ആശങ്കകൾക്കൊടുവിൽ നെയ്മർ പരിശീലന മൈതാനത്തേക്ക്; ഹെയ്‌തിക്കെതിരായ മത്സരത്തിൽ കളിച്ചേക്കുമെന്ന് സൂചന
ഫിലാഡൽഫിയ: ലോകകപ്പ് വേദിയിൽ ആദ്യ വിജയത്തിനായി കാത്തിരിക്കുന്ന ബ്രസീൽ ആരാധകർക്ക് ആവേശം പകർന്ന് സൂപ്പർ താരം നെയ്മർ ജൂനിയർ പരിശീലനത്തിലേക്ക് മടങ്ങിയെത്തി. പരിക്കിനെത്തുടർന്ന് നീണ്ട നാളുകളായി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്ന താരം, പൂർണ്ണ കായികക്ഷമത വീണ്ടെടുത്ത് കാനറികളുടെ ക്യാമ്പിൽ സജീവമായിക്കഴിഞ്ഞു. ജൂൺ 19 വെള്ളിയാഴ്ച ഹെയ്തിക്കെതിരെ നടക്കുന്ന ബ്രസീലിന്റെ രണ്ടാം ലോകകപ്പ് മത്സരത്തിൽ നെയ്മർ കളിച്ചേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.
ആൻസലോട്ടിയുടെ തന്ത്രവും അനിശ്ചിതത്വങ്ങളും
2023-ന് ശേഷം പരിക്കുകൾ വിട്ടൊഴിയാത്തതിനാൽ നെയ്മർ ബ്രസീൽ ദേശീയ ടീമിനായി കളിച്ചിരുന്നില്ല. അതിനാൽത്തന്നെ ബ്രസീലിന്റെ ഇറ്റാലിയൻ പരിശീലകൻ കാർലോ ആൻസലോട്ടി പ്രഖ്യാപിച്ച 26 അംഗ അന്തിമ ലോകകപ്പ് ടീമിൽ 34-കാരനായ നെയ്മറെ ഉൾപ്പെടുത്തിയത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ടൂർണമെന്റിന് തൊട്ടുമുമ്പ് കാൽക്കുഴയ്ക്കേറ്റ പരിക്ക് (Calf Injury) വീണ്ടും വില്ലനായതോടെ മൊറോക്കോയ്‌ക്കെതിരായ ബ്രസീലിന്റെ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ നെയ്മർക്ക് കളിക്കാൻ സാധിച്ചിരുന്നില്ല. താരം നോക്കൗട്ട് ഘട്ടത്തിന് മുൻപ് കളിക്കളത്തിലേക്ക് മടങ്ങിയെത്തില്ലെന്ന തരത്തിലുള്ള ആശങ്കാജനകമായ വാർത്തകളായിരുന്നു ഇതിനു മുൻപ് ബ്രസീൽ ക്യാമ്പിൽ നിന്ന് പുറത്തുവന്നിരുന്നത്.
ക്യാമ്പിൽ ആവേശം വിതറി നെയ്മർ മാജിക്
എന്നാൽ എല്ലാ ആശങ്കകളും തള്ളിക്കളഞ്ഞുകൊണ്ട് നെയ്മർ ടീമിനൊപ്പം പന്തുതട്ടുന്ന ദൃശ്യങ്ങൾ പ്രശസ്ത സ്പോർട്സ് ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ പങ്കുവെച്ചു. പരിശീലന മൈതാനത്തേക്ക് മടങ്ങിയെത്തിയ നെയ്മറെ സഹതാരങ്ങളും സപ്പോർട്ട് സ്റ്റാഫും ചേർന്ന് 'ടണൽ സെലിബ്രേഷൻ' (Tunnel of Celebration) ഒരുക്കിയാണ് സ്വീകരിച്ചത്. ഏറെ സന്തോഷവാനായി കാണപ്പെട്ട നെയ്മറുടെ വരവ് സെലെക്കാവോ ക്യാമ്പിലെ മനോവീര്യം ഇരട്ടിയാക്കിയിട്ടുണ്ട്.
റൊമാനോ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ ലോകമെമ്പാടുമുള്ള ആരാധകരാണ് ആവേശകരമായ കമന്റുകളുമായി രംഗത്തെത്തുന്നത്. "ഫുട്ബോൾ വീണ്ടും പൂർണ്ണതയിലെത്തിയിരിക്കുന്നു" എന്ന് കായിക ബ്രാൻഡായ പ്യൂമ ഫുട്ബോളിന്റെ ഔദ്യോഗിക അക്കൗണ്ട് കുറിച്ചപ്പോൾ, നെയ്മറുടെ വരവോടെ ബ്രസീൽ ഇനി ഇത്തവണ ലോകകപ്പിൽ "എല്ലാം നേടുമെന്നാണ്" പ്രമുഖ ഫുട്ബോൾ കണ്ടെന്റ് ക്രിയേറ്ററായ മാറ്റി ഫാരിയസ് കുറിച്ചത്.
ലക്ഷ്യം ഹെയ്തിക്കെതിരായ വിജയം
ഗ്രൂപ്പ് സിയിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ മൊറോക്കോയോട് സമനില വഴങ്ങേണ്ടി വന്ന ബ്രസീലിന് ടൂർണമെന്റിൽ മുന്നേറാൻ ഹെയ്തിക്കെതിരായ മത്സരം നിർണായകമാണ്. ജൂൺ 19 വെള്ളിയാഴ്ച ഫിലാഡൽഫിയയിലെ ലിങ്കൺ ഫിനാൻഷ്യൽ ഫീൽഡിൽ വെച്ചാണ് ഈ പോരാട്ടം നടക്കുക. നെയ്മർ ആദ്യ ഇലവനിൽ ഇറങ്ങിയില്ലെങ്കിലും പകരക്കാരന്റെ റോളിലെങ്കിലും മൈതാനത്തെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."