പ്രമുഖ ഇസ്‌ലാമിക പണ്ഡിതൻ മൗലാന സയ്യിദ് സൽമാൻ ഹുസൈനി നദ്‌വി അന്തരിച്ചു
ലഖ്‌നൗ: പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും ഗ്രന്ഥകാരനും വിദ്യാഭ്യാസ വിചക്ഷണനുമായ മൗലാന സയ്യിദ് സൽമാൻ ഹുസൈനി നദ്‌വി (72) അന്തരിച്ചു. ലഖ്‌നൗവിൽ വെച്ച് തിങ്കളാഴ്ചയായിരുന്നു അന്ത്യം. അസുഖബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം.
1954ൽ ലഖ്‌നൗവിലാണ് സയ്യിദ് സൽമാൻ ഹുസൈനി നദ്‌വി ജനിച്ചത്. പ്രവാചകൻ മുഹമ്മദ് നബി (സ്വ.അ)യുടെ പൗത്രൻ ഇമാം ഹുസൈൻ ഇബ്‌നു അലിയുടെ വംശാവലിയിൽപ്പെട്ട കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമയിൽ നിന്നാണ് ഖുർആൻ മനഃപാഠമാക്കിയതും ഉന്നത പഠനം പൂർത്തിയാക്കിയതും. 1974ൽ നദ്‌വത്തുൽ ഉലമയിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം, 1980ൽ സഊദി അറേബ്യയിലെ ഇമാം മുഹമ്മദ് ഇബ്‌നു സൗദ് ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഹദീസ് പഠനത്തിൽ മാസ്റ്റർ ബിരുദവും നേടി. പ്രശസ്ത പണ്ഡിതൻ ശൈഖ് അബ്ദുൽ ഫത്താഹ് അബൂ ഗുദ്ദയുടെ കീഴിലായിരുന്നു അദ്ദേഹത്തിന്റെ പഠനം.
ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമയിൽ ദഅ്‌വ ആൻഡ് ശരീഅ വിഭാഗം ഡീനായി ദീർഘകാലം സേവനമനുഷ്ഠിച്ചു. കേരളത്തിൽനിന്നുൾപ്പെടെയുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ഗുരുനാഥനായിരുന്നു അദ്ദേഹം. അറബിയിലും ഉർദുവിലും അഗാധ പാണ്ഡിത്യമുണ്ടായിരുന്ന മൗലാന, ഇസ്‌ലാമിക ചരിത്രം, ഹദീസ്, ഫിഖ്ഹ് വിഷയങ്ങളിൽ നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഇംഗ്ലീഷ്, ഉർദു, അറബി, പേർഷ്യൻ ഭാഷകളിൽ പ്രസിദ്ധീകരിച്ചിരുന്ന നിരവധി ജേണലുകളുടെ എഡിറ്ററായും പ്രവർത്തിച്ചു.
വിദ്യാഭ്യാസ മേഖലയിൽ വലിയ സംഭാവനകളാണ് അദ്ദേഹം നൽകിയത്. ഡോ. അബ്ദുൽ അലി ഉനാനി മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ ചെയർമാൻ, കാതോലിയിലെ ദാറുൽ ഉലൂം സയ്യിദ് അഹ്മദ് ശഹീദ് ചാൻസലർ, ജംഇയ്യത്തു ശബാബുൽ ഇസ്‌ലാം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. മെഡിക്കൽ, എൻജിനീയറിംഗ്, ഐ.ടി സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നതിനും അദ്ദേഹം നേതൃത്വം നൽകി.
രാഷ്ട്രീയവും മതപരവുമായ വിഷയങ്ങളിൽ തുറന്നുപറച്ചിലുകൾക്ക് പേരുകേട്ട വ്യക്തിത്വമായിരുന്നു മൗലാന സയ്യിദ് സൽമാൻ ഹുസൈനി നദ്‌വി. മുസ്‌ലിം രാജ്യങ്ങളുടെ നിഷ്‌ക്രിയത്വത്തെയും സാമ്രാജ്യത്വ അധിനിവേശങ്ങളെയും അദ്ദേഹം നിരന്തരം വിമർശിച്ചിരുന്നു. അദ്ദേഹത്തിന്റെ വിയോഗം ഇസ്‌ലാമിക വിജ്ഞാന ശാഖയ്ക്ക് വലിയൊരു നഷ്ടമാണെന്ന് സഹപ്രവർത്തകരും അനുയായികളും അനുസ്മരിച്ചു.
ലഖ്‌നൗവിലെ മലീഹാബാദിൽ വെച്ച് നടന്ന മയ്യിത്ത് നമസ്‌കാരത്തിലും സംസ്‌കാര ചടങ്ങുകളിലും ആയിരക്കണക്കിന് അനുയായികളും ശിഷ്യഗണങ്ങളും പങ്കെടുത്തു. മൗലാനയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി രാജ്യത്തിനകത്തും പുറത്തുനിന്നുമായി നിരവധി പ്രമുഖർ രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."