ഗവിയിലെ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം: കുടുംബത്തിന് 11 ലക്ഷം രൂപ ധനസഹായം; കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് എം.എൽ.എ ഏറ്റെടുക്കും
പത്തനംതിട്ട: ഗവിയിൽ അങ്കണവാടി ജീവനക്കാരി മേനക ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ കുടുംബത്തിന് 11 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കൊല്ലപ്പെട്ട യുവതിയുടെ കുട്ടിയുടെ തുടർപഠന ചെലവുകൾ കോന്നി എം.എൽ.എ കെ.യു. ജനീഷ് കുമാർ വ്യക്തിപരമായി സ്‌പോൺസർ ചെയ്യും. എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്. പ്രദേശവാസികളുടെ സുരക്ഷ മുൻനിർത്തി ഗവിയിലെ പ്രധാന കേന്ദ്രങ്ങളിൽ അടിയന്തരമായി സിസിടിവി ക്യാമറകൾ സ്ഥാപിക്കാനും പുതിയ പൊലിസ് ഔട്ട്‌പോസ്റ്റ് അനുവദിക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
പീഡനശ്രമം നടന്നിട്ടുണ്ടോ? ദുരൂഹത നീക്കാൻ ശാസ്ത്രീയ പരിശോധന
കൊലപാതകത്തിന് മുൻപ് യുവതി പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന കാര്യത്തിൽ പൊലിസിന് സംശയമുണ്ട്. മരണത്തിലെ ദുരൂഹത പൂർണ്ണമായും നീക്കുന്നതിനായി മേനകയുടെ ആന്തരികാവയവങ്ങൾ വിദഗ്ധ പരിശോധനയ്ക്കായി തിരുവനന്തപുരം ഫൊറൻസിക് ലാബിലേക്ക് അയച്ചു. ഇതിന്റെ പരിശോധനാ ഫലം പുറത്തുവരുന്നതോടെ മാത്രമേ ലൈംഗിക അതിക്രമം നടന്നിട്ടുണ്ടോ എന്നതിൽ വ്യക്തത വരൂ. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം ഗവിയിലെത്തിച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെ സംസ്കാര ചടങ്ങുകൾ ആരംഭിച്ചു.
ജൂൺ 18-ന് രാവിലെ എട്ടരയോടെയാണ് സംഭവം നടക്കുന്നത്. വീട്ടിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെയുള്ള അങ്കണവാടിയിലേക്ക് നടന്നുപോവുകയായിരുന്ന മേനകയെ പ്രതിയായ വിനോദ് കുമാർ കാട്ടുപാതയിൽ വെച്ച് പിന്നിലൂടെ എത്തി ബലമായി പിടിച്ചുവെച്ച് കൊലപ്പെടുത്തുകയായിരുന്നു.
യുവതി കൃത്യസമയത്ത് അങ്കണവാടിയിൽ എത്താതിരുന്നതിനെ തുടർന്ന് നാട്ടുകാരും വനപാലകരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് വനത്തിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. കൃത്യം നടത്തിയ ശേഷം വനത്തിലൂടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതി വിനോദിനെ വള്ളക്കടവ് ഫോറസ്റ്റ് ഓഫീസ് ചെക്ക് പോസ്റ്റിൽ വെച്ച് വനപാലകർ തടഞ്ഞുവെച്ച് പിടികൂടുകയായിരുന്നു. കേസിൽ ഒരു ദൃക്‌സാക്ഷി പൊലിസിന് നൽകിയ നിർണായക വിവരമാണ് പ്രതിയെ വേഗത്തിൽ വലയിലാക്കാൻ സഹായിച്ചത്.
പ്രതി വിനോദ് കുമാറിനെ റാന്നി കോടതി റിമാൻഡ് ചെയ്തു. ഇയാളെ നിലവിൽ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലിസ് അറിയിച്ചു.
The government has announced a financial assistance of ₹11 lakh for the family of the Anganwadi worker who was murdered in Gavi. Additionally, the local MLA has promised to personally bear all the educational expenses of the deceased woman's child.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."