സഊദിയിലെ സ്‌കൂള്‍ പരീക്ഷാ ഫലങ്ങള്‍ നാളെ മുതല്‍; എജൂക്കേഷന്‍ പോര്‍ട്ടലിലും തവക്കല്‍ന ആപ്പിലും ലഭ്യമാകും
റിയാദ്: സഊദിയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ഫലങ്ങള്‍ നാളെ (ജൂണ്‍ 22) മുതല്‍ ഓണ്‍ലൈനായി ലഭ്യമാകും. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ എഡ്യൂക്കേഷന്‍ പോര്‍ട്ടല്‍ (https://www.moe.gov.sa/en/Pages/default.aspx), തവക്കല്‍ന (Tawakkalna) ആപ്പ് എന്നിവ വഴി വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വളരെ എളുപ്പത്തില്‍ ഫലം പരിശോധിക്കാവുന്നതാണ്.
മക്ക, മദീന, ജിദ്ദ, തായിഫ് എന്നീ വിദ്യാഭ്യാസ വകുപ്പുകള്‍ക്ക് കീഴിലുള്ള സ്‌കൂളുകള്‍ ഒഴികെ, സഊദിയിലെ മറ്റ് എല്ലാ മേഖലകളിലെയും ഫലങ്ങള്‍ നാളെ പ്രസിദ്ധീകരിക്കും. ഡിജിറ്റല്‍ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയം ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.
പരീക്ഷാ ക്രമീകരണങ്ങള്‍
എലിമെന്ററി, ഇന്റര്‍മീഡിയറ്റ് വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാമത്തെ സെഷനില്‍ എല്ലാ വിഷയങ്ങള്‍ക്കും കേന്ദ്രീകൃതമായ ബദല്‍ പരീക്ഷകള്‍ എഴുതാന്‍ മന്ത്രാലയം അനുമതി നല്‍കി. മക്ക, മദീന, ജിദ്ദ, തായിഫ് എന്നീ മേഖലകള്‍ ഒഴികെയുള്ള സഊദിയിലെ മറ്റ് എല്ലാ വിദ്യാഭ്യാസ വകുപ്പുകളിലും വരും ചൊവ്വാഴ്ച മുതല്‍ ഈ പരീക്ഷകള്‍ ആരംഭിക്കും.
മക്ക, മദീന, ജിദ്ദ, തായിഫ് എന്നിവിടങ്ങളിലെ സ്‌കൂളുകളില്‍ നിലവിലെ അധ്യയന വര്‍ഷത്തെ രണ്ടാമത്തെ സെമസ്റ്റര്‍ പരീക്ഷകള്‍ ഇന്ന് (ജൂണ്‍ 21, ഞായര്‍) ആരംഭിക്കുകയാണ്. ഈ നാല് മേഖലകളിലായി ഏകദേശം ഇരുപത് ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. സുഗമമായ രീതിയില്‍ പരീക്ഷകള്‍ നടത്തുന്നതിനായി സ്‌കൂളുകളില്‍ വിപുലമായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഓരോ പരീക്ഷയ്ക്കും ശേഷം ഉത്തരക്കടലാസുകള്‍ വേഗത്തില്‍ മൂല്യനിര്‍ണ്ണയം നടത്തി ഫലം 'നൂര്‍' (Noor) ഇലക്ട്രോണിക് സിസ്റ്റത്തില്‍ രേഖപ്പെടുത്തണമെന്നും, പരീക്ഷാ നടപടിക്രമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
English Summary: The Saudi Ministry of Education has announced that school examination results will be accessible electronically starting Monday, June 22, 2026. Students and parents across the Kingdom—with the exception of Makkah, Madinah, Jeddah, and Taif—can view their results via the Education Portal and the Tawakkalna application.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."