ഫ്രഞ്ച് മാസ്റ്റർ ക്ലാസ്
ഫ്രഞ്ച് പടയോട്ടത്തെ കുറിച്ച് പാഠപുസ്തകങ്ങളില്‍ നമ്മള്‍ പഠിച്ചിട്ടുണ്ടാവും. എന്നാല്‍ കളിക്കളത്തില്‍ അതിപ്പോള്‍ പ്രാവര്‍ത്തികമാക്കുന്നത് മൂവര്‍ സംഘം ചേര്‍ന്നാണ്. ലോകകപ്പ് ഫുട്‌ബോളില്‍ ഫ്രാന്‍സ് മറ്റെല്ലാ ടീമുകളെയും അപേക്ഷിച്ച് കൂടുതല്‍ സന്തുലിതമാണ്. അവരുടെ പ്രകടനം എണ്ണയിട്ട എഞ്ചിന്‍ പോലെയാണ്. വളരെ സ്മൂത്തായി മുന്നേറുന്നതാണ് ആ സംവിധാനം. സ്വീഡനെതിരേ ഫ്രാന്‍സിന്റെ പ്രകടനം ഒരു ക്ലാസിക് ടെക്സ്റ്റ്ബുക്കാണ്. 1998ല്‍ ഫ്രാന്‍സിനെ സിനദിന്‍ സിദാന്‍ എങ്ങനെ നയിച്ചുവോ അതുപോലെയാണ് ഈ ടീമിന്റെ പ്രവര്‍ത്തനവും.
ഫ്രാന്‍സ് ആദ്യ ലോകകപ്പ് നേടുമ്പോള്‍ സിദാന്‍, ദിദിയര്‍ ദെഷാംപ്‌സ്, ലിലിയന്‍ തുറാം, പാട്രിക് വിയേര എന്നിവരുടെ സേവനങ്ങള്‍ വിലമതിക്കാനാവാത്തതായിരുന്നു. ലോകകപ്പ് നേടാനായി പിറന്ന ടീമിനെ പോലെയായിരുന്നു അവരുടെ പ്രകടനം.
അന്ന് ലോക ഫുട്‌ബോളിനെ അടക്കി ഭരിച്ച ബ്രസീലിനെതിരേ ഈ ടീം ഒന്ന് വിയര്‍പ്പൊഴുക്കേണ്ടതായി പോലും വന്നിരുന്നില്ല. ടീം ഗെയിമിങ് പിന്നീട് ഫ്രാന്‍സിന് നഷ്ടമായിരുന്നു. എന്നാല്‍ 2006ല്‍ അവരത് തിരിച്ചുപിടിച്ചിരുന്നു. 2018 തൊട്ട് അവര്‍ കളിക്കുന്ന ഫുട്‌ബോള്‍ ടീം ഗെയിമിങ്ങിന്റെ ഏറ്റവും പുതിയ രീതിയിലാണ്. സ്വീഡനെതിരേ ഒരിക്കല്‍ കൂടി വിജയമൊരുക്കിയത് മൈക്കിള്‍ ഒലിസെ, ഉസ്മാന്‍ ഡെംബലെ, കിലിയന്‍ എംബാപ്പെ എന്നീ മൂവര്‍ സംഘമാണ്. ഇതില്‍ ഒലിസെയുടെ പ്രകടനം എടുത്ത് പറയേണ്ടതാണ്. ടീമിന്റെ മധ്യനിരയില്‍ നിന്ന് ആക്രമണങ്ങളെ ഏകോപിപ്പിക്കുന്നതില്‍ ഒലിസെ കാണിച്ച മികവാണ് ഫ്രാന്‍സിന്റെ മൂന്ന് ഗോളിനും വഴിയൊരുക്കിയത്.
മാന്ത്രിക കാലുകളുള്ള മായാജാലക്കാരന്‍ എന്ന് ഒലിസെയെ വിശേഷിപ്പിക്കാം. ടീമിലെ വലിയ മാറ്റങ്ങള്‍ക്ക് കൂടിയാണ് പരിശീലകന്‍ ദെഷാംപ്‌സ് തുടക്കമിട്ടിരിക്കുന്നത്. പ്രതിരോധവും മധ്യനിരയും കളി നിയന്ത്രിക്കുന്ന എന്നാല്‍ അമിത ആക്രമണമില്ലാത്ത രീതിയായിരുന്നു ദെഷാംപ്‌സ് പിന്തുടര്‍ന്നത്. ഇത്തവണ എംബാപെ, ഡെംബലെ, ഒലിസെ എന്നിവരെ ആക്രമണത്തിലേക്ക് കൊണ്ടുവന്ന് ടീമിനെ പൊളിച്ച് പണിതിരിക്കുകയാണ് അദ്ദേഹം. ഇവര്‍ ഒത്തൊരുമയോടെ കളിക്കുന്നത് മറ്റ് താരങ്ങള്‍ക്കും പ്രചോദനമാണ്.
റൈറ്റ് ബാക്കില്‍നിന്ന് ജൂള്‍സ് കുണ്ടെയ്ക്ക് മികച്ച പ്രകടനം നടത്താനുള്ള മാര്‍ഗം കണ്ടെത്തിയതും ദെഷാംപ്‌സാണ്. എംബാപ്പെ 20ാം മിനുട്ടില്‍ അടിച്ച ഗോള്‍ ഓഫ്‌സൈഡായതില്‍നിന്നാണ് എല്ലാത്തിന്റെയും തുടക്കം. പിന്നീങ്ങോട്ട് ഫ്രഞ്ച് പട ഇരച്ചുകയറുന്നതാണ് കണ്ടത്. അഡ്രിയാന്‍ റാബിയറ്റിന്റെ അപകടകരമായ ഷോട്ടുകള്‍ പോസ്റ്റിന് പുറത്തേക്ക് പോയി. ഒലിസെയുടെ നിരന്തരമുള്ള പ്രെസിങ്ങുകളും പാസുകളും സ്വീഡനെ സമ്പൂര്‍ണമായി നിഷ്പ്രഭമാക്കുകയായിരുന്നു. പ്രതിരോധത്തില്‍ അവരുടെ പിഴവുകള്‍ പ്രകടമായെങ്കിലും സ്വീഡനില്‍നിന്ന് വലിയ വെല്ലുവിളി നേരിടേണ്ടി വരില്ലെന്ന് അറിയാവുന്നത് കൊണ്ട് ആക്രമണത്തിനാണ് ടീം കൂടുതല്‍ ശ്രമിച്ചത്.
ഒലിസെയാണ് ഈ ആക്രമണത്തിന് ചുക്കാന്‍ പിടിക്കുന്നത്. അഞ്ച് അസിസ്റ്റുകളാണ് ഈ ലോകകപ്പില്‍ ഒലിസെ നടത്തിയത്. ആദ്യ മത്സരത്തിന്റെ ആദ്യ പകുതിയില്‍ നിറം മങ്ങിപ്പോയ ശേഷമാണ് ഒലിസെ എന്ന മജീഷ്യന്റെ തിരിച്ചുവരവ് സംഭവിച്ചത്. ഇതിനെല്ലാം വഴിയൊരുക്കിയത് ദെഷാംപ്‌സിന്റെ മാറ്റങ്ങളാണ്.
മധ്യനിരയില്‍ നിന്ന് ആക്രമണങ്ങള്‍ ഏകോപിപ്പിക്കുന്ന ഒലിസെയുടെ ശൈലി സ്വാതന്ത്ര്യത്തോടെ കളിക്കാന്‍ അദ്ദേഹത്തിന് വഴിയൊരുക്കുന്നുണ്ട്. മൈക്കിള്‍ കളിക്കുന്നത് അസാധ്യ ഫുട്‌ബോളാണ്. ജീവിതത്തില്‍ അന്തര്‍മുഖനാണെങ്കിലും കളിക്കളത്തില്‍ വിസ്മയിപ്പിക്കുന്നവനാണെന്ന വിശേഷണവും ദെഷാംപ്‌സ് മത്സരശേഷം ഒലിസെയ്ക്ക് നല്‍കിയിട്ടുണ്ട്. ഇനിയങ്ങോട്ട് ഈ മൂവര്‍ സഖ്യത്തെ പൂട്ടിയാല്‍ മാത്രമേ ഈ ലോകകപ്പിലെ ഏതെങ്കിലും ടീമിന് കിരീടം എന്ന മോഹത്തിലേക്ക് എത്താനാവൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."