പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടപ്പോള്‍ ആണ് സുഹൃത്തുക്കള്‍ പ്രതികരിച്ചില്ല
ന്യൂഡല്‍ഹി: അക്രമികള്‍ പീഡിപ്പിക്കുമ്പോള്‍ സഹായത്തിനായി കരഞ്ഞു വിളിച്ചിട്ടും ആണ് സുഹൃത്തുക്കള്‍ തിരിഞ്ഞു നോക്കിയില്ലെന്ന് പെണ്‍കുട്ടികള്‍. ഡല്‍ഹി അമന്വിഹാറില് കഴിഞ്ഞ ദിവസം പീഡനത്തിനിരയായ രണ്ടു പെണ്‍കുട്ടികളാണ് തങ്ങള്‍ക്കുണ്ടായ ദുരവസ്ഥ തുറന്നു പറഞ്ഞത്.
ഡല്‍ഹിയിലെ അമന്വിഹാറിലെ ആളൊഴിഞ്ഞ സ്ഥലത്ത് തങ്ങളുടെ രണ്ട് ആണ്‍സുഹൃത്തുക്കളുമായി ഇരിക്കവെയാണ് അഞ്ചോളം വരുന്ന സംഘം ഇവിടെയെത്തിയത്. വൈകിട്ട് ഏഴരയോടെയാണ് സംഭവം. റോഡില്‍ കാര്യമായ വെളിച്ചം ഉണ്ടായിരുന്നില്ല.
സംഘത്തിന്റെ പെരുമാറ്റം മോശമായപ്പോള്‍ അവിടെ നിന്നും പോകാന്‍ തുനിഞ്ഞെന്നും എന്നാല്‍ ഇതിനുസാധിച്ചില്ലെന്നും അക്രമികള്‍ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടികള്‍ പറയുന്നു.
എന്നാല്‍ കൂടെയുണ്ടായിരുന്ന ആണ് സുഹൃത്തുക്കള്‍ സംഭവത്തിന് ദൃക്സാക്ഷികളായി വെറുതെയിരുന്നതായാണ് പെണ്‍കുട്ടികള്‍ കുറ്റപ്പെടുത്തുന്നത്. സംഘത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഇവര്‍ സഹായിക്കുമെന്നാണ് കരുതിയതെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഇതില്‍ ഒരു ആണ് സുഹൃത്ത് പൊലിസില്‍ തന്റെ മൊഴി രേഖപ്പെടുത്താന്‍ പോലും തയാറായില്ലെന്നും ഇവര്‍ പറഞ്ഞു.
എന്നാല്‍ പെണ്‍കുട്ടികളുടെ കൂടെയുണ്ടായിരുന്ന ആണ്‍സുഹൃത്തുക്കളെ അക്രമി സംഘം മര്‍ദിച്ച ശേഷം ദൂരേക്ക് മാറ്റി നിര്‍ത്തുകയായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്. അഞ്ചംഗ അക്രമി സംഘത്തിലെ നാലു പേര് പിടിയിലായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."