കരിപ്പൂർ സ്വർണക്കടത്ത്: കവർച്ചാ സംഘങ്ങളെയും മുതലാളിയെയും ഒരേപോലെ പറ്റിച്ചു; കാരിയർ ഉൾപ്പെടെ രണ്ടുപേർ റിമാൻഡിൽ
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണം പൊട്ടിക്കൽ (സ്വർണക്കവർച്ച) കേസിൽ സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങൾ. വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം കാണാതായെന്ന് കുടുംബം പരാതി നൽകിയ സ്വർണക്കടത്ത് കാരിയർ ഉൾപ്പെടെ രണ്ടുപേരെ പൊലിസ് അറസ്റ്റ് ചെയ്തു.
മലപ്പുറം മുണ്ടുപറമ്പ് സ്വദേശി മുഹമ്മദ് സൽമാൻ സാലിഹ് (26), പരപ്പനങ്ങാടി സ്വദേശി പി.പി. സാദിഖ് (38) എന്നിവരാണ് കരിപ്പൂർ പൊലിസിന്റെ പിടിയിലായത്. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.
പൊലിസ് നൽകുന്ന വിവരങ്ങൾ അനുസരിച്ച് കഴിഞ്ഞ ഞായറാഴ്ച രാത്രി 9.30-ഓടെയാണ് ജിദ്ദയിൽ നിന്നും സൽമാൻ സാലിഹ് സ്വർണവുമായി കരിപ്പൂരിൽ എത്തിയത്. സൽമാന്റെ പക്കൽ നിന്നും സ്വർണം തട്ടിയെടുക്കാനായി (പൊട്ടിക്കാൻ) അഞ്ച് വ്യത്യസ്ത ക്വട്ടേഷൻ സംഘങ്ങളാണ് വിമാനത്താവള പരിസരത്ത് തമ്പടിച്ചിരുന്നത്. ഇവരിൽ 13 പേരെ പൊലിസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, തന്നെ കാത്തുനിന്ന കവർച്ചാ സംഘങ്ങളെയെല്ലാം അതിവിദഗ്ധമായി കബളിപ്പിച്ച് സൽമാൻ വിമാനത്താവളത്തിൽ നിന്നും കടന്നുകളയുകയായിരുന്നു.
വിമാനമിറങ്ങിയ സൽമാൻ വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് ഇയാളെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പൊലിസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലിസ് നടത്തിയ ഊർജിതമായ അന്വേഷണത്തിലാണ് സൽമാനും കൂട്ടാളി സാദിഖും വലയിലാകുന്നത്.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കവർച്ചാ സംഘങ്ങളെയും യഥാർത്ഥ സ്വർണക്കടത്ത് ഉടമകളെയും ഒരുപോലെ പറ്റിച്ചുള്ള സൽമാന്റെ സ്വർണം മുക്കൽ നാടകം പുറത്തുവന്നത്. സ്വർണം കൊടുത്തുവിട്ട ഉടമ പറഞ്ഞ ആൾക്ക് നൽകാതെ, സ്വന്തം കൂട്ടാളികൾക്ക് കൈമാറി ലാഭം തുല്യമായി വീതിക്കാൻ സൽമാൻ നേരത്തെ തന്നെ പദ്ധതിയിട്ടിരുന്നു.
വിമാനത്താവളത്തിൽ നിന്നും തന്ത്രപരമായി രക്ഷപ്പെട്ട സൽമാൻ സ്വന്തം സംഘത്തോടൊപ്പം കാറിൽ മുക്കത്തുള്ള ഒരു വീട്ടിലെത്തി. ഇവിടെ വെച്ച് സാദിഖും മറ്റ് രണ്ടുപേരും ഇവർക്കൊപ്പം ചേർന്നു. തുടർന്ന് നാലുപേരും ചേർന്ന് കാറിൽ എറണാകുളത്തേക്ക് പോവുകയും അവിടെ മുറിയെടുത്ത് താമസിക്കുകയും ചെയ്തു. എറണാകുളത്തെ മുറിയിൽ വെച്ചാണ് ട്രോളി ബാഗ് പൊളിച്ച് അകത്തുണ്ടായിരുന്ന സ്വർണം ഇവർ പരസ്പരം പങ്കിട്ടത്.
കടത്തിക്കൊണ്ടുവന്ന കള്ളക്കടത്ത് സ്വർണം കണ്ടെത്താനുള്ള ശ്രമങ്ങൾ പൊലിസ് ഊർജിതമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
In the Karipur gold smuggling case, a carrier and his accomplice have been remanded in custody after successfully double-crossing both the robbery gangs waiting for the contraband and the actual mastermind who orchestrated the operation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."