ഒടുവില്‍ സമാധാന വാതില്‍ തുറക്കുന്നു; ട്രംപും പെസെഷ്‌കിയാനും കരാറില്‍ ഒപ്പുവെച്ചു; ഹോര്‍മുസ് ഉടന്‍ തുറക്കും
ടെഹ്‌റാന്‍/ വാഷിങ്ടണ്‍: ഒടുവില്‍ പശ്ചിമേഷ്യ സമാധാനത്തിലേക്ക്. യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രാഥമിക സമാധാന കരാറില്‍ യു.എസിന്റെയും ഇറാന്റെയും നേതാക്കള്‍ ഒപ്പുവെച്ചു. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഒപ്പുവെച്ചതോടെ കരാര്‍ പ്രാബല്യത്തില്‍ വന്നു.കരാറില്‍ ഒപ്പുവെച്ചതായി ഫ്രാന്‍സ് ജി7 ഉച്ചകോടിക്കിടയില്‍ പങ്കെടുക്കവെ ട്രംപ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ രേഖയില്‍ ഒപ്പുവെച്ചതായി ടെഹ്റാനും സ്ഥിരീകരിച്ചു.
അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ സംബന്ധിച്ച 14 ഇന ധാരണാ പത്രം അന്തിമമാക്കിയതായും ഇരുരാജ്യങ്ങളും ഡിജിറ്റലി ഇതില്‍ ഒപ്പുവെച്ചതായും ഇറാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇസ്‌ലാമാബാദ് മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്‍ഡിങ് എന്ന് അറിയപ്പെടുന്ന ഈ ഉടമ്പടി ഇരുരാജ്യങ്ങളുടെയും പ്രസിഡന്റുമാര്‍ അംഗീകരിച്ചതാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഖായി വാര്‍ത്താ ഏജന്‍സിയായ ഇര്‍നയോട് പറഞ്ഞു. ഇനി ഇതിന്റെ നടത്തിപ്പിന്റെ ഘട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഇസ്‌ലാമാബാദ് ധാരണാപത്രം' നിലവില്‍ വന്നതായി പാകിസ്ഥാനും അറിയിച്ചു. നേരത്തെ നിശ്ചയിച്ചിരുന്ന പ്രകാരം വെള്ളിയാഴ്ച സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയില്‍ നടക്കേണ്ടിയിരുന്ന ഒപ്പുവെക്കല്‍ ചടങ്ങ് ഇലക്ട്രോണിക് ഒപ്പിടീലിന് പിന്നാലെ ഒഴിവാക്കിയിരിക്കുകയാണ്.
കരാര്‍ പ്രകാരം എല്ലാ മേഖലകളിലും യുദ്ധം ഉടനടി അവസാനിക്കും. ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കല്‍, ഇറാന്റെ പുനര്‍നിര്‍മ്മാണത്തിനായുള്ള 300 ബില്യണ്‍ ഡോളറിന്റെ (224 ബില്യണ്‍ പൗണ്ട്) പദ്ധതി, ഇറാന്റെ മേലുള്ള 'എല്ലാത്തരം ഉപരോധങ്ങളും' യു.എസ് അവസാനിപ്പിക്കല്‍ എന്നിവ ഈ കരാറില്‍ ഉള്‍പ്പെടുന്നു. ഹോര്‍മുസ് കടലിടുക്ക് വഴി ടോള്‍ ഇല്ലാതെ കപ്പല്‍ ഗതാഗതം പുനരാരംഭിക്കാനും കരാറില്‍ ധാരണയുണ്ട്. മരവിപ്പിച്ച ഇറാനിയന്‍ ആസ്തികള്‍ വിട്ടുകൊടുക്കാനും ധാരണയായിട്ടുണ്ട്. അന്തിമ കരാറിലെത്താന്‍ 60 ദിവസത്തെ സമയപരിധിയും ഉടമ്പടിയിലുണ്ട്. അതേസമയം, ധാരണാപത്രത്തില്‍ ലെബനാനെ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇസ്‌റാഈല്‍ സേന അവിടെ സൈനിക നടപടികള്‍ തുടരുകയാണ്.
അന്തിമ ചര്‍ച്ചകള്‍ നാളെ മുതല്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍
ബേണ്‍: മാസങ്ങളായി തുടരുന്ന സംഘര്‍ഷത്തിന് അന്ത്യം കുറിക്കാന്‍ അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാറിന്റെ ഭാഗമായ അന്തിമ ചര്‍ച്ചകള്‍ നാളെ സ്വിറ്റ്‌സര്‍ലന്‍ഡില്‍ ആരംഭിക്കും. ബര്‍ഗന്‍സ്റ്റോക്ക് റിസോര്‍ട്ടിലാണ് കരാര്‍ ഒപ്പിടല്‍ ചടങ്ങും തുടര്‍ചര്‍ച്ചകളും നടക്കുക. 60 ദിവസത്തെ ചര്‍ച്ചകളിലൂടെ ആണവ പദ്ധതികള്‍, സാമ്പത്തിക ഉപരോധം നീക്കല്‍ എന്നിവയിലടക്കം അന്തിമ തീരുമാനമെടുക്കാനാണ് ലക്ഷ്യമിടുന്നത്.
പാകിസ്ഥാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളിലെ മധ്യസ്ഥരും യു.എസും ഇറാനും ചേര്‍ന്നാണ് സ്ഥലം നിര്‍ദേശിച്ചതെന്നും ചടങ്ങ് സുഗമമായി നടക്കാന്‍ ആവശ്യമായ നയതന്ത്രപരമായ സൗകര്യങ്ങള്‍ ഒരുക്കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്നും സ്വിസ് അധികൃതര്‍ അറിയിച്ചു. യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് ചടങ്ങില്‍ പങ്കെടുക്കും. പ്രസിഡന്റ് ട്രംപും പങ്കെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇറാന്‍ സംഘത്തില്‍ ആരെല്ലാം ഉണ്ടാകുമെന്ന് വ്യക്തമല്ല. മുന്‍കാലങ്ങളില്‍ അമേരിക്ക നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ലെന്ന കാര്യവും കരാറുകള്‍ ലംഘിക്കപ്പെട്ട ചരിത്രവും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഓര്‍മിപ്പിച്ചു.
ഇറാന്റെ ആണവ പദ്ധതികളുമായി ബന്ധപ്പെട്ട വിഷയങ്ങളും അന്താരാഷ്ട്ര നിരീക്ഷകരുടെ സാന്നിധ്യവും ചര്‍ച്ചകളില്‍ പ്രധാന വിഷയമായിരിക്കും. അതേസമയം സമാധാന ശ്രമങ്ങളെ ലബനാനിലെ ഇസ്‌റാഈല്‍ ആക്രമണം അട്ടിമറിക്കുമോ എന്ന ആശങ്കയും ശക്തമാണ്. കരാര്‍ പ്രാബല്യത്തില്‍ വന്നിട്ടും ആക്രമണങ്ങള്‍ നിലച്ചിട്ടില്ല. തെക്കന്‍ ലബനാനിലെ വിവിധ നഗരങ്ങളില്‍ 24 മണിക്കൂറിനുള്ളില്‍ ശക്തമായ വ്യോമാക്രമണങ്ങളാണ് ഇസ്‌റാഈല്‍ സൈന്യം നടത്തിയത്. ലബനാനിലെ നബാത്തിയ, ബിന്ത് ജബീല്‍, ടയര്‍ തുടങ്ങിയ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയതായി ലബനാനിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിഞ്ഞു
ലണ്ടന്‍: അമേരിക്കയും ഇസ്റാഈലും ഇറാനുമായി നടത്തിവന്ന യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറില്‍ ഒപ്പിടാനിരിക്കെ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ (അസംസ്‌കൃത എണ്ണ) വിലയില്‍ വന്‍ ഇടിവ്. യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയും ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുമെന്ന വാര്‍ത്തയുമാണ് എണ്ണവില കുറയാന്‍ കാരണമായത്. മാര്‍ച്ച് ആദ്യത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലവാരത്തിലേക്കാണ് ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില എത്തിയത്.
donald trump and masoud pezeshkian sign a peace agreement aimed at ending regional tensions, with the hormuz strait expected to reopen soon and global oil markets reacting positively.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."