മൊറോക്കെയ്‌ക്കെതിരേ നെയ്മർ കളിക്കില്ല; വെളിപ്പെടുത്തി ആൻസലോട്ടി
ന്യൂയോർക്ക്: 2026 ഫിഫ ലോകകപ്പിൽ ബ്രസീൽ ഫുട്‌ബോൾ പ്രേമികളെ നിരാശയിലാഴ്ത്തി പരിശീലകൻ കാർലോ ആൻസലോട്ടിയുടെ വെളിപ്പെടുത്തൽ. സൂപ്പർ താരമായ നെയ്മർ നാളെ നടക്കുന്ന മൊറോക്കോയ്‌ക്കെതിരായ കടുത്ത പോരാട്ടത്തിന് ഇറങ്ങില്ലെന്ന് തുറന്നുപറഞ്ഞു. വലതുകാലിലെ പേശിവലിവാണ് താരത്തിന്റെയും ആരാധകരുടെയും പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിച്ചത്.
മുൻ ബാഴ്‌സ താരവും നിലവിലെ പി.എസ്.ജിക്കാരനുമായ നെയ്മർ അടുത്ത ആഴ്ചയോടെയാണ് ടീമിനൊപ്പം പരിശീലനത്തിൽ പങ്കെടുക്കുക. ഇതിനാൽ 20ന് ഹെയ്തിക്കെതിരായ രണ്ടാം മത്സരത്തിൽ കളിക്കുന്ന കാര്യവും സംശയത്തിലാണെന്നും ആൻസലോട്ടി പറഞ്ഞു. പരുക്കിൽ നിന്ന് അതിവേഗം മുക്തനാവാൻ നെയ്മർ നന്നായി പരിശ്രമിക്കുന്നുണ്ടെന്നും പരിശീലകൻ കൂട്ടിച്ചേർത്തു.
ടീം അധികൃതർ ഔദ്യോഗികമായി ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് പൂർണ്ണമായി നെയ്മറെ ഒഴിവാക്കിയിട്ടില്ലെങ്കിലും, താരം നിലവിൽ യു.എസിൽ പ്രത്യേക ഫിറ്റ്‌നസ് കോച്ചുമാരുടെ കീഴിലാണ്. മെഡിക്കൽ സംഘത്തിന്റെ പച്ചക്കൊടി ലഭിച്ചാൽ മാത്രമേ നെയ്മറിന് ടൂർണമെന്റിൽ പന്ത് തട്ടാനാകൂ.
ബ്രസീലിയൻ ഫുട്‌ബോളിലെ ഇതിഹാസങ്ങളിലൊരാളായ 34 കാരൻ നെയ്മർ, സെലെക്കാവോയ്ക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച രണ്ടാമത്തെ താരമാണ് (128 മത്സരങ്ങൾ). കൂടാതെ 79 ഗോളുകളോടെ ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനും 59 അസിസ്റ്റുകളോടെ ഈ ചാർട്ടിലും ഒന്നാമനുമാണ്. മികച്ച വ്യക്തിഗത റെക്കോർഡുകൾ സ്വന്തമായുണ്ടെങ്കിലും കാനറികൾക്കൊപ്പം ഒരു പ്രധാന അന്താരാഷ്ട്ര കിരീടം നേടാൻ നെയ്മറിന് ഇതുവരെ സാധിച്ചിട്ടില്ല. 2013ലെ കോൺഫെഡറേഷൻസ് കപ്പും 2016ലെ റിയോ ഒളിമ്പിക്‌സിലെ സ്വർണ്ണ മെഡലുമാണ് ദേശീയ ടീമിനൊപ്പം നെയ്മർ നേടിയ പ്രധാന നേട്ടങ്ങൾ.
സാന്റോസിലേക്കുള്ള തിരിച്ചുവരവും പരിക്കും
2023നും 2025നും ഇടയിൽ സഊദി ക്ലബ്ബായ അൽഹിലാലിൽ വെച്ച് നേരിട്ട തുടർച്ചയായ പരിക്കുകൾ നെയ്മറുടെ കരിയറിന് വലിയ തിരിച്ചടിയായിരുന്നു. എന്നാൽ ലോകകപ്പിന് മുൻപ് പൂർണ്ണ ഫിറ്റ്‌നസ് വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം തന്റെ ബാല്യകാല ക്ലബ്ബായ സാന്റോസിലേക്ക് തിരിച്ചെത്തിയത്. സാന്റോസിലെ തന്റെ രണ്ടാം വരവിൽ മികച്ച ഫോമിലായിരുന്ന താരം 36 മത്സരങ്ങളിൽ നിന്ന് 17 ഗോളുകളും 8 അസിസ്റ്റുകളും സ്വന്തമാക്കി. ഇതേത്തുടർന്നാണ് ബ്രസീൽ പരിശീലകൻ കാർലോ ആൻസലോട്ടി താരത്തെ ലോകകപ്പ് സ്‌ക്വാഡിലേക്ക് തിരഞ്ഞെടുത്തത്.
എന്നാൽ മേയ് പകുതിയോടെ സാന്റോസിന് വേണ്ടി കളിക്കുന്നതിനിടെയാണ് നെയ്മറിന് വീണ്ടും പരിക്കേൽക്കുന്നത്. ബ്രസീൽ ടീം ഡോക്ടർ റോഡ്രിഗോ ലാസ്മർ നടത്തിയ എംആർഐ സ്‌കാനിങ്ങിലാണ് വലതുകാലിലെ പേശിയിൽ ഭാഗികമായ കീറൽ കണ്ടെത്തിയത്.
2026 ലോകകപ്പിൽ ഗ്രൂപ്പ് സിയിലാണ് ബ്രസീൽ മത്സരിക്കുന്നത്. നെയ്മറുടെ അഭാവത്തിൽ നോക്കൗട്ട് ഘട്ടത്തിലേക്ക് ടീമിനെ നയിക്കുക എന്ന വലിയ ഉത്തരവാദിത്തം വിനീഷ്യസ് ജൂനിയർ, റാഫിൻഹ തുടങ്ങിയ യുവതാരങ്ങളിലേക്ക് എത്തിപ്പെട്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."