പോരും പരിഹാസവും; നീറ്റിൽ ഒറ്റക്കെട്ടും; നിയമസഭ കണ്ടത്
മത്സ്യത്തൊഴിലാളി സമാശ്വാസ പദ്ധതിപ്പണം വിതരണം ചെയ്യുന്നില്ലെന്ന് ആക്ഷേപിച്ച്, പ്രതിപക്ഷം ഇടക്കൊന്ന് പിണങ്ങിപ്പിരിഞ്ഞു എന്നതൊഴിച്ചാൽ സഭയുടെ ചിത്രം ഏറെക്കുറെ പ്രകോപനരഹിതമായിരുന്നു. മാത്രമല്ല, കേന്ദ്രത്തിന്റെ നീറ്റ് പരീക്ഷാ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് സർക്കാരിനു വേണ്ടി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ കൊണ്ടുവന്ന ഔദ്യോഗിക പ്രമേയത്തെ പ്രതിപക്ഷം പിന്തുണക്കുകയും ചെയ്തു.
ട്രോളിങ് കാലമായതു കൊണ്ട് മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാനാവുന്നില്ല, പത്തുലക്ഷം കുടുംബങ്ങളാണ് പട്ടിണിയിൽ. ഞങ്ങൾ 4500 രൂപ കൊടുത്തുകൊണ്ടിരുന്നതാണ്. യു.ഡി.എഫ് സർക്കാർ വന്നു, പിന്നെയത് കൊടുത്തില്ല. കടലിൽ വൻ പദ്ധതികൾ പ്രഖ്യാപിക്കുമ്പോൾ യു.ഡി.എഫ് സർക്കാർ തീരദേശത്തെ പാവങ്ങളെ മറക്കുന്നു... ഇങ്ങനെ പോയി അടിയന്തരപ്രമേയം അവതരിപ്പിച്ചു കൊണ്ടുള്ള പ്രതിപക്ഷ അംഗം സജി ചെറിയാന്റെ എണ്ണിപ്പറച്ചിലുകൾ.
തീരദേശ ചുമതലയുള്ള പുതുമുഖ മന്ത്രി സി.ഇ ഗഫൂർ, സജി ചെറിയാന്റെ ആക്ഷേപങ്ങൾക്ക് എണ്ണിയെണ്ണി മറുപടി പറയവേ, വനം മന്ത്രി ഷിബുബേബി ജോൺ വിശദീകരണത്തിന് എഴുന്നേറ്റതും മന്ത്രി ഗഫൂർ വഴങ്ങിയതും വലിയൊരു കുറച്ചിലായി കണ്ടെത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അത് 'മന്ത്രിയുടെ കഴിവു കേടെ'ന്ന പിണറായിയുടെ പരാമർശം സഭയെ ബഹളത്തിൽ മുക്കി. പുതുതായി വന്ന ഒരംഗത്തെക്കുറിച്ച് അങ്ങ് ഒരിക്കലും അങ്ങനെ പറയരുതായിരുന്നുവെന്ന സ്പീക്കറുടെ ആവർത്തിച്ചുള്ള പറച്ചിൽ പ്രതിപക്ഷ നേതാവിനെയും കുഴക്കി.
പിണറായി മുഖ്യമന്ത്രി ആയിരുന്നപ്പോൾ മറ്റു മന്ത്രിമാർ ഇടക്ക് കയറി ഇടപെട്ടതിന് രേഖയുണ്ടെന്ന് പറഞ്ഞ് മുഖ്യമന്ത്രി വി.ഡി സതീശൻ പ്രതിപക്ഷ നേതാവിന് നേരെ തിരിഞ്ഞുവെങ്കിലും താൻ ആരെയും അപമാനിക്കാൻ ഉദ്ദേശിച്ചില്ലെന്ന് പിണറായി തിരുത്തി. മന്ത്രി ഏറെ കഴിവുറ്റ ആളാണെന്ന സാക്ഷ്യപത്രവും നൽകി. അതോടെ വാക്കേറ്റം തണുത്തു. രാജ്യത്ത് നിരന്തരമായി നടക്കുന്ന നീറ്റ് പരീക്ഷാ ക്രമക്കേടുകൾ സംബന്ധിച്ച് നിയമസഭക്കുള്ള ആശങ്കയും പ്രതിഷേധവും അറിയിക്കുന്ന പ്രമേയവുമായി മന്ത്രി റോജി എം. ജോൺ വന്നപ്പോൾ, സഭ അസാധാരണ ഐകമത്യത്തോടെ സർക്കാരിന്റെ കൂടെനിന്നെങ്കിലും ബി.ജെ.പി അംഗം വി. മുരളീധരൻ നൽകിയ ഭേദഗതി തടസമായി. സഭ അത് അംഗീകരിച്ചില്ല. പ്രമേയത്തിന്റെ അവസാന ഭാഗത്തെ 'പരീക്ഷ നടത്തിപ്പിൽ ഏതാനും ചിലർ...' എന്നു തുടങ്ങുന്ന വാക്കുകൾ മാറ്റാനായിരുന്നു ബി.ജെ.പി അംഗത്തിന് വാശി. അവകാശം പറഞ്ഞ് തർക്കിച്ച മുരളീധരനോട് സ്പീക്കർ അൽപം കെർവ് കാണിച്ചു. 'പത്ത് മുപ്പത്തഞ്ചു കൊല്ലം സഭയിലിരുന്ന ആളാണ് ഞാൻ. താങ്കളും പരിചയമുള്ള സാമാജികനാണ്. പിന്നെ എന്തിനു വാശി'. സ്പീക്കർ ഭേദഗതി തള്ളി.
ഹൃദയാവർജക കാഴ്ചകളാൽ സമൃദ്ധമാണ് കേരളം. വിനോദ സഞ്ചാരികളുടെ കൺകുളിർമ. കാഴ്ചക്കാരെ കൊണ്ടുവന്ന് നമുക്ക് പണം വാരാൻ കഴിയും. പക്ഷേ, വീതിയുള്ള റോഡില്ല, പാലമില്ല, ബൈപാസുകളില്ല, സുരക്ഷാ കൈവരികളില്ല. അതുകൊണ്ട് പൊതുമരാമത്ത് മന്ത്രിക്ക് ഇനിയും പത്തു കോടിയെങ്കിലും കൊടുക്കണമെന്ന് പറയുന്നത്, താനൊരു സത്യക്കമ്മ്യൂണിസ്റ്റുകാരനെന്ന് ഇടക്കിടെ അവകാശപ്പെടുന്ന യു.ഡി.എഫ് സ്വതന്ത്രൻ ജി.സുധാകരനാണ്. രണ്ടാം പിണറായി സർക്കാരിന്റെ തിരിച്ചുവരവിന് കാരണം പൊതുമരാമത്ത് വകുപ്പിന്റെ മികവുകൊണ്ടാണെന്ന് അദ്ദേഹത്തിന് തീർച്ചയുമുണ്ട്. കൂട്ടത്തിൽ മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയത്തിലേക്കും അദ്ദേഹം കടന്നു. പാക്കിസ്ഥാനിലേക്ക് പോവാത്ത 22 കോടി മുസ്‌ലിംകളുണ്ട് ഇന്ത്യയിൽ. അവരുടെ ആശ്രയമാണ് ലീഗെന്നും ജിന്ന ഇന്ത്യ വിട്ട് പോയതല്ലെന്നും പാക്കിസ്ഥാനിലേക്ക് അദ്ദേഹത്തെ ഓടിച്ചതാണെന്നും മുതിർന്ന കമ്മ്യുണിസ്റ്റ് നേതാവ് വ്യക്തമാക്കി.
ജി.സുധാകരന്റെ വികസന സ്വപ്നങ്ങളിൽ ചിറകുവിരിച്ചാണ് പൊതുമരാമത്ത് മന്ത്രി പി. കെ ബഷീർ മറുപടി പ്രസംഗം തുടങ്ങിയത്. ആർക്കു വേണമെങ്കിലും എത്രയും റോഡും പാലവും ബൈപാസുമൊക്കെ യഥേഷ്ടം തരാം. മുഖ്യമന്ത്രി, ഇഷ്ടം പോലെ പണവും തന്നിട്ടുണ്ട്. പക്ഷേ, എം.എൽ.എമാർ ഒറ്റ കാര്യമേ ചെയ്യേണ്ടതുള്ളൂ. അപ്രോച്ച് റോഡിന് സ്ഥലം വാങ്ങിക്കൊടുക്കണം. ഇത് പറഞ്ഞാൽ ആരെയും പിന്നെ കാണില്ല. തന്റെ വകുപ്പിൽ വർധിച്ച ആത്മവിശ്വാസം പുലർത്തി പ്രതിപക്ഷത്തിന്റെയടക്കം സഹകരണം ആവശ്യപ്പെട്ട മന്ത്രി, കൂട്ടത്തിൽ അൽപം രാഷ്ട്രീയം പറയാതിരുന്നാലുള്ള അസ്വസ്ഥതയും ഓർമിപ്പിച്ചു. 'പി.എം ശ്രീയാണ് ഇപ്പോൾ പ്രതിപക്ഷം ഉന്നയിക്കുന്ന വലിയൊരു ആരോപണം. അത് നിങ്ങളുടെ കുഞ്ഞല്ലേ? നിങ്ങൾ ഗർഭമുണ്ടാക്കി ഞങ്ങളോട് അലസിപ്പിക്കാൻ പറഞ്ഞാലോ? അതിന്റെ ബാപ്പ നിങ്ങൾ തന്നെയാണ്'.
പട്ടികജാതി-വർഗ സമൂഹങ്ങളെ ഇത്രമേൽ ചേർത്തുപിടിച്ച മറ്റൊരു സർക്കാരിനെ ചരിത്രത്തിന് ഓർക്കാനാവുകയില്ലെന്ന് ഉറച്ച വിശ്വാസത്തിലാണ് മന്ത്രി കെ.എ തുളസി. അവരുടെ തനത് ട്രൈബൽ യൂനിവേഴ്‌സിറ്റി ചരിത്രത്തിലെ ഒരു തെറ്റ് തിരുത്തലാകുമെന്ന് ഉറപ്പുണ്ട് മന്ത്രിക്ക്.
കാർഷിക മേഖലയിൽ ഉണ്ടാക്കാൻ പോകുന്ന പുതിയ കാലത്തിന്റെ കിളച്ചുമറിക്കലിന് താൻ തയാറെടുത്തതായി കൃഷി മന്ത്രി ടി.സിദ്ദീഖ് പറയുന്നുണ്ട്. രോഗമുക്ത കേരളത്തെ വാർത്തെടുക്കണമെങ്കിലും നമ്മുടെ പാരമ്പര്യ കൃഷിയെ പുതിയ രീതികളോടെ തിരിച്ചു വിളിക്കണം. അതിന് കാർഷിക മേഖലയിലേക്ക് യുവത്വം തിരിച്ചുവരണം. അത് പുനരുജ്ജീവിപ്പിക്കുന്നതിന് സ്‌കൂൾതലം തൊട്ട് കതിർ പദ്ധതി തുടങ്ങുകയാണ് കൃഷി മന്ത്രി.
വിവിധ വകുപ്പ് മന്ത്രിമാരായ മോൻസ് ജോസഫ്, കെ.എം ഷാജി, ബിന്ദു കൃഷ്ണ, വി.ഇ അബ്ദുൽ ഗഫൂർ, അനൂപ് ജേക്കബ്, ഷിബു ബേബി ജോൺ, സി.പി ജോൺ, പി.സി വിഷ്ണുനാഥ് എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു.
പ്രതിപക്ഷത്തു നിന്ന് സംസാരിച്ച മുൻ മന്ത്രി കൂടിയായ പി.എ മുഹമ്മദ് റിയാസ് വലിയ ശബ്ദത്തിലാണ് സർക്കാരിന്റെ പുതുനയങ്ങളെ ചോദ്യംചെയ്തത്. യു.ഡി.എഫ് സർക്കാരിന്റെ ബജറ്റ് വിഹിതങ്ങളെടുത്ത്, ഉള്ളി ഉരിയും മട്ടിലായിരുന്നു അപഗ്രഥനം. തെറ്റുതിരുത്താൻ വന്ന സതീശൻ സർക്കാർ തെറ്റുകളുടെ ഘോഷയാത്രയാണ് നടത്തുന്നതെന്നും അത് കൊണ്ട് ഒരു 'തെറ്റ് വകുപ്പ്' തന്നെ സർക്കാർ രൂപവത്കരിക്കണമെന്നും അതിന്റെ ചുമതല മുഖ്യമന്ത്രിക്ക് തന്നെ ആവണമെന്നും റിയാസ് കളിയാക്കി.
എം. വിൻസെന്റ്, പി.പി സുമോദ്, എ.കെ.എം അഷ്‌റഫ്, ഗീതാ ഗോപി, റെജി ചെറിയാൻ, ബി.ബി ഗോപകുമാർ, ഉല്ലാസ് കോവൂർ, പി.കെ പ്രവീൺ, സി.ആർ മഹേഷ്, എം.എം നസീർ, ടി.പി അഷ്‌റഫലി, ജ്യോതികുമാർ ചാമക്കാല, കെ. പ്രേംകുമാർ, ടി.ജെ വിനോദ്, പി.കെ നവാസ്, സേനാപതി വേണു, വിനു ജോബ് കുഴിമണ്ണിൽ, കുറുക്കോളി മൊയ്തീൻ, ഐ.സി ബാലകൃഷ്ണൻ എന്നിവർക്കൊക്കെ അവരവരുടെ മണ്ഡലങ്ങളിലെ വിഷയങ്ങൾ സഭയുടെ മുമ്പിൽ കൊണ്ടുവരാൻ അവസരം ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."