സർക്കാരിനെ വെട്ടി ഗവർണർ; കാർഷിക വിസി നിയമനത്തിൽ ഏകപക്ഷീയ നീക്കവുമായി രാജ്ഭവൻ, സജിത റാണിക്ക് ചുമതല
തിരുവനന്തപുരം: സംസ്ഥാന സർക്കാരുമായുള്ള ഭിന്നത വീണ്ടും മറനീക്കി പുറത്ത്. കാർഷിക സർവകലാശാലാ വൈസ് ചാൻസലർ നിയമനത്തിൽ നിർണായക നീക്കവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ രംഗത്ത്. വിസി സ്ഥാനത്തേക്ക് സംസ്ഥാന സർക്കാർ സമർപ്പിച്ച മൂന്നംഗ പാനൽ പൂർണ്ണമായും തള്ളിക്കൊണ്ട് ഗവർണർ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. നിലവിൽ പടന്നക്കാട് കാർഷിക കോളേജ് ഡീൻ ആയ പി. സജിത റാണിയെ പുതിയ വൈസ് ചാൻസലറായി ഗവർണർ നിയമിച്ചു. കാർഷിക വകുപ്പിൽ നിന്ന് ബി. അശോക് മാറിയ ഒഴിവിലാണ് ഈ അടിയന്തര നിയമനം.
കാർഷിക സർവകലാശാലാ ചട്ടപ്രകാരം വിസി നിയമനത്തിൽ സർക്കാരുമായി കൃത്യമായ കൂടിയാലോചനകൾ നടത്തേണ്ടതുണ്ട്. എന്നാൽ ഈ നടപടിക്രമങ്ങളെല്ലാം മറികടന്നാണ് രാജ്ഭവന്റെ ഏകപക്ഷീയമായ നീക്കമെന്നാണ് സൂചണ്. അധ്യാപക പരിഷത്ത് നേതാവ് കൂടിയാണ് സജിത റാണി. ഇതോടെ പുതിയ വിസിയുടെ നിയമനം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിക്കഴിഞ്ഞു.
സർവകലാശാലകളിൽ സംഘ്പരിവാർ അനുകൂലികളെ തിരുകിക്കയറ്റാനുള്ള ഗവർണറുടെ നീക്കത്തിന്റെ ഭാഗമാണ് ഈ നിയമനമെന്ന ആരോപണവുമായി എസ്എഫ്ഐ രംഗത്തെത്തിയിട്ടുണ്ട്. ഗവർണറുടേത് വ്യക്തമായ അധികാര ദുർവിനിയോഗമാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് ഫേസ്ബുക്കിൽ കുറിച്ചു.
വിസി നിയമനത്തിൽ ഗവർണറുടെ നിലപാടിനോടുള്ള പ്രതികരണം എന്താണെന്ന് കൃഷിമന്ത്രി വ്യക്തമാക്കണം. മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ നടത്തിയ കൂടിക്കാഴ്ച ഈ നിയമനത്തെ കൂടുതൽ സംശയത്തിന്റെ നിഴലിലാക്കുകയാണ്. ഈ വിഷയത്തിൽ യുഡിഎഫും തങ്ങളുടെ നിലപാട് വ്യക്തമാക്കാൻ തയ്യാറാകണം എന്നും പി.എസ്. സഞ്ജീവ് കുറിച്ചു
ഗവർണറുടെ ഈ അപ്രതീക്ഷിത നീക്കത്തോടെ സംസ്ഥാന സർക്കാരും രാജ്ഭവനും തമ്മിലുള്ള പോര് വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകാനാണ് സാധ്യത.
In a direct confrontation with the state government, the Governor of Kerala (acting as the Chancellor) has made a unilateral decision regarding the appointment of the Vice Chancellor for the Kerala Agricultural University.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."