ഇന്ത്യയില്‍ വമ്പന്‍ നിക്ഷേപത്തിനൊരുങ്ങി ആമസോണ്‍
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഇകൊമേഴ്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലകള്‍ വിപുലീകരിക്കുന്നതിനായി 48 ബില്യണ്‍ ഡോളര്‍ (ഏകദേശം നാലു ലക്ഷം കോടിയിലധികം രൂപ) നിക്ഷേപിക്കുമെന്ന് യു.എസ് ആസ്ഥാനമായ ഇ കൊമേഴ്‌സ് ഭീമന്‍ ആമസോണ്‍. 2030 വരെയുള്ള നാല് വര്‍ഷ കാലയളവിലാണ് ഈ തുക നിക്ഷേപിക്കുക. ഇന്ത്യയിലെത്തിയ ആമസോണ്‍ സി.ഇ.ഒ ആന്‍ഡി ജാസ്സി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പ്രഖ്യാപനം.
മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെ ആമസോണ്‍ വെബ് സര്‍വിസ് (എ.ഡബ്ല്യു.എസ്) ഡാറ്റാ സെന്ററുകളുടെ ശേഷി വര്‍ധിപ്പിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ക്കും തീരുമാനമായി. സ്റ്റാര്‍ട്ടപ്പുകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും നൂതന സാങ്കേതികവിദ്യകള്‍ ലഭ്യമാക്കുന്നതിനായിമാത്രം 21 ബില്യണ്‍ ഡോളറിലധികം ചെലവഴിക്കും. കൂടുതല്‍ ചെറുകിട വ്യവസായങ്ങളെ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് കൊണ്ടുവരുന്നതിനും കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും മുന്‍ഗണന നല്‍കും. നിക്ഷേപത്തിലൂടെ 3.8 ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നാലു ദശലക്ഷം സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദ്യാഭ്യാസം നല്‍കാൻ പദ്ധതിയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 12 ദശലക്ഷം ചെറുകിട വ്യവസായങ്ങളെ ഡിജിറ്റലൈസ് ചെയ്യാനും 20 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി സാധ്യമാക്കാനും ആമസോണിന് സാധിച്ചിട്ടുണ്ട്. 2010 മുതല്‍ 2030 വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ ആമസോണ്‍ നടത്തുന്ന ആകെ നിക്ഷേപം 88 ബില്യണ്‍ ഡോളറായി ഉയരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."