'പ്രിയദർശിനി' പദ്ധതിക്കെതിരായ പൊതുതാൽപര്യ ഹരജി: തെരഞ്ഞെടുപ്പ് വാഗ്ദാനം സർക്കാർ പാലിച്ചതായി കണ്ടുകൂടേ എന്ന് ഹൈക്കോടതി; വിധി മാറ്റിവെച്ചു
തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്നതിനെതിരെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹരജി. എറണാകുളം സ്വദേശിയായ മുഹമ്മദ് ഫിർദൗസാണ് പദ്ധതിക്കെതിരെ കോടതിയെ സമീപിച്ചത്. ജനകീയമായി തുടരുന്ന 'പ്രിയദർശിനി' പദ്ധതിക്കെതിരായ പൊതുതാൽപര്യ ഹരജിയിൽ ഹൈക്കോടതി വിധി പറയുന്നത് മാറ്റി.
പദ്ധതി രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനം മാത്രമായിരുന്നു എന്നാണ് ഹരജിക്കാരന്റെ പ്രധാന വാദം. എന്നാൽ, തെരഞ്ഞെടുപ്പിൽ നൽകിയ വാക്ക് സർക്കാർ പാലിച്ചതായി കണ്ടുകൂടേ എന്ന് കോടതി ഇതിനോട് പ്രതികരിച്ചു. ജനങ്ങൾക്ക് നൽകിയ ഒരു പദ്ധതി പെട്ടെന്ന് നിർത്തലാക്കാൻ എങ്ങനെയാണ് ആവശ്യപ്പെടുക എന്നും കോടതി ചോദിച്ചു.
ലിംഗഭേദം മാത്രം അടിസ്ഥാനമാക്കി യാത്രാസൗജന്യം നൽകുന്നത് ഭരണഘടനാ വിരുദ്ധവും വിവേചനപരവുമാണെന്നും, അതിനാൽ പ്രിയദർശിനി സൗജന്യയാത്രാപദ്ധതി റദ്ദാക്കണമെന്നുമാണ് ഹരജിക്കാരന്റെ പ്രധാന ആവശ്യം.
സ്ത്രീകളുടെ സാമൂഹിക-സാമ്പത്തിക പുരോഗതിയും ശാക്തീകരണവുമാണ് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. കർണാടക, തമിഴ്നാട്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ സമാനമായ പദ്ധതി വിജയകരമായി നടപ്പാക്കിയിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. പദ്ധതി മൂലം കെഎസ്ആർടിസിക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടം നികത്താൻ പ്രതിമാസം 60 കോടി രൂപ വീതം സർക്കാർ നൽകുമെന്നും വ്യക്തമാക്കിയിരുന്നു.
യു.ഡി.എഫ് സർക്കാർ അധികാരമേറ്റ് ഒരു മാസം തികയും മുൻപ് നടപ്പിലാക്കിയ 'ഇന്ദിര ഗ്യാരന്റി'യിലെ ആദ്യ പദ്ധതിയാണിത്. ഈ മാസം 15-നാണ് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്ന ഈ സർവീസ് ആരംഭിച്ചത്. സംസ്ഥാനത്തെ 3,125 ഓർഡിനറി ബസുകളാണ് നിലവിൽ പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി സർവീസ് നടത്തുന്നത്. ഉദ്ഘാടനത്തിന് പിന്നാലെ സംസ്ഥാനത്തുടനീളം പദ്ധതിക്ക് വലിയ സ്ത്രീ പങ്കാളിത്തമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
കേരളത്തിലെ സാധാരണക്കാരായ സ്ത്രീകൾക്കും പെൺകുട്ടികൾക്കും കെഎസ്ആർടിസി ബസിൽ സൗജന്യയാത്ര ഒരുക്കിയത് അവരോടുള്ള ആദരവ് ആയിട്ടാണ് എന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി.ഡി സതീശൻ പദ്ധതിയുടെ ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു.
The Kerala High Court has reserved its verdict on a Public Interest Litigation (PIL) that challenged the state government’s "Priyadarshini" scheme, which provides free travel for women and transgender individuals in ordinary KSRTC buses.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."