സ്നേഹത്തിൻ്റെ കടുപ്പവും നന്മയുടെ മധുരവുമുള്ള "കാഞ്ഞിരപ്പള്ളിയുടെ ചായ മക്കാനി" ശനിയും ഞായറും
കാഞ്ഞിരപ്പള്ളി: തണലിൻ്റെ ആഭിമുഖ്യത്തിൽ പട്ടിമറ്റം അമാൻ നഗറിൽ ആരംഭിച്ച ഏർലി ഇൻ്റർവെൻഷൻ സെന്ററിന്റെ (ഇ.ഐ.സി) സേവനങ്ങളും ലക്ഷ്യങ്ങളും പൊതുസമൂഹത്തെ അറിയിക്കാനും പ്രവർത്തനങ്ങൾക്ക് ജനപങ്കാളിത്തം ഉറപ്പാക്കാനും ലക്ഷ്യമിട്ട് നടത്തുന്ന "കാഞ്ഞിരപ്പള്ളിയുടെ ചായ മക്കാനി" എന്ന സൗഹൃദ സംഗമ കാമ്പയിൻ ശനി, ഞായർ ദിവസങ്ങളിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പട്ടിമറ്റത്ത് 32,000 സ്ക്വയർ ഫീറ്റിൽ ഒരുങ്ങുന്ന തണൽ സൂപ്പർ സ്പെഷ്യാലിറ്റി ന്യൂറോ റീഹാബിലിറ്റേഷൻ സെന്ററിൻ്റെ ഭാഗമാണ് ഇ.ഐ.സി. ജനനം മുതൽ ആറു വയസ്സു വരെ കുഞ്ഞുങ്ങളിൽ സംസാരം, കേൾവി, ചലനം, പെരുമാറ്റം, ബൗദ്ധിക വളർച്ച എന്നീ കഴിവുകളിൽ പ്രകടമാകുന്ന വൈകല്യങ്ങളെ ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞ്, ശാസ്ത്രീയവും സമഗ്രവുമായ ചികിത്സയും പരിശീലനവും ലഭ്യമാക്കുന്ന സെൻ്ററാണിത്.
സ്പീച്ച് തെറാപ്പി, ഒക്യുപേഷണൽ തെറാപ്പി, ഫിസിയോതെറാപ്പി, ബിഹേവിയറൽ തെറാപ്പി, സ്പെഷ്യൽ എഡ്യൂക്കേഷൻ, ഫാമിലി കൗൺസിലിങ് എന്നിവയാണ് ഇ.ഐ.സിയിൽ സജ്ജമാക്കിയിരിക്കുന്നത്.
"ചായ മക്കാനി" പരിപാടിയുടെ ഭാഗമായി വിവിധ തെറാപ്പികളും സേവനങ്ങളും ഉൾക്കൊള്ളുന്ന ഫോട്ടോ എക്സിബിഷൻ, ഭിന്നശേഷിയുള്ള കുട്ടികളും അവരെ പരിചരിക്കുന്നവരും ജീവിതാനുഭവങ്ങൾ പങ്കുവെക്കുന്ന വേദി, കലാപരിപാടികൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
പരിപാടിയിലേക്ക് 5000 പേരെയാണ് പ്രതീക്ഷിക്കുന്നത്. ഒരേസമയം 400 പേരെ ഉൾക്കൊള്ളാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ശനി ഉച്ച രണ്ട് മുതൽ രാത്രി 9 വരെയും ഞായർ രാവിലെ 9 മുതൽ രാത്രി 9 വരെയുമാണ് പരിപാടി. വാർത്താസമ്മേളനത്തിൽ ഇ.ഐ.സി കൺവീനർ റിയാസ് കാൽടെക്സ്, സ്വാഗതസംഘം ചെയർമാൻ അബ്ദുൽ ഫത്താഹ്, ജനറൽ കൺവീനർ അബുൽ ഫൈസൽ, ജനറൽ കോർഡിനേറ്റർ നജീബ് കാഞ്ഞിരപ്പള്ളി, ജോയൻ്റ് കൺവീനർ സിറാജ് എന്നിവർ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."