2026-ലെ യുഎൻ ക്രൈം കോൺഗ്രസിന് ആതിഥേയത്വം വഹിക്കാൻ യുഎഇ ഒരുങ്ങുന്നു
ദുബൈ : സെപ്റ്റംബറിൽ അബുദബിയിൽ വെച്ച് നടക്കുന്ന പതിനഞ്ചാമത് യുഎൻ ക്രൈം കോൺഗ്രസിന് ആതിഥേയത്വം വഹിക്കാൻ യുഎഇ സജ്ജമാണെന്ന് നീതിന്യായ മന്ത്രി അബ്ദുല്ല സുൽത്താൻ ബിൻ അവാദ് അൽ നുഐമി അറിയിച്ചു. യുണൈറ്റഡ് നേഷൻസ് കമ്മീഷൻ ഓൺ ക്രൈം പ്രിവൻഷൻ ആൻഡ് ക്രിമിനൽ ജസ്റ്റിസിന്റെ നിലവിലെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിന്റെ ഉദ്ഘാടന വേളയിൽ "അബുദാബി ഡിക്ലറേഷൻ" അംഗീകരിക്കാൻ അംഗരാജ്യങ്ങൾ പരിശ്രമിക്കണമെന്നും, "പ്ലെഡ്ജ് ഫോർ ജസ്റ്റിസ്" സംരംഭത്തിൽ സജീവമായി പങ്കെടുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. അന്താരാഷ്ട്ര ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെ കാര്യക്ഷമത വർധിപ്പിക്കാൻ ഉതകുന്ന ഉറച്ച പ്രതിബദ്ധതകൾ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
250-ലധികം സൈഡ് ഇവന്റുകളും 35 സ്പെഷ്യലൈസ്ഡ് എക്സിബിഷനുകളും ഉൾപ്പെടുന്ന ഈ കോൺഗ്രസ്, കുറ്റകൃത്യങ്ങൾ തടയുന്നതിലും നീതിന്യായ മേഖലയിലും ആഗോളതലത്തിൽ ചർച്ചകൾക്കും സഹകരണത്തിനുമുള്ള പ്രധാന വേദിയായിരിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പരിസ്ഥിതിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ, കൃത്രിമ ബുദ്ധിയുടെ (AI) ഉത്തരവാദിത്തമുള്ള ഉപയോഗം, ലഹരിമരുന്ന് കടത്ത്, കുറ്റവാളികളുടെ പുനരധിവാസം തുടങ്ങിയ വിഷയങ്ങളിൽ ഉന്നതതല ചർച്ചകൾ കോൺഗ്രസിൽ നടക്കും.
സർക്കാരുകൾ, സ്വകാര്യ മേഖല, സിവിൽ സമൂഹം, യുവജനങ്ങൾ എന്നിവരെ ഉൾക്കൊള്ളുന്ന വിപുലമായ പങ്കാളിത്തമാണ് കോൺഗ്രസിനായി യുഎഇ ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."