വീട്ടിൽ നിന്നും കൊണ്ടുവരുന്ന ഭക്ഷണം റസ്റ്റോറന്റിൽ ഇരുന്ന് കഴിക്കാനാകില്ല; 'നിയമങ്ങൾ അംഗീകരിക്കാൻ കഴിയില്ലെങ്കിൽ ഇറങ്ങിപ്പോകാം' നിർണായക വിധിയുമായി ഉപഭോക്തൃ കോടതി
മുംബൈ: വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ഭക്ഷണം റസ്റ്റോറന്റിൽ ഇരുന്ന് കഴിക്കാൻ ഉപഭോക്താക്കൾക്ക് അവകാശമില്ലെന്ന് മുംബൈ ഉപഭോക്തൃ കോടതി. സ്വന്തം സ്ഥാപനത്തിനകത്ത് പുറത്തുനിന്നുള്ള ഭക്ഷണം അനുവദിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള പൂർണ്ണ അധികാരം അതത് റസ്റ്റോറന്റുകൾക്കാണെന്ന് മുംബൈ സബർബൻ ഡിസ്ട്രിക്റ്റ് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ വ്യക്തമാക്കി. റസ്റ്റോറന്റ് അധികൃതർ വീട്ടിൽ നിന്നുള്ള ഭക്ഷണം കഴിക്കാൻ അനുവദിച്ചില്ലെന്ന് കാണിച്ച് ഒരു വനിത നൽകിയ പരാതി പൂർണ്ണമായും തള്ളിക്കൊണ്ടാണ് കമ്മിഷന്റെ ഈ നിർണായക ഉത്തരവ്.
ആരോഗ്യപ്രശ്നങ്ങളുള്ള തന്റെ അമ്മായിയമ്മയ്ക്ക് വീട്ടിലെ ഭക്ഷണം മാത്രമേ കഴിക്കാവൂ എന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ടെന്നും, എന്നാൽ റസ്റ്റോറന്റ് അധികൃതർ ഇത് വിലക്കിയെന്നുമാണ് പരാതിക്കാരി കോടതിയെ ബോധിപ്പിച്ചത്. ഇതിനായി ഒരു പാത്തോളജി റിപ്പോർട്ടും ഇവർ ഹാജരാക്കിയിരുന്നു.
എന്നാൽ, ഹാജരാക്കിയ മെഡിക്കൽ റിപ്പോർട്ടിൽ ഇവർക്ക് എന്ത് രോഗമാണെന്നോ, പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കരുതെന്ന് ഏതെങ്കിലും ഡോക്ടർ കർശനമായി നിർദ്ദേശിച്ചിട്ടുണ്ടെന്നോ വ്യക്തമാക്കുന്നില്ലെന്ന് കമ്മിഷൻ നിരീക്ഷിച്ചു. റസ്റ്റോറന്റിലെ ഭക്ഷണം കഴിക്കുന്നത് ആരോഗ്യപരമായി തടഞ്ഞിട്ടുണ്ടെന്നോ, വീട്ടിൽ നിന്നുള്ള ഭക്ഷണം തന്നെ കഴിക്കണമെന്ന് നിർബന്ധമുണ്ടെന്നോ തെളിയിക്കാൻ പര്യാപ്തമായ രേഖകൾ ഹാജരാക്കാൻ പരാതിക്കാരിക്ക് സാധിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഓരോ റസ്റ്റോറന്റിനും അവരുടെ സ്ഥാപനത്തിനുള്ളിലെ നിയമങ്ങൾ നിയന്ത്രിക്കാനും സേവനങ്ങൾക്ക് ന്യായമായ നിബന്ധനകൾ ഏർപ്പെടുത്താനും നിയമപരമായ അവകാശമുണ്ട്. പുറത്തുനിന്നുള്ള ഭക്ഷണം റസ്റ്റോറന്റിനുള്ളിൽ അനുവദിക്കണമെന്ന് നിർബന്ധിക്കുന്ന യാതൊരു നിയമവും രാജ്യത്തില്ലെന്ന് കോടതി ഓർമ്മിപ്പിച്ചു.
അതുകൊണ്ടുതന്നെ പുറത്തുനിന്നുള്ള ഭക്ഷണം വിലക്കുന്നത് റസ്റ്റോറന്റിന്റെ ഭാഗത്തുനിന്നുള്ള സേവനത്തിലെ പോരായ്മയായി കാണാൻ കഴിയില്ല എന്ന് കമ്മിഷൻ ഉത്തരവിൽ വ്യക്തമാക്കി. റസ്റ്റോറന്റിന്റെ പോളിസി എന്താണെന്ന് വ്യക്തമാക്കിക്കഴിഞ്ഞാൽ, അവിടെ ഇരുന്ന് ഭക്ഷണം കഴിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഉപഭോക്താവാണ്. ഹോട്ടലിലെ നിയമങ്ങൾ അംഗീകരിക്കാൻ സാധിക്കില്ലെങ്കിൽ അവിടെനിന്ന് ഇറങ്ങിപ്പോകാനുള്ള പൂർണ്ണ സ്വാതന്ത്ര്യം ഉപഭോക്താവിനുണ്ടെന്നും കമ്മിഷൻ കൂട്ടിച്ചേർത്തു.
the consumer court has dismissed a petition filed against a restaurant that refused to allow a customer to eat home-cooked food inside its premises. the court ruled that every restaurant has the right to regulate its own property and enforce reasonable rules. it added that if customers cannot accept the establishment's policies, they are free to leave, noting that barring outside food does not constitute a deficiency in service.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."