ബിഹാറിൽ കള്ളന്മാർക്ക് 'റേഞ്ച്' കൂടി! പാലത്തിനും റെയിൽവേ ട്രാക്കിനും പിന്നാലെ ജനവാസ മേഖലയിൽ നിന്ന് 132 അടി ഉയരമുള്ള മൊബൈൽ ടവർ മോഷ്ടിക്കപ്പെട്ടു; അന്വേഷണം തുടങ്ങി
ബക്‌സർ: ബിഹാറിൽ ജനങ്ങളെയും പൊലിസിനെയും ഒരുപോലെ അമ്പരപ്പിക്കുന്ന വിചിത്ര മോഷണങ്ങൾ തുടരുന്നു. 60 അടി നീളമുള്ള പാലവും കിലോമീറ്ററുകളോളം നീളമുള്ള റെയിൽവേ ട്രാക്കും മോഷ്ടിച്ചതിന് പിന്നാലെ, ഇത്തവണ ഒരു കൂറ്റൻ മൊബൈൽ ടവറാണ് സംസ്ഥാനത്ത് നിന്ന് അപ്രത്യക്ഷമായിരിക്കുന്നത്. ബിഹാറിലെ ബക്‌സർ ജില്ലയിലെ ദുംറാവോണിലാണ് ജനവാസ മേഖലയുടെ നടുവിൽ സ്ഥാപിച്ചിരുന്ന 132 അടി ഉയരമുള്ള ടെലികോം ടവർ ആരുടെയും ശ്രദ്ധയിൽപ്പെടാതെ കള്ളന്മാർ കടത്തിക്കൊണ്ടുപോയത്.
വർഷങ്ങളായി പ്രവർത്തനരഹിതമായിരുന്ന ടവറിന്റെ അറ്റകുറ്റപ്പണികൾക്കായി ജി.ടി.എൽ ഇൻഫ്രാസ്ട്രക്ചർ കമ്പനി ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയപ്പോഴാണ് ടവർ അവിടെയില്ലെന്ന ഞെട്ടിക്കുന്ന വിവരം പുറത്തറിയുന്നത്. 132 അടി ഉയരമുള്ള കൂറ്റൻ ഇരുമ്പ് ടവറിന് പുറമെ, അവിടെ സ്ഥാപിച്ചിരുന്ന 15 കെ.വി.എ (KVA) ജനറേറ്ററും മറ്റ് വിലപിടിപ്പുള്ള സാങ്കേതിക ഉപകരണങ്ങളും പൂർണ്ണമായും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്.
ജനസാന്ദ്രതയേറിയ ഒരു പ്രദേശത്ത് നിന്നും 132 അടി ഉയരമുള്ള ടെലികോം ടവർ ആരും അറിയാതെ എങ്ങനെ അപ്രത്യക്ഷമായി എന്നത് നാട്ടുകാരെയും പൊലിസിനെയും ഒരുപോലെ അത്ഭുതപ്പെടുത്തുന്നുണ്ട്. കമ്പനി പ്രതിനിധിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ദുംറോൺ പൊലിസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഭൂമിയുടമയെയടക്കം ചോദ്യം ചെയ്യുമെന്ന് ബക്‌സർ എസ്.പി ശുഭം ആര്യ വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് കമ്പനിയിൽ നിന്ന് രേഖാമൂലം പരാതി ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഊർജ്ജിതമായ അന്വേഷണം പുരോഗമിക്കുകയാണ് ബക്‌സർ എസ്.പി ശുഭം ആര്യ വ്യക്തമാക്കി. അതേസമയം, പത്ത് വർഷം മുമ്പ് ഒപ്പിട്ട കരാർ 2022-ൽ അവസാനിച്ചതാണെന്നും പിന്നീട് കമ്പനി വാടക നൽകിയിരുന്നില്ലെന്നും ഭൂമിയുടമ ഹരേനാഥ് യാദവ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കമ്പനിക്ക് പലതവണ നോട്ടീസ് അയച്ചിട്ടും മറുപടി ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിഹാറിനെ ഞെട്ടിച്ച മുൻകാല 'വമ്പൻ' മോഷണങ്ങൾ
വൻകിട നിർമ്മിതികൾ കള്ളന്മാർ അപ്പാടെ വിഴുങ്ങുന്ന സംഭവങ്ങൾ ബിഹാറിൽ ഇതാദ്യമായല്ല. മുൻപും സമാനമായ രീതിയിൽ രാജ്യത്തെ ഞെട്ടിച്ച മോഷണങ്ങൾ ബിഹാറിൽ നടന്നിട്ടുണ്ട്.
2022-ൽ സംസ്ഥാനത്തെ റോഹ്താസ് ജില്ലയിലെ ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന പകൽവെളിച്ചത്തിൽ എത്തിയ കള്ളന്മാർ, ബ്രിട്ടീഷ് കാലഘട്ടത്തിൽ നിർമ്മിച്ച 60 അടി നീളവും 500 ടൺ ഭാരവുമുള്ള ഇരുമ്പ് പാലം ഗ്യാസ് കട്ടറുകൾ ഉപയോഗിച്ച് മുറിച്ച് ലോറികളിൽ കടത്തിക്കൊണ്ടുപോയിരുന്നു. ഇതിന്റെ അന്വേഷണം ഇതുവരെ എങ്ങുമെത്തിയില്ല.
2023 ഫെബ്രുവരിയിൽ സമസ്തിപുർ ജില്ലയിൽ റെയിൽവേ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് രണ്ട് കിലോമീറ്ററോളം നീളമുള്ള റെയിൽവേ ട്രാക്കും അതിന്റെ അവശിഷ്ടങ്ങളുമാണ് അജ്ഞാതർ മോഷ്ടിച്ചത്.
ഈ മുൻകാല കേസുകളിലൊക്കെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പൊലിസ് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ഇതുവരെ പ്രതികളെ പിടികൂടാനോ മോഷ്ടിക്കപ്പെട്ട സാധനങ്ങൾ കണ്ടെത്താനോ കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. പുതിയ മൊബൈൽ ടവർ മോഷണക്കേസിലെങ്കിലും പൊലിസിന് പുരോഗതിയുണ്ടാകുമോ എന്ന കാത്തിരിപ്പിലാണ് നാട്ടുകാർ.
In a bizarre incident in Bihar, thieves have managed to steal an entire 132-foot-tall mobile tower from a residential area. This comes after a series of shocking thefts in the state, where thieves previously stole an entire iron bridge and railway tracks.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."