ഗില്ലിനും ഇഷാൻ കിഷനും സെഞ്ചുറി; അഫ്ഗാനെതിരേ പരമ്പര സ്വന്തമാക്കി ഇന്ത്യ
ലഖ്‌നൗ: ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെയും വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷന്റെയും തകർപ്പൻ സെഞ്ചുറിക്കരുത്തിൽ അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് കൂറ്റൻ ജയം. ഈ മത്സരത്തിൽ 170 റൺസിന്റെ തകർപ്പൻ ജയം നേടിയ ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പര 2-0ന് സ്വന്തമാക്കി. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 49.5 ഓവറിൽ 402 റൺസെടുത്ത് ഓൾഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനെ 44.3 ഓവറിൽ 232 റൺസിന് പുറത്താക്കിയ ഇന്ത്യൻ ബൗളർമാർ ജയവും പരമ്പരയും സമ്മാനിച്ചു. ആദ്യ ഇന്നിങ്‌സിലെ പ്രകടനത്തോടെ നായകൻ ഗിൽ ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 3000 റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന നേട്ടവും സ്വന്തമാക്കി. വെറും 62 മത്സരങ്ങളിലാണ് താരം ഈ റെക്കോർഡ് കുറിച്ചത്. ഏദിനത്തിൽ അരങ്ങേറ്റം കുറിച്ച പ്രിൻസ് യാദവ് രണ്ട് വിക്കറ്റെടുത്ത് തിളങ്ങി.
ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യം ബാറ്റുചെയ്ത ഇന്ത്യക്ക് 110 പന്തിൽ 154 റൺസെടുത്ത ഗില്ലിന്റെയും 79 പന്തിൽ 125 റൺസെടുത്ത ഇഷാൻ കിഷന്റെയും തകർപ്പൻ പ്രകടനമാണ് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. ഗില്ലിന്റെ ബാറ്റിൽ നിന്ന് 22 ഫോറും 2 സിക്‌സും പിറന്നപ്പോൾ കിഷന്റെ ബാറ്റിൽ നിന്ന് 14 ഫോറും 7 സിക്‌സും ഉടലെടുത്തു. ക്യാപ്റ്റൻ ഗില്ലാണ് കളിയിലെ താരം. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാൻ നിരയിൽ റഹ്മത്ത് ഷാ (89 പന്തിൽ 79) പൊരുതിയെങ്കിലും ജയം വിദൂരത്തായി.
രണ്ടാം ഓവറിൽ തന്നെ യശസ്വി ജയ്‌സ്വാളിനെ (4) നഷ്ടമായെങ്കിലും പിന്നീട് ഗില്ലും രോഹിത് ശർമയും ചേർന്ന് ഇന്ത്യയെ ശക്തമായ നിലയിലേക്ക് എത്തിച്ചു. 48 റൺസെടുത്ത രോഹിത് ശർമ പുറത്താകുന്നതിന് മുമ്പ് ലിസ്റ്റ് എ ക്രിക്കറ്റിൽ 14,000 റൺസ് എന്ന നേട്ടവും സ്വന്തമാക്കി. അവസാന ഓവറുകളിൽ വാലറ്റം കൂട്ടത്തോടെ പുറത്തായതോടെ ഇന്ത്യയുടെ സ്‌കോർ 402ൽ അവസാനിച്ചു. അഫ്ഗാനിസ്ഥാനുവേണ്ടി നംഗെലിയ ഖരോട്ടെ നാല് വിക്കറ്റ് വീഴ്ത്തി തിളങ്ങി. 76 റൺസ് വഴങ്ങിയാണ് താരം നാല് ഇന്ത്യൻ ബാറ്റർമാരെ പുറത്താക്കിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന് തുടക്കത്തിൽ തന്നെ റഹ്മാനുല്ല ഗുർബാസ് ടി20 വെടിക്കെട്ട് സമ്മാനിച്ചെങ്കിലും 33 പന്തിൽ 41 റൺസുമായി പുറത്തായി. തുടർന്ന് വന്നവരിൽ റഹ്മത്ത് ഷായെ കൂടാതെ സെദിഖത്തുല്ല അത്തലിന്(50 പന്തിൽ 42) മാത്രമാണ് അൽപമെങ്കിലും പിടിച്ചുനിൽക്കാനായത്. ഇന്ത്യക്കു വേണ്ടി അർഷ്ദീപ് സിങ്ങും ഗുർണൂൻ ബ്രാറും മൂന്നു വീതവും പ്രിൻസ് യാദവ് രണ്ടു വിക്കറ്റും വാഷിങ്ടൻ സുന്ദർ ഒരു വിക്കറ്റും വീഴ്ത്തി.
ആദ്യ ഏകദിനത്തിൽ നിന്ന് മൂന്ന് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങിയത്. പ്രിൻസ് യാദവ്, യശസ്വി ജയ്‌സ്വാൾ, കുൽദീപ് യാദവ് എന്നിവർ ആദ്യ ഇലവനിൽ ഇടംപിടിച്ചപ്പോൾ ഹർഷ് ദുബെ, പ്രസിദ്ധ് കൃഷ്ണ, നിതീഷ് കുമാർ റെഡ്ഡി എന്നിവർ പുറത്തായി. പരുക്കിനെ തുടർന്നാണ് നിതീഷ് കുമാർ റെഡ്ഡി ടീമിൽ നിന്ന് മാറിനിന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."