മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശനെതിരെ കുറ്റപത്രം സമർപ്പിക്കാൻ വിജിലൻസ് ഡയറക്ടറുടെ അനുമതി
കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യപ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ നിർണായക വഴിത്തിരിവ്. വർഷങ്ങളായി ചുവപ്പുനാടയിൽ കുടുങ്ങിക്കിടന്നിരുന്ന കേസിൽ, അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിന് വിജിലൻസ് ഡയറക്ടർ ഒടുവിൽ അംഗീകാരം നൽകി. ഇതോടെ വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികൾക്ക് വേഗതയേറും.
മൈക്രോഫിനാൻസ് പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തൊട്ടാകെ രജിസ്റ്റർ ചെയ്ത 124 കേസുകളിൽ മൂന്നെണ്ണത്തിന്റെ അന്വേഷണ റിപ്പോർട്ടാണ് വിജിലൻസ് ഡയറക്ടർക്ക് കൈമാറിയിരുന്നത്. ഈ റിപ്പോർട്ടുകൾ വിശദമായി പരിശോധിച്ച ശേഷമാണ് ഇപ്പോൾ കുറ്റപത്രത്തിനായുള്ള അനുമതി നൽകിയിരിക്കുന്നത്.
വിജിലൻസ് ഡയറക്ടറുടെ പച്ചക്കൊടി ലഭിച്ചെങ്കിലും, പ്രതികൾക്കെതിരെ കോടതിയിൽ ഔദ്യോഗികമായി കുറ്റപത്രം ഫയൽ ചെയ്യണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി കൂടി അനിവാര്യമാണ്. ഇതിനായുള്ള അപേക്ഷ വിജിലൻസ് വിഭാഗം ഉടൻ തന്നെ ആഭ്യന്തര വകുപ്പിന് കൈമാറും. സർക്കാർ അനുമതി ലഭിക്കുന്ന മുറയ്ക്ക് കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
സംസ്ഥാന പിന്നാക്ക വികസന കോർപറേഷനിൽ നിന്നും 15 കോടി രൂപ കുറഞ്ഞ പലിശയ്ക്ക് വായ്പയെടുത്ത്, എസ്എൻഡിപി ശാഖകൾ വഴി സാധാരണക്കാർക്ക് ഉയർന്ന പലിശയ്ക്ക് നൽകി സാമ്പത്തിക ക്രമക്കേടും തട്ടിപ്പും നടത്തി എന്നാണ് കേസ്. പാവപ്പെട്ട സ്ത്രീകളെ സഹായിക്കാനെന്ന പേരിൽ തുടങ്ങിയ മൈക്രോഫിനാൻസ് പദ്ധതിയുടെ വായ്പ വിതരണത്തിലും തിരിച്ചടവിലും വലിയ തോതിലുള്ള അഴിമതിയും ക്രമക്കേടും നടന്നതായി നേരത്തെ തന്നെ ആരോപണമുയർന്നിരുന്നു.
പത്തു വർഷത്തോളമായി എങ്ങുമെത്താതെ ഇഴഞ്ഞുനീങ്ങിയിരുന്ന അന്വേഷണത്തിലാണ് വിജിലൻസിന്റെ പുതിയ നീക്കത്തോടെ ഇപ്പോൾ നിർണായക പുരോഗതി ഉണ്ടായിരിക്കുന്നത്. സർക്കാർ പ്രോസിക്യൂഷൻ അനുമതി കൂടി നൽകിയാൽ വരും ദിവസങ്ങളിൽ വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ള പ്രതികൾക്ക് നിയമനടപടികൾ നേരിടേണ്ടി വരും.
The Kerala State Vigilance and Anti-Corruption Bureau Director has officially granted permission to file a chargesheet against SNDP Yogam General Secretary Vellappally Natesan. The case involves alleged financial irregularities, misappropriation of funds, and fraud related to the microfinance scheme managed by the organization.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."