ടെലഗ്രാം പുതിയ 'ഡാര്‍ക്ക് വെബ്'; ഗുരുതര ആരോപണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: സന്ദേശവിനിമയ ആപ്പായ ടെലഗ്രാമിനെതിരേ ഗുരുതര ആരോപണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. ടെലഗ്രാം പുതിയ 'ഡാര്‍ക്ക് വെബായി' മാറിയെന്നും കുറ്റവാളികളും തട്ടിപ്പുകാരും വ്യാപകമായി ഈ പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്യുന്നുണ്ടെന്നും കേന്ദ്രം ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.
ടെലഗ്രാമിലെ ചില ചാനലുകള്‍ക്കും ഉള്ളടക്കങ്ങള്‍ക്കുമെതിരേ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ചോദ്യം ചെയ്ത് ടെലഗ്രാം നല്‍കിയ ഹരജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. തീവ്രവാദ സംഘടനകള്‍, സൈബര്‍ തട്ടിപ്പുകാര്‍, മയക്കുമരുന്ന് കടത്തുകാര്‍ തുടങ്ങിയവര്‍ ടെലഗ്രാമിനെ വ്യാപകമായി ഉപയോഗിക്കുന്നതായി കേന്ദ്രം കോടതിയെ അറിയിച്ചു.
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച, സൈബര്‍ കുറ്റകൃത്യങ്ങള്‍, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍, മയക്കുമരുന്ന് കടത്ത്, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങളുടെ പ്രചരണം, സാമ്പത്തിക തട്ടിപ്പുകള്‍ എന്നിവയ്ക്കായി ടെലഗ്രാം ഉപയോഗിക്കപ്പെടുന്നുവെന്നാണ് കേന്ദ്രത്തിന്റെ ആരോപണം.
മൊബൈല്‍ നമ്പറുകള്‍, ആധാര്‍ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള പൗരന്മാരുടെ സ്വകാര്യ വിവരങ്ങള്‍ തട്ടിപ്പുകാര്‍ ടെലഗ്രാം വഴി കൈമാറുകയും അതുപയോഗിച്ച് സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുകയും ചെയ്യുന്നുവെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ രാജ്യസുരക്ഷയ്ക്ക് തന്നെ വെല്ലുവിളിയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
പകര്‍പ്പവകാശമുള്ള സിനിമകളും വെബ് സീരീസുകളും അനധികൃതമായി പ്രചരിപ്പിക്കുന്ന പ്രധാന വേദികളിലൊന്നായും ടെലഗ്രാം മാറിയിട്ടുണ്ടെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. ഇതുമൂലം സിനിമാവിനോദ മേഖലയ്ക്ക് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
സൈബര്‍ കുറ്റകൃത്യങ്ങളിലൂടെ സമ്പാദിക്കുന്ന പണം കൈമാറുന്നതിനായി ഉപയോഗിക്കുന്ന 'മ്യൂള്‍ ബാങ്ക് അക്കൗണ്ടുകള്‍' വാങ്ങാനും വില്‍ക്കാനും ടെലഗ്രാം ചാനലുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും കേന്ദ്രം ആരോപിച്ചു. ദേശീയ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലില്‍ ടെലഗ്രാം വഴി നടക്കുന്ന തട്ടിപ്പുകളെക്കുറിച്ചുള്ള പരാതികള്‍ ദിനംപ്രതി വര്‍ധിച്ചുവരികയാണെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ടെലഗ്രാമിനെതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളും സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും സംബന്ധിച്ച ഹരജി ഡല്‍ഹി ഹൈക്കോടതി പരിഗണിച്ചുവരികയാണ്. കേസില്‍ കോടതിയുടെ തുടര്‍നടപടികള്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.
The Central Government has raised serious allegations against the messaging app Telegram. The Centre informed the Delhi High Court that Telegram has turned into a new 'dark web' and that criminals and fraudsters are widely misusing the platform.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."