മംഗളൂരുവിൽ സ്വർണ വ്യാപാരിയെയും കുടുംബത്തെയും തടഞ്ഞുനിർത്തി കൊള്ളയടിച്ചു, കാറും 180 ഗ്രാം സ്വർണവും കവർന്നു; പ്രതികൾ എത്തിയത് കേരള രജിസ്ട്രേഷൻ വാഹനങ്ങളിൽ
മംഗളൂരു: കർണാടകയിൽ മലയാളി സ്വർണ വ്യാപാരിയെയും കുടുംബത്തെയും തടഞ്ഞുനിർത്തി കാറും സ്വർണവും കവർന്നു. പയ്യന്നൂരിലെ സ്വർണ വ്യാപാരിയും മഹാരാഷ്ട്ര സ്വദേശിയുമായ വികാസും കുടുംബവുമാണ് കവർച്ചയ്ക്ക് ഇരയായത്. മംഗളൂരു സൂറത്കല്ലിന് സമീപം ബൈക്കംപാടിയിൽ ഇന്ന് പുലർച്ചെ 2.15-ഓടെയായിരുന്നു കവർച്ച നടന്നത്.
മഹാരാഷ്ട്രയിലെ സാങ്‌ലിയിൽ സുഹൃത്തിന്റെ വീട്ടിലെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത ശേഷം പയ്യന്നൂരിലേക്ക് മടങ്ങുകയായിരുന്നു വികാസും കുടുംബവും. ഇവർ സഞ്ചരിച്ചിരുന്ന കാർ ബൈക്കംപാടി ജംക്‌ഷനിൽ എത്തിയപ്പോൾ, രണ്ട് കേരള രജിസ്ട്രേഷൻ കാറുകളിലായെത്തിയ ഏഴംഗ സംഘം തടഞ്ഞുനിർത്തുകയായിരുന്നു.
കുടുംബത്തെ ഭീഷണിപ്പെടുത്തുകയും പിന്നാലെ ഇവർ സഞ്ചരിച്ചിരുന്ന കാർ അക്രമിസംഘം തട്ടിക്കൊണ്ടുപോവുകയുമായിരുന്നു. കാറിലെ ബാഗിൽ സൂക്ഷിച്ചിരുന്ന 22 ലക്ഷം രൂപ വിലമതിക്കുന്ന 180 ഗ്രാം സ്വർണവും വാഹനവും ഉൾപ്പെടെയാണ് സംഘം അപഹരിച്ചത്. വികാസിന്റെ പരാതിയിൽ കാണാതായ കാറിനായി പൊലിസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
സംഭവത്തിൽ സൂറത്കൽ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെക്കുറിച്ച് കൃത്യമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നാണ് പൊലിസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. പയ്യന്നൂരിന് പുറമെ മഹാരാഷ്ട്രയിലെ സാങ്‌ലിയിലും വികാസിന് സ്വർണക്കടകളുണ്ട്.
കഴിഞ്ഞ മാസം പയ്യന്നൂരിലും സമാനമായ രീതിയിൽ സ്വർണക്കവർച്ച നടന്നിരുന്നു. അന്ന് തലശ്ശേരിയിലെ മഹാരാഷ്ട്ര സ്വദേശിയായ സ്വർണ വ്യാപാരിയുടെ കാർ തട്ടിക്കൊണ്ടുപോയാണ് സ്വർണവും പണവും കവർന്നത്. ഈ കേസിൽ ഒരാളെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കേസിൽ മറ്റ് പ്രതികൾ ഇപ്പോഴും ഒളിവിലാണ്. പഴയ കേസിലെ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് സമാനമായ രീതിയിൽ വീണ്ടുമൊരു കവർച്ച കൂടി നടന്നിരിക്കുന്നത്. ഇത് ഒരേ ക്രിമിനൽ സംഘത്തിന്റെ ആസൂത്രിതമായ നീക്കമാണോ എന്ന കാര്യവും പൊലിസ് പരിശോധിക്കുന്നുണ്ട്.
A gold merchant and his family were intercepted and robbed by a gang in Mangaluru. The perpetrators, who arrived in Kerala-registered vehicles, forcibly stopped the family and looted their car along with 180 grams of gold jewelry. Local authorities have launched an investigation into the highway robbery to track down the suspects.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."