ഇന്ധനവില കുറയണമെങ്കിൽ കുറച്ചുമാസങ്ങൾകൂടി കാത്തിരിക്കണം: മുൻകാല നഷ്ടം നികത്താതെ വില കുറയ്ക്കില്ലെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി
ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞെങ്കിലും രാജ്യത്ത് പെട്രോൾ, ഡീസൽ വില പെട്ടെന്ന് കുറയ്ക്കാനാകില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി. ഇന്ധനവില കുറയ്ക്കുന്ന കാര്യത്തിൽ പൊതുമേഖലാ എണ്ണക്കമ്പനികളാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.
കമ്പനികളുടെ മുൻകാല നഷ്ടം നികത്തിയ ശേഷം മാത്രമേ വില കുറയ്ക്കുന്ന കാര്യം പരിഗണിക്കാൻ സാധിക്കൂവെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ആഗോള വിപണിയിലെ വിലയിടിവ് സ്ഥിരത കൈവരിക്കുകയാണെങ്കിൽ വരും ദിവസങ്ങളിൽ ഇന്ധനവില കുറഞ്ഞേക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. നിലവിലെ ആഗോള സാഹചര്യങ്ങൾ സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
സാധാരണയായി രണ്ടു മാസങ്ങൾക്ക് മുമ്പ് വാങ്ങുന്ന എണ്ണയുടെ വിലയെ അടിസ്ഥാനമാക്കിയാണ് നിലവിലെ വിപണി വില നിശ്ചയിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായ സമയത്ത് ഉയർന്ന വിലയ്ക്ക് വാങ്ങിയ എണ്ണയാണ് കമ്പനികൾ ഇപ്പോൾ സംസ്കരിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ അന്താരാഷ്ട്ര വിപണിയിലെ ഇപ്പോഴത്തെ വിലക്കുറവ് പെട്ടെന്ന് രാജ്യത്തെ പെട്രോൾ പമ്പുകളിൽ പ്രതിഫലിക്കില്ല.
പശ്ചിമേഷ്യൻ സംഘർഷ സമയത്ത് അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് വില വീപ്പയ്ക്ക് 120 ഡോളർ വരെ ഉയർന്നപ്പോഴും രാജ്യത്ത് ഇന്ധനവില വർദ്ധിപ്പിച്ചിരുന്നില്ല. ഇത് കാരണം പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് പ്രതിദിനം 2,400 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
ജൂൺ 30 വരെയുള്ള കാലയളവിൽ മാത്രം കമ്പനികൾക്ക് 74,781 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. ഈ വൻ സാമ്പത്തിക നഷ്ടം കമ്പനികൾ തന്നെ ഏറ്റെടുത്തതുകൊണ്ടാണ് ആഗോള വിപണിയിൽ വില ഉയർന്നപ്പോഴും ഇന്ത്യയിൽ വലിയ തോതിൽ വിലക്കയറ്റം ഉണ്ടാകാതിരുന്നത്.
വില സംഭരണത്തിലെയും സംസ്കരണത്തിലെയും സങ്കീർണ്ണതകൾ കാരണം അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവിന്റെ ഗുണം ഉപഭോക്താക്കൾക്ക് ലഭിക്കാൻ ഇനിയും കുറച്ചു മാസങ്ങൾ ഇതേ നിരക്ക് തുടരേണ്ടതുണ്ട്. എങ്കിലും ആഗോള പ്രതിസന്ധികൾക്കിടയിലും രാജ്യത്ത് ഇന്ധനവില കുതിച്ചുയരാതെ നിയന്ത്രിക്കാൻ സർക്കാരിന് സാധിച്ചതായി മന്ത്രി അവകാശപ്പെട്ടു.
ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്ധനക്ഷാമം നേരിട്ടപ്പോഴും ഇന്ത്യയിൽ ഒരിടത്തും തടസ്സമുണ്ടായില്ല. വികസിത രാജ്യങ്ങളായ യു.എസ്, കാനഡ എന്നിവിടങ്ങളിൽ ഇന്ധനവില 40 മുതൽ 50 ശതമാനം വരെ വർധിച്ചപ്പോൾ ഇന്ത്യയിൽ ഇത് കേവലം 11 ശതമാനം മാത്രമായിരുന്നു. അയൽരാജ്യങ്ങളായ പാകിസ്താൻ, ശ്രീലങ്ക എന്നിവിടങ്ങളിൽ വില കുത്തനെ ഉയർന്ന സാഹചര്യത്തിലും ഇന്ത്യയിൽ വിലക്കയറ്റം കുറഞ്ഞ നിരക്കിൽ നിലനിർത്താൻ സാധിച്ചതായും ഹർദീപ് സിംഗ് പുരി വ്യക്തമാക്കി.
Union Minister Hardeep Singh Puri stated that consumers will have to wait a few more months for a reduction in fuel prices. He clarified that oil marketing companies will not lower fuel rates until they completely recover the financial losses they incurred in the past.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."