'ഓപ്പറേഷൻ തൂഫാൻ': വെള്ളിയാഴ്ച പള്ളികളിൽ ബോധവൽക്കരണം നടത്താൻ ഖത്തീബുമാർക്ക് ജിഫ്‌രി തങ്ങളുടെ ആഹ്വാനം
കോഴിക്കോട്: സംസ്ഥാനത്ത് പടർന്നുപിടിക്കുന്ന ലഹരി മാഫിയയുടെ വേരറുക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിക്ക് സമസ്തയുടെ പൂർണ്ണ പിന്തുണ. പദ്ധതിയുടെ ഭാഗമായി വെള്ളിയാഴ്ചകളിൽ ജുമുഅ നമസ്കാരത്തിന് ശേഷം പള്ളികളിൽ ഖത്തീബുമാർ ലഹരിക്കെതിരെ പ്രത്യേക ബോധവൽക്കരണം നടത്തണമെന്ന് സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ ആഹ്വാനം ചെയ്തു.
കോഴിക്കോട് ഫ്രാൻസിസ് റോഡിലെ സമസ്ത കാര്യാലയത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തങ്ങൾ ഇക്കാര്യം വ്യക്തമാക്കിയത്. ലഹരി വിരുദ്ധ പോരാട്ടത്തിനൊപ്പം സമകാലിക രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി.
പദ്ധതിയെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു: ജിഫ്‌രി തങ്ങൾ
വി.ഡി. സതീശൻ മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷം മന്ത്രിസഭയിലെ ഏറ്റവും മുതിർന്ന അംഗമായ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആവിഷ്കരിച്ച 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയെ മാനസികമായി ഏറെ സന്തോഷത്തോടെയാണ് സമസ്ത സ്വാഗതം ചെയ്തതെന്ന് ജിഫ്‌രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. പദ്ധതി പ്രഖ്യാപിച്ചതു മുതൽ തന്നെ എല്ലാവിധ പിന്തുണയും ആഭ്യന്തരമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
"പ്രായഭേദമന്യേ ചെറുപ്പക്കാരും മധ്യവയസ്കരുമെല്ലാം മയക്കുമരുന്നിന് അടിമപ്പെട്ട് ജീർണ്ണിക്കുന്ന ഒരു അവസ്ഥയാണ് ഇന്ന് സമൂഹത്തിലുള്ളത്. ഇതിനെതിരെ കഴിവിന്റെ പരമാവധി പ്രതിരോധം തീർക്കാൻ നമ്മൾ ശ്രമിക്കണം. സമസ്തയുടെയും അതിന്റെ പോഷക സംഘടനകളുടെയും നേതാക്കളും പ്രവർത്തകരും ഈ പദ്ധതിയുമായി പൂർണ്ണമായി സഹകരിക്കണം. എല്ലാ പള്ളികളിലെയും ഖത്തീബുമാർ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം ഈ വിഷയത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കാൻ പ്രത്യേകമായി ശ്രദ്ധിക്കണം" എന്നും സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
ലഹരി മാഫിയക്കെതിരെയുള്ള പോരാട്ടം കേരളത്തിന്റെ എല്ലാ മുക്കിലും മൂലയിലും എത്തിക്കാൻ സമസ്തയുടെയും പള്ളികളുടെയും ഈ കൂട്ടായ പ്രവർത്തനം വലിയ ഊർജ്ജം പകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജിഫ്‌രി തങ്ങൾ ഇനി 'തൂഫാൻ വാരിയർ'
ലഹരി നിർമാർജന രംഗത്ത് സമസ്ത പണ്ഡിതന്മാരും നേതാക്കളും സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കൂടിക്കാഴ്ചയുടെ ഭാഗമായി ജിഫ്‌രി തങ്ങൾക്ക് അദ്ദേഹം 'തൂഫാൻ വാരിയർ' ബാഡ്ജ് അണിയിച്ചു. ഇതുപോലെ സമൂഹത്തിലെ മറ്റ് പ്രമുഖരെയും പദ്ധതിയുടെ ഭാഗമാക്കി 'തൂഫാന്റെ വാരിയർമാരാക്കി' മാറ്റുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. സമസ്തയുടെ മുതിർന്ന നേതാക്കളും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
Samastha Kerala Jem-iyyathul Ulama President Syed Muhammad Jifri Muthukkoya Thangal has urged Muslim clerics (Khatibs) to use their Friday sermons to conduct awareness campaigns in mosques.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."