'ദുബൈ-ഇറ്റ്'; വിപ്ലവകരമായ പുതിയ തൊഴിൽ സംസ്കാര പദ്ധതിയുമായി ശൈഖ് മുഹമ്മദ്
ദുബൈ: സർക്കാർ സ്ഥാപനങ്ങളിലും കമ്പനികളിലും അതിവേഗത്തിലുള്ള പ്രവർത്തനങ്ങളും മികവും ലക്ഷ്യമിട്ട് പുതിയ പദ്ധതി പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. "ദുബൈ-ഇറ്റ്" (Dubai-It) എന്ന് പേരിട്ടിരിക്കുന്ന പുതിയ സംരംഭം ദുബൈയുടെ വ്യതിരിക്തമായ തൊഴിൽ സംസ്കാരവും തത്വശാസ്ത്രവും കൂടുതൽ ശക്തമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ്.
ഗുണനിലവാരവും കൃത്യതയും ഒട്ടും ചോർന്നുപോകാതെ, റെക്കോർഡ് വേഗതയിൽ അസാധാരണമായ ഫലങ്ങൾ കൈവരിക്കുക എന്നതാണ് ദുബൈയുടെ പ്രവർത്തന ശൈലിയെന്ന് പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് ശൈഖ് മുഹമ്മദ് വ്യക്തമാക്കി.
പദ്ധതിയുടെ പ്രാധാന്യം വ്യക്തമാക്കി ശൈഖ് മുഹമ്മദ് തന്റെ ഔദ്യോഗിക എക്സ് (X) പ്ലാറ്റ്‌ഫോമിൽ കുറിച്ച വാക്കുകൾ ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു.
"വേഗത എന്നാൽ തിടുക്കമല്ല, ഗുണമേന്മ എന്നാൽ മന്ദതയല്ല, നടപ്പാക്കാതെ അഭിലാഷത്തിന് ഒരു മൂല്യവുമില്ല. 'ദുബൈ-ഇറ്റ്' എന്നാൽ വേഗത്തിലുള്ള നേട്ടം, സൂക്ഷ്മമായ നടപ്പാക്കൽ, കുറഞ്ഞ സമയത്തിനുള്ളിൽ ലോകത്തിന് ദൃശ്യമാകുന്ന ഫലങ്ങൾ എന്നിവയാണ്." ശൈഖ് മുഹമ്മദ് എക്സിൽ കുറിച്ചു.
ഭാവി തലമുറകൾക്കുള്ള വഴികാട്ടി
ദുബൈയുടെ വിജയകരമായ തൊഴിൽ തത്വശാസ്ത്രം ഭാവി തലമുറകളിലേക്ക് കൈമാറുക, സ്ഥാപനങ്ങളിലും ബിസിനസുകളിലും ഇതൊരു സ്ഥിര സംസ്കാരമായി വളർത്തിയെടുക്കുക എന്നിവയാണ് “ദുബൈ-ഇറ്റ്” വഴി ലക്ഷ്യമിടുന്നത്. ഇമാറാത്തിന്റെ അടുത്ത ഘട്ട വളർച്ചയ്ക്കും ആഗോള നേട്ടങ്ങൾക്കും ഈ പദ്ധതി അടിത്തറയായി വർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ഞങ്ങളുടെ മുദ്രാവാക്യം എപ്പോഴും നമ്മൾ ചെയ്യുന്നത് പറയുക, പറയുന്നത് ചെയ്യുക എന്നതാണ്," ശൈഖ് മുഹമ്മദ് വ്യക്തമാക്കി.
വെറുമൊരു മരുഭൂമിയിൽ നിന്നും ആഗോള നഗരമായി മാറിയ ദുബൈയുടെ ചരിത്രം, റെക്കോർഡ് സമയത്തിനുള്ളിൽ അസാധാരണമായ നേട്ടങ്ങൾ കൈവരിച്ചതിന്റെ ഉദാഹരണമാണ്. ഈ നവീകരണവും മത്സരശേഷിയും വരുംതലമുറയിലെ ബിസിനസ്, ടൂറിസം, നിക്ഷേപ മേഖലകളിലേക്ക് പകർന്നു നൽകാൻ "ദുബൈ-ഇറ്റ്" സംരംഭത്തിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
The UAE has unveiled 'Dubai-it', a groundbreaking initiative led by Sheikh Mohammed aimed at transforming workplace culture, employee well-being, and productivity across Dubai.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."