ഹിന്ദുഭൂരിപക്ഷ മേഖലയിൽ ഇറച്ചി വലിച്ചെറിഞ്ഞ സംഭവം: ബുർഖ ധരിച്ചെത്തിയത് ഹിന്ദു യുവതിയെന്ന് പൊലിസ്; പിന്നിൽ വൻ ഗൂഢാലോചനയെന്ന് സൂചന
അഹമ്മദ്‌നഗർ: മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറിൽ കഴിഞ്ഞ ബലിപെരുന്നാൾ ദിനത്തിൽ വർഗീയ സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. ബ്രാഹ്മണ സമുദായാംഗങ്ങൾ കൂടുതലായി താമസിക്കുന്ന 'ബ്രഹ്മൺ ഗല്ലി'യിലെ മാലിന്യക്കൂമ്പാരത്തിൽ ബുർഖ ധരിച്ചെത്തി മാംസം വലിച്ചെറിഞ്ഞത് മുസ്‌ലിം സ്ത്രീയല്ലെന്ന് പൊലിസ് കണ്ടെത്തി.
14 ദിവസത്തോളം നീണ്ടുനിന്ന ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പൊലിസ് തിരിച്ചറിഞ്ഞത്. അഹമ്മദ്‌നഗർ താലൂക്കിലെ കമർ ഗ്രാമം സ്വദേശിനിയായ സ്വാതി വിക്രം ഭോസ്ലെ ആണ് ബുർഖയ്ക്കുള്ളിൽ ഒളിച്ചിരുന്ന ആ 'അജ്ഞാത സ്ത്രീ'.
പെരുന്നാൾ ദിനത്തിൽ ബ്രാഹ്മണ മേഖലയിൽ മാംസം കണ്ടെത്തിയത് പ്രദേശത്ത് വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾക്കും കോലാഹലങ്ങൾക്കും കാരണമായിരുന്നു. മനഃപൂർവ്വം വർഗീയ ലഹള ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് ആരോപിച്ച് ചിലർ രംഗത്തെത്തിയതോടെ പ്രദേശത്ത് കടുത്ത സംഘർഷാവസ്ഥ നിലനിന്നു. എന്നാൽ മുനിസിപ്പൽ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് കോട്‌വാലി പൊലിസ് ഉടൻ തന്നെ സ്ഥലത്തെത്തുകയും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയുമായിരുന്നു.
പരാതി ലഭിച്ചയുടൻ അന്വേഷണം ആരംഭിച്ച പൊലിസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ബുർഖ ധരിച്ച ഒരു സ്ത്രീ മാംസം വലിച്ചെറിയുന്ന ദൃശ്യം കണ്ടത്. തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ 150-ഓളം സിസിടിവി ക്യാമറകൾ പൊലിസ് വിശദമായി പരിശോധിച്ചു. ദൃശ്യങ്ങളിൽ ഈ സ്ത്രീയോടൊപ്പം പ്രത്യക്ഷപ്പെട്ട നിരവധി പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനൊടുവിലാണ് സ്വാതി ഭോസ്ലെയാണ് പ്രതിയെന്ന് പൊലിസ് സ്ഥിരീകരിച്ചത്.
"താൻ ഭിക്ഷാടനം നടത്തിയാണ് ജീവിക്കുന്നത്. പെരുന്നാൾ ദിനത്തിൽ കൂടുതൽ പണം കിട്ടാൻ വേണ്ടിയാണ് ബുർഖ ധരിച്ച് മുസ്‌ലിം പ്രദേശങ്ങളിൽ ഭിക്ഷാടനത്തിന് പോയത്. അവിടെ വെച്ച് ആരോ തനിക്ക് തന്ന മാംസം പിന്നീട് ബ്രഹ്മൺ ഗല്ലിയിലെ മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിക്കുകയായിരുന്നു."
എന്നാൽ യുവതിയുടെ ഈ മൊഴി ശുദ്ധ അസംബന്ധവും സംശയാസ്പദവുമാണെന്ന് ചൂണ്ടിക്കാട്ടി ഉദ്ധവ് താക്കറെ വിഭാഗം ശിവസേന നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ-വർഗീയ ഗൂഢാലോചനയുണ്ടെന്നും ഇതിന്റെ പിന്നണി പ്രവർത്തകരെ പുറത്തുകൊണ്ടുവരണമെന്നും ശിവസേന നേതാവ് കിരൺ കാലെ ആവശ്യപ്പെട്ടു.
ഭിക്ഷാടനത്തിനായി ഒരു ഹിന്ദു യുവതി ബുർഖ ധരിക്കേണ്ട സാഹചര്യം എന്താണ്?, പെരുന്നാൾ ദിനത്തിൽ ഭിക്ഷയായി മാംസം വിതരണം ചെയ്യുന്നത് സാധാരണയായി എവിടെയെങ്കിലും ഉള്ളതാണോ? ഇനി മാംസം വേണ്ടാതിരുന്നെങ്കിൽ അത് വാങ്ങാതിരിക്കുകയോ, മറ്റെവിടെയെങ്കിലും ഉപേക്ഷിക്കുകയോ ചെയ്യാമായിരുന്നില്ലേ? എന്തുകൊണ്ടാണ് കൃത്യമായി ബ്രാഹ്മണർ താമസിക്കുന്ന തെരുവ് തന്നെ ഇതിനായി തിരഞ്ഞെടുത്തത്? യുവതിയുടെ മൊഴിയിലെ വൈരുദ്ധ്യങ്ങൾ ചൂണ്ടിക്കാട്ടി കിരൺ കാലെ നിരവധി ചോദ്യങ്ങൽ മുന്നോട്ട് വച്ചു.
സമുദായങ്ങൾക്കിടയിൽ പരസ്പര വിദ്വേഷവും കലാപവും സൃഷ്ടിക്കാനുള്ള ആസൂത്രിത ശ്രമമാണിതെന്ന് വ്യക്തമാണെന്നും, കേസിന്റെ എല്ലാ വശങ്ങളും പൊലിസ് കൃത്യമായി അന്വേഷിച്ച് യഥാർത്ഥ പ്രതികളെ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടണമെന്നും കിരൺ കാലെ ആവശ്യപ്പെട്ടു.
മുമ്പും പലതവണ വർഗീയ സംഘർഷങ്ങൾക്ക് സാക്ഷ്യം വഹിച്ച അഹമ്മദ്‌നഗറിൽ, പൊലിസിന്റെ സമയോചിതമായ ഇടപെടൽ കൊണ്ട് മാത്രമാണ് പെരുന്നാൾ ദിനത്തിൽ വൻ ദുരന്തം ഒഴിവായത്. സംഭവത്തിൽ ഊർജിതമായ അന്വേഷണം തുടരുകയാണെന്ന് കോട്‌വാലി പൊലിസ് അറിയിച്ചു.
police are investigating a potential communal conspiracy after a woman clad in a burqa was caught throwing pieces of meat in a hindu-majority neighborhood. in a shocking twist, police identification revealed that the suspect is actually a hindu woman who disguised herself to create tension.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."