ഒമാനിലെ സുഹാറിൽ യാത്രാബസ് മറിഞ്ഞ് 18 പേർക്ക് പരുക്ക്
മസ്കത്ത്: ഒമാനിലെ സുഹാർ വിലായത്തിലുണ്ടായ ബസ് അപകടത്തിൽ 18 യാത്രക്കാർക്ക് പരുക്കേറ്റു. നോർത്ത് അൽ ബാത്തിന ഗവർണറേറ്റിലെ സുഹാറിലുള്ള ഫലജ് അൽ ഖബൈൽ പ്രദേശത്തുവെച്ചാണ് യാത്രാബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്.
അപകടത്തെക്കുറിച്ച് വിവരമറിഞ്ഞയുടൻ ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ (CDAA) രക്ഷാപ്രവർത്തകരും ആംബുലൻസ് സംഘങ്ങളും സ്ഥലത്തെത്തി അടിയന്തര രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽ പരുക്കേറ്റവർക്ക് സംഭവസ്ഥലത്തുവെച്ചുതന്നെ ആവശ്യമായ പ്രഥമശുശ്രൂഷകൾ നൽകിയതായി അധികൃതർ അറിയിച്ചു.
അപകടത്തിൽപ്പെട്ട ആരുടെയും പരുക്ക് അതീവ ഗുരുതരമല്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ഇവരെ തുടർചികിത്സയ്ക്കായി തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ബസ് മറിയാനുണ്ടായ കൃത്യമായ കാരണം വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് റോയൽ ഒമാൻ പൊലിസും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."