യുഎസ്-ഇറാൻ സമാധാന കരാർ; തൊഴിൽ നഷ്ടവും ശമ്പള വെട്ടിക്കുറവും മൂലം പ്രതിസന്ധിയിലായ യുഎഇ പ്രവാസികൾ പുത്തൻ പ്രതീക്ഷയിൽ
ദുബൈ: മാസങ്ങളായി തുടരുന്ന ശമ്പളം വെട്ടിക്കുറയ്ക്കൽ, തൊഴിൽ നഷ്ടം, രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ എന്നിവയ്ക്ക് ശേഷം പ്രഖ്യാപിക്കപ്പെട്ട യുഎസ്-ഇറാൻ സമാധാന കരാർ യുഎഇയിലെ പ്രവാസികൾക്ക് വലിയ ആശ്വാസവും പ്രതീക്ഷയുമാകുമെന്ന് വിലയിരുത്തൽ. ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധം 100 ദിവസത്തിലധികം നീണ്ടുനിന്ന ശേഷമാണ് ജൂൺ 15-ന് സമാധാന കരാർ പ്രഖ്യാപനം ഉണ്ടായത്. ഈ കാലയളവിൽ ഉയർന്ന പ്രവർത്തനച്ചെലവ്, വ്യാപാര റൂട്ടുകളിലെ തടസ്സങ്ങൾ, ടൂറിസം മേഖലയിലെ മന്ദത എന്നിവ യുഎഇയിലെ വിവിധ വ്യവസായങ്ങളെയും സാധാരണക്കാരായ താമസക്കാരെയും സാരമായി ബാധിച്ചിരുന്നു.
യുദ്ധം ഏറ്റവും കൂടുതൽ ബാധിച്ച ഹോസ്പിറ്റാലിറ്റി, ട്രാവൽ മേഖലകളിൽ ജോലി ചെയ്യുന്ന നിരവധി പ്രവാസികളാണ് തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചത്.
യുദ്ധം ടൂറിസം വ്യവസായത്തെ ബാധിച്ചതിനെ തുടർന്ന് ദുബൈ നിവാസിയായ സനീഷിന്റെ സുഹൃദ് വലയത്തിലുള്ള പലർക്കും ജോലി നഷ്ടമായിരുന്നു. അദ്ദേഹത്തിന്റെ ശമ്പളം പ്രതിമാസം 800 ദിർഹമായി കമ്പനി വെട്ടിക്കുറച്ചു. സമാധാന കരാറിന്റെ വാർത്ത വന്നപ്പോൾ ആശ്വാസത്തോടെ കരഞ്ഞുപോയെന്നാണ് സാനീഷ് പറയുന്നത്. വരും മാസങ്ങളിൽ കാര്യങ്ങൾ അനുകൂലമാകുമെന്നും സെപ്റ്റംബറോടെ യുഎഇയിൽ എല്ലാം സാധാരണ നിലയിലാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
മൂന്ന് മാസം മുൻപ് ഒരു ട്രാവൽ ഏജൻസിയിൽ നിന്ന് ജോലി നഷ്ടപ്പെട്ട ഇന്ത്യൻ പ്രവാസിയായ ഇഖ്ബാലിന് ഇതുവരെ മറ്റൊരു ജോലി കണ്ടെത്താനായിട്ടില്ല. നിലവിൽ അധ്യാപികയായ ഭാര്യയുടെ ശമ്പളം മാത്രമാണ് ഏക ആശ്രയം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ മകളെ നഴ്സറിയിൽ നിന്ന് മാറ്റേണ്ടി വന്നു. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതോടെ യാത്രാ വ്യവസായം സജീവമാകുമെന്നും പുതിയൊരു ജോലി ലഭിച്ച് മകളെ വീണ്ടും നഴ്സറിയിൽ ചേർക്കാൻ കഴിയുമെന്നുമാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്.
ജോലി ചെയ്യുന്ന കമ്പനിയിൽ നിന്ന് ആറ് മാസത്തെ നിർബന്ധിത അവധിയിൽ പ്രവേശിക്കേണ്ടി വന്ന ആലിയ, ജീവിതച്ചെലവുകൾക്കായി ക്രെഡിറ്റ് കാർഡ് ലോൺ വരെ എടുക്കേണ്ടി വന്ന സാഹചര്യത്തിലാണ് സമാധാന കരാറിന്റെ വാർത്ത അറിയുന്നത്. വിപണിയിലെ പ്രതിസന്ധി മാറി കമ്പനി ഉടൻ തന്നെ ജോലിയിൽ തിരികെ പ്രവേശിപ്പിക്കുമെന്ന പോസിറ്റീവ് മനോഭാവത്തിലാണ് അവർ ഇപ്പോൾ.
വിദഗ്ധരുടെ വിലയിരുത്തൽ
ഭൗമരാഷ്ട്രീയ മേഖലയിലെ ഈ പുതിയ നല്ല മാറ്റം യുഎഇയിലെ തൊഴിലുടമകളുടെ ആത്മവിശ്വാസം വീണ്ടെടുക്കാൻ സഹായിക്കുമെന്ന് സാമ്പത്തിക രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. പ്രത്യേകിച്ച് വ്യാപാര മേഖലയിൽ നിർത്തിവെച്ചിരുന്ന റിക്രൂട്ട്‌മെന്റ് പദ്ധതികളും പുതിയ തൊഴിൽ അവസരങ്ങളും പുനഃപരിശോധിക്കാൻ കമ്പനികൾക്ക് ഇത് വലിയ പ്രേരണയാകും.
കരാർ ഔദ്യോഗികമായി പ്രാബല്യത്തിൽ വരികയും ഹോർമുസ് കടലിടുക്ക് പൂർണ്ണമായി തുറക്കുകയും ചെയ്യുന്നതോടെ വരും മാസങ്ങളിൽ യുഎഇയിലെ തൊഴിൽ വിപണി പഴയ പ്രതാപത്തിലേക്ക് വേഗത്തിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് പ്രവാസി സമൂഹം.
The US-Iran peace agreement has sparked optimism among UAE expatriates affected by job losses and salary cuts, raising hopes for economic stability, business growth, and improved employment opportunities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."