വിടുവായത്തം നിർത്തി വകുപ്പിനെ ഏകോപനത്തോടെ നയിക്കൂ; ആരോഗ്യമന്ത്രി കെ. മുരളീധരനെതിരേ വിമർശനവുമായി വീണ ജോർജ്
പത്തനംതിട്ട: സംസ്ഥാനത്ത് പകർച്ചവ്യാധികൾ വ്യാപിക്കുന്ന സാഹചര്യത്തിൽ ആരോഗ്യമന്ത്രി കെ. മുരളീധരനെതിരേ രൂക്ഷ വിമർശനവുമായി മുൻ ആരോഗ്യമന്ത്രി വീണ ജോർജ്. വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും, വിടുവായത്തം നിർത്തി ആരോഗ്യവകുപ്പിനെ ഫലപ്രദമായി നയിക്കണമെന്നും വീണ ജോർജ് ആവശ്യപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മുൻ മന്ത്രിയുടെ പ്രതികരണം.
കഴിഞ്ഞ 30 ദിവസത്തിനിടെ സംസ്ഥാനത്ത് പനി ബാധിച്ച് 87 പേർ മരിച്ചെന്നാണ് കണക്കുകൾ. ഈ സാഹചര്യത്തിൽ പകർച്ചവ്യാധി വ്യാപനം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയിരുന്നു.
ഇതിന് മറുപടി പറയുന്നതിനിടെ ആരോഗ്യമന്ത്രി കെ. മുരളീധരൻ നടത്തിയ പരാമർശമാണ് പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചത്. '10 വർഷത്തെ റീൽസും അഞ്ച് വർഷത്തെ വീണമീട്ടലുമാണ് പ്രശ്‌നം' എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. പ്രതിപക്ഷം ഉയർത്തിയ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ കഴിയാതിരുന്നപ്പോഴാണ് മന്ത്രി ഇത്തരം പരാമർശം നടത്തിയതെന്ന് വീണ ജോർജ് കുറ്റപ്പെടുത്തി.
കെ. മുരളീധരന്റെ പഴയ രാഷ്ട്രീയ പ്രസ്താവനകളെയും പരാമർശിച്ചാണ് വീണ ജോർജ് വിമർശനം ശക്തമാക്കിയത്. 'സോണിയ ഗാന്ധിയെ മദാമ്മയെന്നും അഹമ്മദ് പട്ടേലിനെ അലൂമിനിയം പട്ടേലെന്നും വിളിച്ച മുരളീധരനിൽ നിന്ന് ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ഇടയ്ക്കിടെ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുകയാണ്' എന്ന് ഫേസ്ബുക്ക് കുറിപ്പിൽ വീണ ജോർജ് പറഞ്ഞു.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ആരോഗ്യ മേഖലയിലുണ്ടാക്കിയ നേട്ടങ്ങളെയും വീണ ജോർജ് തന്റെ പ്രതികരണത്തിൽ എടുത്തുപറഞ്ഞു. അന്നത്തെ ആരോഗ്യവകുപ്പിനെയും മന്ത്രിയെയും പ്രതിപക്ഷത്തിരുന്ന് ഏറ്റവും കൂടുതൽ ആക്രമിക്കുകയും വിമർശിക്കുകയും ചെയ്തവരിൽ ഒരാളായിരുന്നു ഇന്നത്തെ ആരോഗ്യമന്ത്രിയെന്നും അവർ ആരോപിച്ചു.
'ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് അന്ന് പറഞ്ഞ പല കാര്യങ്ങളും ഇന്ന് ബൂമറാങ് പോലെ തിരിച്ചെത്തുകയാണ്. അന്നത്തെ ആരോപണങ്ങളും വിമർശനങ്ങളും ഇപ്പോൾ അവ ഉന്നയിച്ചവരിലേക്കുതന്നെ തിരിച്ചടിക്കുന്ന സാഹചര്യം കാണാൻ കഴിയുന്നുണ്ട്' എന്നും വീണ ജോർജ് പറഞ്ഞു.
സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷമാകുന്നതിനിടെ ആരോഗ്യമന്ത്രിയും മുൻ ആരോഗ്യമന്ത്രിയും തമ്മിലുള്ള വാക്‌പോരും രാഷ്ട്രീയ വിവാദവും കൂടുതൽ ശക്തമാകുകയാണ്.
Former Health Minister Veena George sharply criticized current Health Minister K. Muraleedharan as infectious diseases spread across the state. She said lack of coordination between departments is causing the current crisis. In a Facebook post, she urged him to stop making empty statements and lead the Health Department effectively.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."