'യുഎഇയുടെ വികസന മാതൃകയ്ക്കുള്ള ആഗോള അംഗീകാരം'; ജി7 ഉച്ചകോടിയിലെ പ്രസിഡന്റിന്റെ പങ്കാളിത്തത്തെക്കുറിച്ച് അൻവർ ഗർഗാഷ്
അബുദബി: ഫ്രാൻസിൽ നടന്ന ജി-7 ഉച്ചകോടിയിൽ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുത്തത് രാജ്യത്തിന്റെ വളരുന്ന സ്വാധീനത്തിനുള്ള ആഗോള അംഗീകാരമാണെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ്. യുഎഇയുടെ പ്രചോദനാത്മകമായ വികസന മാതൃകയ്ക്കും ആഗോള വേദിയിലെ നയതന്ത്ര ശക്തിക്കും ലഭിച്ച വലിയൊരു ആദരമാണ് ഈ ക്ഷണമെന്നും അദ്ദേഹം വ്യക്തമാക്കി.
ജി7 ഫ്രാൻസ് ഉച്ചകോടിയിലെ യുഎഇ പ്രസിഡന്റിന്റെ സാന്നിധ്യം രാജ്യത്തിന്റെ അന്താരാഷ്ട്ര പദവി ഉയർത്തുന്നതാണെന്ന് തന്റെ ഔദ്യോഗിക എക്സ് പ്ലാറ്റ്‌ഫോമിലെ കുറിപ്പിലൂടെ ഡോ. അൻവർ ഗർഗാഷ് വ്യക്തമാക്കി.
ആഗോളതലത്തിൽ യുഎഇ കൈവരിച്ച നേട്ടങ്ങളാണ് ഇത്തരം ഉന്നതതല ഉച്ചകോടികളിലേക്ക് രാജ്യത്തിന് ക്ഷണം ഉറപ്പാക്കുന്നത്. ഈ അന്താരാഷ്ട്ര അംഗീകാരങ്ങൾ വരുംദിവസങ്ങളിൽ കൂടുതൽ വലിയ അഭിലാഷങ്ങളിലേക്കും നേട്ടങ്ങളിലേക്കും കുതിക്കാൻ യുഎഇക്ക് കരുത്തുപകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"അഭിലാഷം, നവീകരണം, നേതൃത്വം എന്നിവയുടെ കൂടുതൽ വെല്ലുവിളി നിറഞ്ഞ പാതയാണ് യുഎഇ എക്കാലത്തും തിരഞ്ഞെടുത്തത്. ഇപ്പോൾ ആ തന്ത്രപരമായ സമീപനത്തിന്റെ പ്രതിഫലം പൂർണ്ണമായ ആത്മവിശ്വാസത്തോടെയും ശുഭാപ്തിവിശ്വാസത്തോടെയും രാജ്യം അനുഭവിക്കുകയാണ്." ഗർഗാഷ് എക്സിൽ കുറിച്ചു.
സമീപ വർഷങ്ങളിൽ അന്താരാഷ്ട്ര തലത്തിലുള്ള തങ്ങളുടെ ഇടപെടലുകൾ യുഎഇ ശക്തമായി വിപുലീകരിച്ചിട്ടുണ്ട്. സാമ്പത്തിക വികസനം, പുനരുപയോഗ ഊർജ്ജം, അത്യാധുനിക സാങ്കേതികവിദ്യ, കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പ്രവർത്തനങ്ങൾ, പ്രാദേശിക സമാധാന നയതന്ത്രം തുടങ്ങിയ നിർണായക മേഖലകളിൽ ആഗോളതലത്തിൽ തന്നെ മുൻപന്തിയിലുള്ള രാജ്യമായി സ്വയം അടയാളപ്പെടുത്താൻ യുഎഇക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Anwar Gargash highlighted the UAE's growing international influence, stating that the President's participation in the G7 Summit reflects global recognition of the country's successful development model and strategic vision.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."