സർക്കാർ ഒരു മാസം പിന്നിട്ടതോടെ പ്രതിപക്ഷം തെരുവിലിറങ്ങുന്നു
കൊച്ചി: യു.ഡി.എഫ് സർക്കാർ ഒരു മാസം പിന്നിട്ടതോടെ ഭരണമാറ്റത്തിന്റെ മധുവിധു കാലഘട്ടത്തിന്റെ പരിഗണന അവസാനിപ്പിച്ച് എൽ.ഡി.എഫ്. സർക്കാരിനെതിരായ എതിർപ്പ് തെരുവിലേക്ക് വ്യാപിപ്പിച്ചുകൊണ്ട് വ്യാപകമായ പ്രതിഷേധത്തിനാണ് ഇടതുപക്ഷത്തിന്റെ നീക്കം. ആദ്യഘട്ടത്തിൽ നിയമസഭയക്കുള്ളിൽ സർക്കാരിനെതിരേ ശക്തമായി ആഞ്ഞടിക്കുന്നതിനൊപ്പം വിദ്യാർഥി യുവജനസംഘടകളെ രംഗത്തിറക്കി സർക്കാരിനെതിരേ സമരത്തിന് തിരികൊളുത്താനാണ് സി.പി.എം തീരുമാനിച്ചതെങ്കിൽ സി.പി.ഐ നേരിട്ട് തന്നെ പ്രത്യക്ഷസമരവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. ഒരു പതിറ്റാണ്ട് സമരം ചെയ്യാതെ ആലസ്യത്തിലായിരുന്ന ഇടതു വിദ്യാർഥി യുവജന സംഘടനകൾ വളരെ ആവേശത്തോടെ എല്ലാ ജില്ലകളിലും സമരം ചെയ്തിരിക്കുന്നത്.
പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം വന്ന യു.ഡി.എഫ് സർക്കാരിനെതിരേ ഭരണത്തിലേറി ഉടൻ തന്നെ സമരവുമായി രംഗത്തെത്തിയാൽ ജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കുമെന്ന വിലയിരുത്തലിലായിരുന്നു തുടക്കത്തിൽ എൽ.ഡി.എഫ് നേതൃത്വത്തിനുണ്ടായിരുന്നത്. എന്നാൽ സർക്കാർ ധവളപത്രം ഇറക്കി കഴിഞ്ഞ സർക്കാരിനെ രാഷ്ടീയമായി പ്രതികൂട്ടിൽ നിർത്തുകയും എൽ.ഡി.എഫ് ഭരണനേട്ടങ്ങളെ പൂർണമായി തിരസ്‌കരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ നിലപാട് മാറ്റാൻ സി.പി.എം നേതൃത്വം തീരുമാനിക്കുകയായിരുന്നു. കൂടാതെ തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്നുള്ള ചർച്ചകൾ താഴെ തട്ടിലേക്ക് നീങ്ങിയിരിക്കുന്ന സാഹചര്യത്തിൽ അഭ്യന്തരപ്രശ്‌നങ്ങളിൽ അണികൾ സജീവമാകുന്നത് തടയാനും ഇക്കാര്യത്തിലുള്ള ജനശ്രദ്ധ തിരിച്ചുവിടാനും സർക്കാരിനെതിരായ സമരങ്ങൾ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തുന്നത്. സ്ത്രീകൾക്ക് സൗജന്യ യാത്ര കെ.എസ്.ആർ.ടി.സി ബസുകളിൽ നൽകുന്ന പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനചടങ്ങ് ഇടതു എം.എൽ.എമാർ ബഹിഷ്‌കരിച്ചുകൊണ്ടാണ് സർക്കാരിനെതിരേയുള്ള പ്രതിഷേധത്തിന് തുടക്കം.
പിന്നാലെ പി.എം ശ്രീയിലെ യു.ഡി.എഫ് സർക്കാരിൻ്റെ നിലപാട് , മദ്യകമ്പനികൾക്ക് നികുതി ഇളവ് നൽകിയ നടപടി, കരിമണൽഖനനം സംബന്ധിച്ച നിലപാട്, വിദ്യാഭ്യാസമേഖലയിലെ വിഷയങ്ങൾ, വിലക്കയറ്റം എന്നിവ ചൂണ്ടികാട്ടിയാണ് ഇപ്പോൾ ഇടതുപാർട്ടികൾ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. ബഹുഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളും യു.ഡി.എഫിന്റെ കൈവശമായതിനാൽ പ്രാദേശിക ജനകീയ വിഷയങ്ങൾ ഉയർത്തി പ്രക്ഷോഭം ശക്തമാക്കാനാണ് സി.പി.എം കീഴ്ഘടകങ്ങൾക്ക് നൽകുന്ന നിർദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."