നവകേരള 'രക്ഷാപ്രവർത്തനം': കേസ് അട്ടിമറിക്കാൻ നീക്കം നടന്നതായി എസ്.ഐ.ടി; എം.ആർ. അജിത് കുമാറിനെതിരെ ഡിജിപിക്ക് റിപ്പോർട്ട്
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ക്രൂരമായി മർദിച്ച കേസ് അട്ടിമറിക്കാൻ നീക്കം നടന്നതായി പ്രത്യേക അന്വേഷണ സംഘം (SIT). അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന എസ്.പി. ഷൗക്കത്തലി ഇത് സംബന്ധിച്ച നിർണായക റിപ്പോർട്ട് സംസ്ഥാന പൊലിസ് മേധാവിക്ക് (ഡിജിപി) കൈമാറി. കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിന് പിന്നിൽ മുൻ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എം.ആർ. അജിത് കുമാറാണെന്ന ഗുരുതര പരാമർശങ്ങളും റിപ്പോർട്ടിലുണ്ടെന്നാണ് വിവരം.
എഡിജിപിയുടെ ഓഫീസിൽ വെച്ച് റിപ്പോർട്ടുകൾ തിരുത്തി
കേസ് അട്ടിമറിക്കുന്നതിന്റെ ഭാഗമായി ആലപ്പുഴയിലെ അന്വേഷണ ഉദ്യോഗസ്ഥരെ എഡിജിപി തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തിയതായി നേരത്തെ തന്നെ മൊഴികൾ പുറത്തുവന്നിരുന്നു. ഇതിന് അടിവരയിടുന്ന കണ്ടെത്തലുകളാണ് ഇപ്പോൾ പ്രത്യേക അന്വേഷണ സംഘവും നടത്തിയിരിക്കുന്നത്. കോടതിയിൽ സമർപ്പിക്കേണ്ട റിപ്പോർട്ടുകൾ ഉൾപ്പെടെ എഡിജിപിയുടെ ഓഫീസിൽ വെച്ച് തിരുത്തലുകൾ വരുത്തിയാണ് തയ്യാറാക്കിയതെന്ന് അന്വേഷണസംഘം കണ്ടെത്തി. കേസ് അട്ടിമറിക്കാൻ നടന്ന നീക്കങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ സാക്ഷിമൊഴികളും ഡിജിറ്റൽ തെളിവുകളും ശേഖരിച്ച ശേഷമാണ് എസ്.ഐ.ടി ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
2023 ഡിസംബർ 15-നായിരുന്നു കേസിനാസ്പദമായ സംഭവം. നവകേരള യാത്രയ്ക്കിടെ ആലപ്പുഴ ജനറൽ ആശുപത്രി ജംങ്ഷനിൽ വെച്ച് കറുത്ത കൊടി കാണിച്ച പ്രതിഷേധക്കാരെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാരായ അനിൽ കുമാറും സന്ദീപ് എസും ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു. നിലവിലെ ആലപ്പുഴ നിയുക്ത എം.എൽ.എ എ.ഡി. തോമസ് ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കാണ് അന്ന് മർദനമേറ്റത്. ഈ മർദനത്തെ അന്ന് 'രക്ഷാപ്രവർത്തനം' എന്നായിരുന്നു മുഖ്യമന്ത്രി വിശേഷിപ്പിച്ചത്.
ഗുരുതരമായ കണ്ടെത്തലുകൾ അടങ്ങിയ ഈ റിപ്പോർട്ടിന്മേൽ സംസ്ഥാന പൊലിസ് മേധാവി ഇനി എന്ത് തുടർനടപടിയാകും സ്വീകരിക്കുക എന്നാണ് രാഷ്ട്രീയ-ഭരണ വൃത്തങ്ങൾ ഉറ്റുനോക്കുന്നത്.
A Special Investigation Team (SIT) led by SP Shaukathali has submitted a critical report to the Kerala DGP, revealing attempts to derail the investigation into the Navakerala Sadas assault case. The report implicates former ADGP (Law and Order) M.R. Ajith Kumar, alleging that investigating officers from Alappuzha were summoned to his office in Thiruvananthapuram to alter court documents.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."