ബറക്ക ആണവ നിലയം സന്ദർശിച്ച് യുഎഇ എഫ്‌എഎൻആർ മേധാവി; ഡ്രോൺ ആക്രമണത്തെ പ്രതിരോധിച്ച സംഘത്തെ അഭിനന്ദിച്ചു
അബുദബി: യുഎഇയുടെ ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷൻ (FANR) ഡയറക്ടർ ജനറൽ ഹമദ് അൽ കാബി ബറക്ക ആണവ നിലയം സന്ദർശിച്ചു. മെയ് 17-ന് പ്ലാന്റിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, അടിയന്തിര സാഹചര്യത്തോട് ഉടനടി പ്രതികരിക്കുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്ത ദൗത്യസംഘങ്ങളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
സംഭവസമയത്ത് ആണവ നിലയത്തിലെ ജീവനക്കാർ കാഴ്ചവെച്ച ഉയർന്ന തലത്തിലുള്ള പ്രൊഫഷണലിസം, ഏകോപനം, സന്നദ്ധത എന്നിവയെ അദ്ദേഹം പ്രശംസിച്ചു. ആണവ നിലയത്തിന്റെ സുരക്ഷ നിലനിർത്തുന്നതിനും ജീവനക്കാരെയും പൊതുജനങ്ങളെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്നതിനും സഹായിച്ച അടിയന്തര തയ്യാറെടുപ്പുകൾ ഫലപ്രദമായി നടപ്പിലാക്കിയതിനെ അൽ കാബി അഭിനന്ദിച്ചു.
മെയ് 17-ന് ബറക്കയിൽ സംഭവിച്ചത് എന്ത്?
മേഖലയിൽ നിലനിന്നിരുന്ന സംഘർഷങ്ങൾക്കിടയിൽ, മെയ് 17-ന് പടിഞ്ഞാറൻ അതിർത്തി വഴി യുഎഇയിലേക്ക് കടന്ന മൂന്ന് ഡ്രോണുകളെ രാജ്യത്തിന്റെ വ്യോമ പ്രതിരോധ സേന നേരിട്ടിരുന്നു. ഇതിൽ രണ്ട് ഡ്രോണുകൾ വിജയകരമായി തടഞ്ഞു നശിപ്പിച്ചെങ്കിലും, മൂന്നാമത്തേത് ആണവ നിലയത്തിന് സമീപമുള്ള ഒരു ജനറേറ്ററിൽ പതിക്കുകയാണുണ്ടായത്.
അപകടത്തെത്തുടർന്നുണ്ടായ തീപിടുത്തത്തിൽ ആർക്കും പരിക്കേൽക്കുകയോ മറ്റ് വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് അബുദബി മീഡിയ ഓഫീസ് സ്ഥിരീകരിച്ചിരുന്നു. പ്ലാന്റിന്റെ പ്രധാന സംവിധാനങ്ങളുടെ പ്രവർത്തന സന്നദ്ധതയെയോ വികിരണ സുരക്ഷാ നിലവാരത്തെയോ ഈ സംഭവം ബാധിച്ചിട്ടില്ലെന്ന് എഫ്‌എഎൻആർ (FANR) വ്യക്തമാക്കി.
സംഭവത്തിന് പിന്നാലെ ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ ഏജൻസിയായ ഐഎഇഎ (IAEA) ആശങ്ക പ്രകടിപ്പിച്ചെങ്കിലും പ്രദേശത്തെ വികിരണ അളവ് സാധാരണ നിലയിലാണെന്ന് സ്ഥിരീകരിച്ചിരുന്നു. ആണവ നിലയങ്ങളെ ലക്ഷ്യം വെച്ചുള്ള സൈനിക പ്രവർത്തനങ്ങൾ അസ്വീകാര്യമാണെന്ന് ഐഎഇഎ തലവൻ റാഫേൽ ഗ്രോസി വ്യക്തമാക്കിയിരുന്നു.
യുഎഇ നടത്തിയ അന്വേഷണത്തിൽ ഈ ഡ്രോണുകൾ ഇറാഖിൽ നിന്നാണ് എത്തിയതെന്ന് കണ്ടെത്തിയിരുന്നു.
കർശന മേൽനോട്ടവുമായി എഫ്‌എഎൻആർ
സന്ദർശന വേളയിൽ ബറക്കയിലെ നാല് യൂണിറ്റുകളുടെ പ്രവർത്തന നിലയും നിലവിലെ സ്ഥിതിവിശേഷവും മറ്റും ഹമദ് അൽ കാബി അവലോകനം ചെയ്തു. പ്ലാന്റിൽ സ്ഥിരമായി വിന്യസിച്ചിരിക്കുന്ന എട്ട് റസിഡന്റ് ഇൻസ്പെക്ടർമാരുടെ എഫ്‌എഎൻആർ സംഘവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും അവരുടെ നിർണ്ണായകമായ സേവനങ്ങൾക്ക് നന്ദി അറിയിക്കുകയും ചെയ്തു.
The UAE's FANR chief visited the Barakah Nuclear Energy Plant and commended the team that successfully responded to a drone threat, highlighting the facility's strong safety measures.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."