ്റം വരുത്തുന്നതിന്റെ വ്യക്തമായ സൂചനയാണിത്.
അടുത്തിടെ നടന്ന സി.പി.എം നേതൃയോഗങ്ങളിൽ വെള്ളാപ്പള്ളി നടേശനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന വിലയിരുത്തലുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാണ് ജയരാജന്റെ പ്രസ്താവന.
വെള്ളാപ്പള്ളി നടേശനോട് പാർട്ടി സ്വീകരിച്ച മൃദുസമീപനം ന്യൂനപക്ഷ വിഭാഗങ്ങൾ ഇടതുമുന്നണിയിൽ നിന്ന് അകലാൻ കാരണമായി. തെരഞ്ഞെടുപ്പിന് മുൻപ് വെള്ളാപ്പള്ളി നടത്തിയ വിവാദപരമായ വർഗീയ പരാമർശങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ സംസ്ഥാന നേതാക്കൾക്ക് കഴിഞ്ഞില്ല.
മുമ്പ് ആഗോള അയ്യപ്പസംഗമം നടന്ന വേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളാപ്പള്ളിയെ സ്വന്തം കാറിൽ കയറ്റി യാത്ര ചെയ്തത് വലിയ വിവാദമായിരുന്നു. അക്കാലത്തൊക്കെയും വെള്ളാപ്പള്ളിയെയും അദ്ദേഹത്തിന്റെ നിലപാടുകളെയും ന്യായീകരിക്കുന്ന സമീപനമായിരുന്നു മുഖ്യമന്ത്രിയും മറ്റ് മുതിർന്ന നേതാക്കളും സ്വീകരിച്ചിരുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് തിരിച്ചടിയോടെ വെള്ളാപ്പള്ളിയുമായുള്ള 'മൃദുസമീപനം' അവസാനിപ്പിച്ച് പരസ്യമായ രാഷ്ട്രീയ പോരാട്ടത്തിന് സി.പി.എം തുടക്കമിടുന്നു എന്നതിന്റെ തെളിവാണ് ജയരാജന്റെ ഈ പുതിയ ആക്രമണം.
the realization given by defeat; 'vellappally natesan's stance is like keeping feet in two boats at the same time'; p. jayanarayan says multi-faceted role must be recognized
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."