രാഹുൽ ദ്രാവിഡിന്റെ റെക്കോർഡ് തകർക്കാൻ രോഹിത്; കളത്തിലിറങ്ങിയാൽ ഹിറ്റ്മാനെ കാത്തിരിക്കുന്നത് ചരിത്രനേട്ടം
ലഖ്നൗ: ഇന്ത്യ-അഫ്ഗാനിസ്ഥാൻ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനായുള്ള ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകർ. ജൂൺ 17-ന് ലഖ്നൗവിലെ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ വിജയിച്ചാൽ ശുഭ്മൻ ഗില്ലിനും സംഘത്തിനും പരമ്പര സ്വന്തമാക്കാം. ആദ്യ മത്സരത്തിൽ നേടിയ ഏഴ് വിക്കറ്റ് വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. മറുഭാഗത്ത്, പരമ്പര കൈവിടാതിരിക്കാൻ അഫ്ഗാനിസ്ഥാന് ഈ മത്സരത്തിൽ വിജയം അനിവാര്യമാണ്.
എന്നാൽ, ഈ മത്സരത്തിൽ കളത്തിലിറങ്ങുന്നതോടെ മുൻ ഇന്ത്യൻ നായകനും സീനിയർ താരവുമായ രോഹിത് ശർമ്മയെ കാത്തിരിക്കുന്നത് ഒരു വമ്പൻ ചരിത്രനേട്ടമാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരങ്ങളുടെ പട്ടികയിൽ 'ഇന്ത്യൻ വന്മതിൽ' രാഹുൽ ദ്രാവിഡിനെ മറികടന്ന് നാലാം സ്ഥാനത്തേക്ക് മുന്നേറാനുള്ള അവസരമാണ് രോഹിത്തിന് കൈവന്നിരിക്കുന്നത്.
നിലവിൽ മൂന്ന് ഫോർമാറ്റുകളിലുമായി 509 അന്താരാഷ്ട്ര മത്സരങ്ങളിലാണ് രോഹിത് ഇന്ത്യക്കായി കുപ്പായമണിഞ്ഞത്. രാഹുൽ ദ്രാവിഡും 509 മത്സരങ്ങളുമായി രോഹിത്തിനൊപ്പമുണ്ട്. നാളത്തെ മത്സരത്തോടെ ദ്രാവിഡിനെ മറികടന്ന് രോഹിത് നാലാം സ്ഥാനത്തെത്തും. ഇന്ത്യക്കായി 283 ഏകദിനങ്ങളിലും 67 ടെസ്റ്റുകളിലും 159 ട്വന്റി-20 മത്സരങ്ങളിലുമാണ് രോഹിത് പാഡ് കെട്ടിയത്. മറുഭാഗത്ത് ദ്രാവിഡ് 344 ഏകദിനങ്ങളും 164 ടെസ്റ്റുകളും ഒരു ട്വന്റി-20യുമാണ് കളിച്ചിട്ടുള്ളത്.
അന്താരാഷ്ട്ര തലത്തിൽ ഇന്ത്യക്കായി ഏറ്റവുമധികം മത്സരങ്ങൾ കളിച്ച താരങ്ങളുടെ പട്ടികയിൽ ഒന്നാമൻ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കറാണ് (664 മത്സരങ്ങൾ). 559 മത്സരങ്ങളുമായി വിരാട് കോഹ്‌ലി രണ്ടാമതും, 538 മത്സരങ്ങളോടെ എം.എസ്. ധോണി മൂന്നാമതുമുണ്ട്.
2027 ഏകദിന ലോകകപ്പിനുള്ള ഒരുക്കങ്ങൾക്ക് തുടക്കം കുറിക്കുന്ന പരമ്പരയായതിനാൽ ഇരു ടീമുകളും ഏറെ പ്രാധാന്യത്തോടെയാണ് ഇതിനെ കാണുന്നത്. ജൂൺ 20-ന് ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം നടക്കുക.
മത്സരത്തിനുള്ള ഇരു ടീമുകളുടെയും സ്ക്വാഡ്:
- ഇന്ത്യ: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, യശസ്വി ജെയ്സ്വാൾ, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), കെ.എൽ. രാഹുൽ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ, ഹർഷ് ദുബെ, പ്രിൻസ് യാദവ്.
- അഫ്ഗാനിസ്ഥാൻ: ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റൻ), മുഹമ്മദ് നബി, റഹ്മത്ത് ഷാ, ഫരീദ് അഹമ്മദ്, റാഷിദ് ഖാൻ, ഇക്രം അലിഖിൽ, അസ്മത്തുള്ള ഒമർസായ്, ഇബ്രാഹിം സദ്രാൻ, ദർവീഷ് അബ്ദുൾ റസൂലി, നങ്കേയാലിയ ഖരോട്ടെ, ഖൈസ് അഹമ്മദ്, സിയാവുർ റഹ്മാൻ, റഹ്മാനുള്ള ഗുർബാസ്, സെദിഖുള്ള അടൽ, ബിലാൽ സാമി, മുഹമ്മദ് സലീം, അല്ലാഹ് ഗസൻഫാർ, ബഷീർ അഹമ്മദ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."