523 ഹിന്ദുത്വ വിദ്വേഷ ഗാനങ്ങള്‍; പ്രോത്സാഹിപ്പിച്ച് മെറ്റയും, ഗൂഗിളും- രണ്ടിലൊന്നും ന്യൂനപക്ഷ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നവ
യൂട്യൂബ്, സ്‌പോട്ടിഫൈ, ആപ്പിള്‍ മ്യൂസിക്, മെറ്റ പ്ലാറ്റ്‌ഫോമുകളിലായി 500ലധികം ഹിന്ദുത്വ പോപ്പ് ഗാനങ്ങള്‍ സ്ട്രീം ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്. മുസ്‌ലിം, ക്രിസ്ത്യന്‍ ജനവിഭാഗങ്ങളെ ലക്ഷ്യംവെച്ചുകൊണ്ടാണ് ഇവയില്‍ പലതും. ഇന്ത്യയിലെ വിദ്വേഷ സംഗീത മേഖലയെ കുറിച്ച് നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തലുകളുള്ളത്.
523 ഹിന്ദുത്വ വിദ്വേഷ ഗാനങ്ങള്‍ ഇത്തരം പ്ലാറ്റ്‌ഫോമുകളില്‍ സ്ട്രീം ചെയ്യപ്പെട്ടെന്നാണ് കണ്ടെത്തല്‍. വിദ്വേഷ ഗാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതില്‍ ഗൂഗിള്‍, മെറ്റ, ആപ്പിള്‍, സ്‌പോട്ടിഫൈ എന്നിവ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.
ആകെ സ്ട്രീം ചെയ്ത 523 ഗാനങ്ങളില്‍ 210 എണ്ണം യൂട്യൂബിലും, 109 എണ്ണം സ്‌പോട്ടിഫൈയിലും ലഭ്യമാണ്. മെറ്റയുടെ മ്യൂസിക് ലൈബ്രറിയില്‍ 103 ഗാനങ്ങളും, ആപ്പിള്‍ മ്യൂസിക്കില്‍ 101 ഗാനങ്ങളും സ്ട്രീം ചെയ്യപ്പെടുന്നു. 59 ഗായകരാണ് ഈ പാട്ടുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
യൂട്യൂബില്‍ പുറത്തിറക്കിയ ഗാനങ്ങള്‍ക്ക് ഇതിനോടകം 198 മില്യന്‍ കാഴച്ചക്കാരുണ്ട്. മെറ്റ മ്യൂസിക് ലൈബ്രറിയിലെ ഗാനങ്ങള്‍ 5.9 മില്യന്‍ ഇന്‍സ്റ്റഗ്രാം റീലുകളില്‍ ഉപയോഗിച്ചിട്ടുണ്ട്. രണ്ടില്‍ ഒരു ഗാനം ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്നവയാണ്. 50 ശതമാനം പാട്ടുകളും നേരിട്ട് വിദ്വേഷം പരത്തുകയും ചെയ്യുന്നു.
25 ഓളം ഹിന്ദുത്വ ഗാനങ്ങള്‍ പുറത്തിറക്കിയ Mayur Musics ന് യൂട്യൂബിന്റെ സില്‍വര്‍ പ്ലേ ബട്ടണ്‍ ലഭിച്ചിട്ടുണ്ട്. 30 ഹിന്ദുത്വ ഗായകരില്‍ 20 പേരുടെയും ഫേസ്ബുക്ക് അക്കൗണ്ടുകള്‍ മോണിറ്റൈസ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവര്‍ക്ക് ഇതില്‍ നിന്ന് വരുമാനം ലഭിക്കുന്നുണ്ടെന്നും പഠനത്തില്‍ പറയുന്നു. ഗായകനായ സന്ദീപ് ആചാര്യയുടെ അക്കൗണ്ട് മൂന്നുതവണ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിട്ടും, അയാളുടെ പേരിലുള്ള 21 ഓളം ഗാനങ്ങള്‍ ഇപ്പോഴും യൂട്യൂബില്‍ ലഭ്യമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
മിക്ക ഗാനങ്ങളിലും വിദ്വേഷ വരികള്‍ക്ക് പുറമെ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന ദൃശ്യങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. റാം മന്ദിര്‍ എന്ന് പേരിട്ട ഗാനത്തില്‍ മുഗള്‍ രാജവംശത്തെ അധിനിവേശക്കാരായിട്ടാണ് ചിത്രീകരിച്ചിട്ടുള്ളത്. സ്ത്രീകളെയും, കുട്ടികളെയും ഉപദ്രവിക്കുന്ന കൊള്ളക്കാരായിട്ടാണ് മുഗള്‍ രാജാക്കന്‍മാരെ ചിത്രീകരിച്ചത്. ഈ ഗാനത്തിന് 9.6 മില്യന്‍ കാഴ്ച്ചക്കാരും, 2.56 ലക്ഷം ലൈക്കും ലഭിച്ചിട്ടുണ്ട്. ബോഗോല്‍ ഹി ബദല്‍ ജായേഗ എന്ന പാട്ടില്‍ വാളുകള്‍ ഉയര്‍ത്തുന്ന ഹിന്ദു വിഭാഗത്തെയാണ് കാണിച്ചിരിക്കുന്നത്. ശത്രുക്കളുടെ തല കൊയ്യാനും, അവരെ ഇല്ലായ്മ ചെയ്യാനുമാണ് ഗാനത്തിലൂടെ ആവശ്യപ്പെടുന്നത്.
''Profiting from the Hate Music: The Role of Youtube, Meta, Spotify, and Apple Music in Hosting and Monetising India's Hate Music Industry' എന്ന പഠനത്തിലാണ് ഇന്ത്യയില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നതില്‍ ഗാനങ്ങള്‍ക്കുള്ള പങ്കിനെ കുറിച്ച് നിര്‍ണായക കണ്ടെത്തലുകളുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."